ഡോ. മോസ അൽ ഹൈൽ ‘ഷി എംപ്രസ്’ , മർയം ഫരിദ് ‘ഷി പ്രിൻസസ്’
text_fieldsദോഹ: ഖത്തറിലെ പെൺതാരകങ്ങൾക്കുള്ള ആദരമായ ഗൾഫ് മാധ്യമം - ഷി ക്യൂ എക്സലൻസ് അവാർഡിന്റെ ഭാഗമായി വിവിധ മേഖലകളിൽ മികവു തെളിയിച്ച സ്വദേശി വനിതകൾക്കുള്ള പുരസ്കാരങ്ങൾ ഡോ. മോസ അൽ ഹൈലിനും മറിയം മംദൂഹ് ഫരിദിനും സമ്മാനിക്കും. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡായി നൽകുന്ന ‘ഷി ക്യൂ എംപ്രസ്’ പുരസ്കാരത്തിനാണ് ഹമദ് മെഡിക്കൽ കോർപറേഷൻ ഫാർമസി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മോസ അൽ ഹൈലിനെ തെരഞ്ഞെടുത്തത്.
ഫാർമസി മേഖലയിലെ നിസ്തുമായ സംഭാവനകൾ അർപ്പിച്ച ഖത്തരി വനിതയാണ് ഇവർ. 34 വർഷത്തോളം ഈ മേഖലയിൽ പ്രവർത്തിക്കുന്ന മോസ അൽ ഹൈൽ, ഫാർമസി മേഖലയിൽ പ്രഫസർ പദവി നേടുന്ന ആദ്യ ഖത്തരി വനിതകുടിയാണ്. ദൈർഘ്യമേറിയ കാലയളവിലെ പരിചയ സമ്പത്ത് കണക്കിലെടുത്തായിരുന്നു ബ്രിട്ടനിലെ റോബർട്ട് ഗോർഡൻ യൂനിവേഴ്സിറ്റിയിൽ നിന്നും പ്രൊഫസർ പദവി നൽകിയത്. ഫാർമസിസ്റ്റ്, സീനിയർ ഫാർമസിസ്റ്റ്, ഡയറക്ടർ ഓഫ് ഫാർമസി തുടങ്ങിയ പദവികളും നേരത്തേ വഹിച്ചിരുന്നു. ക്ലിനിക്കൽ, അഡ്മിനിസ്ട്രേഷൻ മേഖലയിൽ മികവു തെളിയിച്ച മോസ അൽ ഹൈൽ, വനിതാ ആശുപത്രിയിൽ യൂനിറ്റ് ഡോസ് സിസ്റ്റം, ഐ.വി യൂനിറ്റ്, ക്ലിനിക്കൽ ഫാർമസി സർവിസ് ഉൾപ്പെടെ നൂതന പദ്ധതികൾ ആരംഭിക്കാൻ നേതൃത്വം നൽകി ശ്രദ്ധേയയായി.
കോവിഡ്കാലത്ത് രോഗികൾക്ക് വീടുകളിൽ മരുന്ന് ലഭ്യമാക്കുന്ന സംവിധാനങ്ങൾ ആവിഷ്കരിച്ചും ആരോഗ്യ സേവനങ്ങളിൽ മികവ് പ്രകടിപ്പിച്ചു. അത്ലറ്റിക്സ് ട്രാക്കിൽ ഖത്തറിന്റെ അഭിമാന പെൺതാരകമായി തിളങ്ങളിയ മറിയം ഫരിദിനെയാണ് ‘ഗൾഫ് മാധ്യമം’ ഷി ക്യൂ പ്രിൻസസ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. 2019ൽ ദോഹ വേദിയായ ലോകഅത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹർഡിൽസിൽ മത്സരിച്ചാണ് ഇവർ ചരിത്രം കുറിച്ചത്.
ലോകഅത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ച ആദ്യ ഖത്തരി വനിത അത്ലറ്റ് എന്ന നേട്ടമായിരുന്നു മരിയം ഫരിദ് സ്വന്തം പേരിൽ കുറിച്ചത്. അതിന് മുമ്പ് ലോകജൂനിയർ അത്ലറ്റിക്സിൽ 200 മീറ്ററിലും മറിയം ഫരിദ് മത്സരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.