രാഷ്ട്രീയ വിദ്യാഭ്യാസം നേടേണ്ടത് ശിഹാബ് തങ്ങളിൽനിന്ന് -സി.പി. സൈതലവി
text_fieldsഖത്തർ കെ.എം.സി.സി ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടിയിൽ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. സൈതലവി മുഖ്യ പ്രഭാഷണം നടത്തുന്നു
ദോഹ: രാഷ്ട്രവും കാലവും വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോൾ രാജ്യ താൽപര്യത്തിലൂന്നിയ പ്രശ്നപരിഹാര പാഠങ്ങൾ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളിൽനിന്ന് പഠിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. സൈതലവി അഭിപ്രായപ്പെട്ടു.
വൈകാരികാവേശത്തിനടിപ്പെടാതെ ഒരു ജനതയെ വിവേകവും സംയമനവും കൈമുതലാക്കി ദീർഘദൃഷ്ടിയോടെ മുന്നിൽനിന്ന് നയിച്ചതിന് ശിഹാബ് തങ്ങളോളം മികച്ച മറ്റുദാഹരണങ്ങൾ ഏറെയില്ല എന്നത് രാഷ്ട്രീയ വിദ്യാർഥികൾക്ക് ഒരു പാഠമാകേണ്ടതുണ്ട്.
ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ‘അടയാത്ത വാതിൽ’ എന്നപേരിൽ സംഘടിപ്പിച്ച മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സംയമന നിലപാടിനെ വിമർശിച്ചവർക്കുപോലും പിന്നീട് അംഗീകരിക്കേണ്ടിവന്നതിന് ഒട്ടനവധി ഉദാഹരണങ്ങളുണ്ടെന്നും സി.പി. സൈതലവി കൂട്ടിച്ചേർത്തു.
ഖത്തർ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ആക്ടിങ് ചെയർമാൻ എസ്.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി വി.കെ. ഹുസൈൻ കുട്ടി, കോഴിക്കോട് ജില്ല എം.എസ്.എഫ് വൈസ് പ്രസിഡന്റ് സി.പി അജ്മൽ, ഉപദേശക സമിതി വൈസ് ചെയർമാൻ സി.വി ഖാലിദ്, ഫൈറൂസ് തുടങ്ങിയവർ സന്നിഹിതരായി.
വിമാനക്കമ്പനികൾ കേരളത്തിലേക്ക് ഈടാക്കുന്ന അമിതമായ ടിക്കറ്റ് ചാർജിലുള്ള പ്രതിഷേധവും കരിപ്പൂർ വിമാനത്താവള വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന ആവശ്യവും ഉന്നയിച്ചുള്ള പ്രമേയം വൈസ് പ്രസിഡന്റ് അൻവർ ബാബു അവതരിപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് സ്വാഗതവും സെക്രട്ടറി അഷ്റഫ് ആറളം നന്ദിയും പറഞ്ഞു. മുഹമ്മദ് സയീദ് ഖിറാഅത്തും സംസ്ഥാന ഭാരവാഹികളായ കെ. മുഹമ്മദ് ഈസ, അൻവർ ബാബു, ബഷീർ ടി.ടി.കെ, അബൂബക്കർ പുതുക്കുടി, ആദം കുഞ്ഞി , സിദ്ദിഖ് വാഴക്കാട്, അലി മൊറയൂർ, ഷമീർ പട്ടാമ്പി, ഫൈസൽ മാസ്റ്റർ, ഉപദേശകസമിതി അംഗങ്ങൾ, ജില്ല, ഏരിയ, മണ്ഡലം ഭാരവാഹികൾ എന്നിവർ നേതൃത്വവും നൽകി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.