വിൻസൺ മാസിഫും ദക്ഷിണ ധ്രുവവും കീഴടക്കി ശൈഖ അസ്മയുടെ സാഹസികയാത്ര
text_fieldsദോഹ: കഴിഞ്ഞവർഷം ഒരുപിടി കൊടുമുടികൾ കീഴടക്കി ഖത്തറിന്റെ പേരും പെരുമയും ആകാശത്തോളമെത്തിച്ച ശൈഖ അസ്മ ആൽഥാനി പുതുവർഷത്തിലും ഉയരങ്ങൾ കീഴടക്കി ജൈത്രയാത്ര തുടരുന്നു. അന്റാർട്ടിക്കയിലെ ഏറ്റവും ഉയരമേറിയ വിൻസൺ മാസിഫാണ് കഴിഞ്ഞ ദിവസങ്ങളിൽ ശൈഖ അസ്മ കാൽകീഴിലാക്കിയത്. 4892 മീറ്റർ ഉയരത്തിൽ, മഞ്ഞണിഞ്ഞ് കണ്ണഞ്ചിപ്പിക്കും കാഴ്ചകളോടെ കാത്തിരിക്കുന്ന വിൻസൺ മാസിഫ് കീഴടക്കിക്കൊണ്ട് അസ്മ ഇൻസ്റ്റയിൽ കുറിച്ചത് ഇങ്ങനെ 'ഹലോ ഫ്രം വിൻസൺ മാസിഫ്... 2021 എന്തൊരു മഹത്തായ വർഷം'. കഴിഞ്ഞ വർഷത്തിൽ സ്വപ്നങ്ങളിൽനിന്ന് സ്വപ്നങ്ങളിലേക്ക് സാഹസിക ജൈത്രയാത്ര നടത്തി ഒരുപിടി കൊടുമുടികൾ കീഴടക്കിയാണ് ഖത്തറിന്റെ കരുത്തയായ വനിതയുടെ കുതിപ്പ്. അന്റാർട്ടിക്കയിലെ ഏറ്റവും ഉയരമേറിയ കൊടുമുടി കീഴടക്കി അവസാനിച്ചില്ല ശൈഖ അസ്മയുടെ സാഹസികത.
117 മീറ്റർ മഞ്ഞിലൂടെ സീകിയിങ് നടത്തിയായിരുന്നു ദക്ഷിണ ധ്രുവത്തിലെത്തുന്നത്. ദക്ഷിണ ധ്രുവം താണ്ടി, മൗണ്ട് വിൻസൺ കീഴടക്കിയ ആദ്യ ഖത്തരി വനിതയെന്ന റെക്കോഡും ഇവർ സ്വന്തമാക്കി. 2022 പുതുവർഷം ഞങ്ങൾ ഒരു വനിതയുടെ ചരിത്ര നേട്ടത്തിലൂടെ ആഘോഷമാക്കി എന്ന പ്രഖ്യാപനത്തോടെയായിരുന്നു ഖത്തർ ഒളിമ്പിക് കമ്മിറ്റി ശൈഖ അസ്മയുടെ നേട്ടത്തെ സ്വാഗതംചെയ്തത്. 'അന്റാർട്ടിക്കയിലെ ഞങ്ങളുടെ സാഹസിക യാത്രകൾ വിൻസണിൽ അവസാനിച്ചില്ല. ശേഷം, ഞങ്ങൾ ദക്ഷിണധ്രുവത്തിലേക്ക് ലാസ്റ്റ് ഡിഗ്രി സ്കീയിങ് നടത്തി. 89 ഡിഗ്രി തെക്ക് നിന്ന് ദക്ഷിണധ്രുവത്തിലേക്കുള്ള ദൂരത്തിന്റെ അവസാന അക്ഷാംശത്തിലൂടെയുള്ള യാത്രയാണ് ലാസ്റ്റ് ഡിഗ്രി' -ചരിത്ര യാത്രക്കുശേഷം ശൈഖ അസ്മ പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന നേപ്പാളിൽനിന്നുള്ള പർവതാരോഹക സംഘം ആദ്യമായ ദക്ഷിണ ധ്രുവത്തിൽ തങ്ങളുടെ ദേശീയപതാക സ്ഥാപിക്കുന്നതിനും സാക്ഷ്യം വഹിക്കാൻ കഴിഞ്ഞുവെന്ന് അസ്മ വെളിപ്പെടുത്തുന്നു. നേപ്പാൾ സാഹസികൻ നിർമൽ പുർജയുടെ നേതൃത്വത്തിലാണ് ശൈഖ അസ്മയുടെ യാത്രകൾ. കഴിഞ്ഞ വർഷം, അമ ദബ്ലം, ദൗലഗിരി, മൗണ്ട് മനാസ്ലു തുടങ്ങിയ കൊടുമുടികൾ ഇവർ കീഴടക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.