മിന്നും മിനാമിനോ
text_fields
കിരീട ഫേവറിറ്റുകളിൽ മുന്നിൽനിൽക്കുന്ന ജപ്പാൻ ആദ്യ റൗണ്ടിൽ താരതമ്യേന ദുർബലരായ വിയറ്റ്നാമിനെതിരെ പതറിയപ്പോൾ രക്ഷകനായത് എ.എസ്. മൊണോക്കോക്കുവേണ്ടി കളിക്കുന്ന തകുമി മിനാമിനോ ആയിരുന്നു. ആദ്യ ഇലവനിൽ തന്നെ ഗ്രൗണ്ടിലിറങ്ങിയ താരം രണ്ടുതവണ വിയറ്റ്നാം വല കുലുക്കുകയും ഒരു ഗോളിലേക്ക് ചരട് വലിക്കുകയും ചെയ്തു. ആദ്യപകുതി അവസാനംവരെ ഒന്നിനെതിരെ രണ്ടു ഗോളിന് പിന്നിലായിരുന്ന ജപ്പാനെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടു വരാനും രണ്ടിനെതിരെ നാലു ഗോളിന്റെ ത്രസിപ്പിക്കുന്ന വിജയം നൽകാനും മിനാമിനോക്കായി.
2015 മുതൽ ജപ്പാന്റെ സീനിയർ ടീമിനൊപ്പമുള്ള മിനാമിനോ 53 മത്സരങ്ങളിൽ നിന്നായി സാമുറായീസിന് വേണ്ടി 20 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്. സ്വന്തം നാട്ടിൽ നിന്നുള്ള സിറേസോ ഒസാകയിലൂടെ സീനിയർ കരിയർ ആരംഭിച്ച മിനാമിനോയെ സാൽസ്ബർഗിലെത്തിയതോടെയാണ് അന്താരാഷ്ട്ര ഫുട്ബാൾ ലോകം കൂടുതലറിഞ്ഞത്. അവിടെ 136 മത്സരങ്ങളിൽ നിന്നായി 42 ഗോളുകൾ നേടി. 1995ൽ ജപ്പാനെ പിടിച്ചുലച്ച ഗ്രേറ്റ് ഹാൻഷിൻ ഭൂകമ്പം നടന്ന് രണ്ടു ദിവസത്തിന് ശേഷമാണ് മിനാമിനോയുടെ ജനനം. ആയിരക്കണക്കിനാളുകളാണ് അന്ന് ഭൂകമ്പത്തിൽ കൊല്ലപ്പെട്ടത്. സങ്കീർണമായ ഒരു സാഹചര്യത്തിൽ ജനിച്ചതിനാൽ മാതാപിതാക്കൾ അവന് തകുമി എന്ന് ആരംഭിക്കുന്ന നാമമാണ് നൽകിയത്. ജപ്പാനീസ് ഭാഷയിൽ തകുമി എന്നാൽ സ്വയം പര്യവേക്ഷണം നടത്തി ലക്ഷ്യം കാണുക എന്നാണ് അർഥം. പേരിനെ അന്വർഥമാക്കി ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മാതാപിതാക്കൾ അവനെ നിരന്തരം ഓർമിപ്പിക്കുമായിരുന്നു.
‘ഞാൻ കുഞ്ഞായിരിക്കുമ്പോൾ തന്നെ എന്റെ പേരിന്റെ അർഥം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് മാതാപിതാക്കൾ എന്നോട് ആവശ്യപ്പെടുമായിരുന്നു. അത് എന്റെ മുന്നോട്ടുള്ള പ്രയാണത്തിലും വിജയത്തിലും നിർണായകമായി’-ഒരിക്കൽ മിനാമിനോ പറഞ്ഞത് ഇങ്ങനെയായിരുന്നു. 2022ൽ ജപ്പാനിലും കൊറിയയിലുമായി നടന്ന ഫിഫ ലോകകപ്പ് ഫുട്ബാളാണ് മിനാമിനോയുടെ തലവര മാറ്റിമറിച്ചത്. സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ ബ്രസീലിന്റെ ഇതിഹാസ താരങ്ങളായ റൊണാൾഡോ നസാരിയോ ഡി ലിമ, റൊണാൾഡീഞ്ഞോ, റിവാൾഡോ തുടങ്ങിയവരെ നേരിൽ കാണാൻ ഭാഗ്യം ലഭിച്ചു. എട്ടു ഗോളുകൾ നേടി ആ ലോകകപ്പിൽ ടോപ്പ് സ്കോററായ റൊണാൾഡോയാണ് മിനാമിനോയെ കൂടുതൽ പ്രചോദിപ്പിച്ചത്. ഒരു പ്രഫഷനൽ ഫുട്ബാൾ താരമാകുകയെന്ന പ്രതിജ്ഞയാണ് ഏഷ്യയിൽ ആദ്യമായി നടന്ന ലോകകപ്പിനെത്തുടർന്ന് മിനാമിനോ എടുത്തത്.
സ്കൂളിൽ പഠിക്കുമ്പോൾ മിനാമിനോയുടെ കളിമികവ് കണ്ടെത്തിയ സെറേസോ ഒസാക്ക താരത്തെ സ്കൗട്ട് ചെയ്യുകയും അണ്ടർ 15 ടീമിൽ കളിപ്പിക്കുകയും ചെയ്തു. ട്രയൽസിൽ മികച്ച പ്രകടനം പുറത്തെടുത്ത താരം പിന്നീട് സ്ഥിര സാന്നിധ്യമായി. എ.എഫ്.സി ഏഷ്യൻ അണ്ടർ 16 ചാമ്പ്യൻഷിപ്പിൽ ജപ്പാൻ ടീമിലെത്തിയ മിനാമിനോ ആ ടൂർണമെന്റിൽ ടോപ്സ്കോററായി മാറി.
2015 മുതൽ നാലു വർഷം റെഡ്ബുൾ സാൽസ്ബർഗിനായി പന്തുതട്ടിയ താരം 2019-2020 സീസണിൽ ടീമിനെ ചാമ്പ്യൻസ് ലീഗിലെത്തിക്കുന്നതിലും വലിയ പങ്കുവഹിച്ചു. 2020ൽ പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ മിനാമിനോയെ ആൻഫീൽഡീലെത്തിച്ചു. രണ്ട് സീസണുകളിൽ റെഡ്സിനായി പന്തു തട്ടിയെങ്കിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. പിന്നീട് ലോണിൽ സതാംപ്ടണിന് വേണ്ടിയും മിനാമിനോ പന്ത് തട്ടി. 2022 മുതൽ മൊണോക്കോയുടെ ആദ്യ ഇലവനിൽ കളിക്കുന്ന താരം 53 മത്സരങ്ങളിൽ നിന്നായി 20 ഗോളുകളാണ് നേടിയത്.
ഖത്തറിൽ നടന്ന ലോകകപ്പിൽ ജപ്പാന് മുന്നിൽ ജർമനി അടിപതറിയപ്പോൾ പകരക്കാരനായിറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത മിനാമിനോ ആണ് താരമായത്.
നിരന്തരം ജർമൻ മുഖത്തേക്ക് ആക്രമണമഴിച്ചുവിട്ട താരം, 74ാം മിനിറ്റിൽ ജപ്പാന്റെ വിജയഗോളിന് വഴിയൊരുക്കുകയും ചെയ്തു. പ്രീമിയർ ലീഗിൽ കളിക്കുന്ന ഒമ്പതാമത്തെ ജപ്പാൻ താരമാണ് മിനാമിനോ. ഇവരിൽ ഷിൻജി ഒകസാകിയും മായ യോഷിദയും നൂറിലധികം പ്രീമിയർ ലീഗ് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. രണ്ട് താരങ്ങൾ പ്രീമിയർ ലീഗ് ചാമ്പ്യന്മാരുമായിട്ടുണ്ട്. 2015-2016 സീസണിൽ ലെസസ്റ്റർ സിറ്റിക്കൊപ്പമായിരുന്നു ഒകസാകിയുടെ കിരീടനേട്ടം. മാഞ്ചസ്റ്റർ യുനൈറ്റഡിനൊപ്പം ഷിൻജി കഗാവയും പ്രീമിയർ ലീഗ് കിരിടം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.