ശൈഖ് മുഹമ്മദ് നയതന്ത്ര മികവിൽനിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്
text_fieldsദോഹ: നയതന്ത്ര മികവിലൂടെ ലോകരാജ്യങ്ങൾക്കിടയിൽ അംഗീകാരം നേടിയ വിദേശകാര്യ മന്ത്രി എന്ന നിലയിൽ നിന്നാണ് ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ഖത്തറിന്റെ പ്രധാനമന്ത്രി പദവിയിലെത്തുന്നത്. 2016ലായിരുന്നു ഇദ്ദേഹം വിദേശകാര്യ മന്ത്രിയായി ചുമതലയേൽക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധേയമായ ഇടപെടലുകളും നയതന്ത്ര നീക്കവുമായി സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ സ്വീകാര്യനായി. ഗൾഫ് ഉപരോധകാലത്ത് ഖത്തർ വിദേശകാര്യ വിഭാഗത്തിന്റെ മുഖമായി ശ്രദ്ധനേടി. അഫ്ഗാനിലെ രാഷ്ട്രീയ പ്രതിസന്ധിയിലും യുക്രെയ്ൻ യുദ്ധകാലത്തും ഇറാനും അമേരിക്കയും തമ്മിലെ ആണവകരാർ തർക്കത്തിലും മധ്യപൂർവേഷ്യയിലെ വിവിധ സംഘർഷങ്ങളിലുമെല്ലാം നയതന്ത്ര ഇടപെടലുകളും സമാധാന പ്രവർത്തനങ്ങളും നടത്തിയ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അന്താരാഷ്ട്രതലത്തിൽ പ്രശംസം പിടിച്ചുപറ്റി.
ഖത്തർ യൂനിവേഴ്സിറ്റിയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദധാരിയായ ശൈഖ് മുഹമ്മദ്, 2003ൽ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫേഴ്സിൽ സാമ്പത്തിക ഗവേഷകനായി ചുമതലയേറ്റത് മുതലാണ് കരിയറിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് 2005 മുതൽ 2009 വരെ സാമ്പത്തികകാര്യ മേധാവിയായി പ്രവർത്തിച്ചു.
2009ൽ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എസ്.എം.ഇ) സഹായ പദ്ധതിയുടെ മേധാവിയായും ബിസിനസ് ആൻഡ് ട്രേഡ് മന്ത്രാലയത്തിലെ പൊതു-സ്വകാര്യ മേഖലാ പങ്കാളിത്ത മേധാവിയായും അദ്ദേഹം ചുതലയേറ്റു. അതേവർഷം തന്നെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സാങ്കേതിക, സാമ്പത്തിക പിന്തുണ നൽകുകയെന്ന ലക്ഷ്യം മുൻനിർത്തി എന്റർപ്രൈസ് ഖത്തർ സ്ഥാപിച്ചു. ഖത്തറിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ) ആകർഷിക്കുന്നതിലൂടെയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് സംഭാവന നൽകുന്നതിന് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സാമ്പത്തിക വൈവിധ്യവത്കരണ പരിപാടികൾ ഉയർത്തിക്കൊണ്ടുവരുകയായിരുന്നു ലക്ഷ്യം.
2010ൽ അമീരി ദിവാനിലെ ഫോളോ-അപ് കാര്യങ്ങൾക്കായി പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ സ്വകാര്യ പ്രതിനിധിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. അതേ വർഷം തന്നെ ഖത്തർ മൈനിങ് കമ്പനിയുടെ ഡയറക്ടർ ബോർഡ് ഡെപ്യൂട്ടി ചെയർമാനായും ചുമതലയേറ്റു.
2011ൽ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനുള്ള എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാനായും ആസ്പയർ-കതാറ ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാനായും അദ്ദേഹം മാറി. 2012ൽ അണ്ടർ സെക്രട്ടറി പദവിയിലെത്തി.
2013ൽ അന്താരാഷ്ട്ര സഹകരണ കാര്യങ്ങളുടെ അസി.വിദേശകാര്യ മന്ത്രിയായി നിയമിതനായി. ഖത്തറിന്റെ വികസനവും സഹായ അജണ്ടയും നടപ്പിലാക്കുന്നതിനൊപ്പം ബഹുമുഖ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
നിലവിൽ ഖത്തർ ഡെവലപ്മെന്റ് ഫണ്ടിന്റെ (ക്യു.എഫ്.എഫ്.ഡി) ചെയർമാനാണ്. 2014ൽ ക്യു.എഫ്.എഫ്.ഡിയുടെ പുനഃക്രമീകരണത്തിന് നേതൃത്വം നൽകുകയും പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസം, ആഗോള ആരോഗ്യം, സാമ്പത്തിക വികസനം എന്നിവക്ക് പിന്തുണ നൽകണമെന്ന് ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു.
2018 നവംബർ നാലിന് ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ (ക്യു.ഐ.എ) ചെയർമാനായി ചുമതലയേറ്റു. സുപ്രീം കൗൺസിൽ ഫോർ ഇക്കണോമിക് ആൻഡ് ഇൻവെസ്റ്റ്മെന്റ് അഫേഴ്സിലും ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി അംഗമാണ്.
‘അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി എന്നെ പ്രധാനമന്ത്രിയായി നിയമിച്ച് ആദരിച്ചിരിക്കുന്നു. ദൈവത്തിന്റെ രക്ഷ അദ്ദേഹത്തിനുണ്ടാകട്ടെ. കൂടുതൽ വിജയത്തിനായി സർവശക്തനായ ദൈവത്തോട് പ്രാർഥിക്കുകയാണ്. നമ്മുടെ രാജ്യത്തെ സേവിക്കുന്നതിൽ എന്റെ സഹമന്ത്രിമാർക്കൊപ്പം പ്രവർത്തിക്കാനും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മഹത്തായ നേതൃത്വത്തിന് കീഴിൽ രാജ്യപുരോഗതിക്ക് സംഭാവന നൽകാനും ആഗ്രഹിക്കുന്നു’- ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി (പ്രധാനമന്ത്രി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.