ബഹിരാകാശത്തെ ക്ലിക്കിൽ ‘തിളങ്ങുന്ന ഖത്തർ’
text_fieldsദോഹ: ബഹിരാകാശത്തുനിന്ന് നോക്കിയാൽ ഖത്തർ എങ്ങനെയായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കിലിതാ ബഹിരാകാശത്തുനിന്ന് പകർത്തിയ വെട്ടിത്തിളങ്ങുന്ന ഖത്തറിന്റെ ചിത്രം. ഭൂമിയിൽനിന്ന് 400 കിലോമീറ്റർ ഉയരത്തിൽ ജാപ്പനീസ് ബഹിരാകാശയാത്രികനായ ഡോ. വകത കൊയിചിയാണ് രാത്രിയിൽ തിളങ്ങുന്ന ഖത്തറിന്റെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.
എൻജിനീയറും ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയിലെ (ജാക്സ) ബഹിരാകാശ യാത്രികനുമായ ഡോ. വകത കൊയിചി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽനിന്ന് ബഹിരാകാശ നടത്തത്തിനെത്തിയപ്പോഴാണ് ഖത്തറിന്റെ മനോഹരമായ ചിത്രം പകർത്തിയത്. ഇന്ന് നേരത്തേ പറന്നപ്പോൾ ദോഹയിലെ നഗരവിളക്കുകൾ കൂടുതൽ തിളക്കമുള്ളതായി കാണപ്പെട്ടുവെന്ന് ഡോ. കൊയിചി ട്വീറ്റ് ചെയ്തു. കോർണിഷിന്റെ ഏഴു കിലോമീറ്റർ ദൈർഘ്യമുള്ള നടപ്പാത ചിത്രത്തിന്റെ മധ്യഭാഗത്ത് ദൃശ്യമാണ്. പേൾ ഖത്തറും ലുസൈലും ചിത്രത്തിൽ കാണാമെങ്കിലും അൽപം അകലെയായാണ് സ്ഥിതിചെയ്യുന്നത്.
ചിത്രത്തിന്റെ മുകളിൽ വലതു വശത്തായി അൽ ശഹാനിയ ഒട്ടകയോട്ട ട്രാക്കിന്റെ ദീർഘവൃത്താകൃതിയിലുള്ള ദൃശ്യം കാഴ്ചക്കാരനെ ആകർഷിക്കുന്നതാണ്. ചിത്രത്തിന്റെ താഴെ വലതു വശത്ത് തിളങ്ങുന്ന അൽ ബെയ്ത് സ്റ്റേഡിയവും കാണാം. ഇറ്റലിയിലെ സൂര്യാസ്തമയ കാഴ്ച, അബൂദബി നഗരത്തിന്റെ സായാഹ്ന ദൃശ്യം, മൊണ്ടേറിയിലെ തെളിഞ്ഞ ആകാശം തുടങ്ങിയ ദൃശ്യങ്ങളും 59കാരനായ ബഹിരാകാശ സഞ്ചാരി പുറത്തുവിട്ടിട്ടുണ്ട്.
കൊയിചിയുടെ ബഹിരാകാശ നടത്തം ഇന്നാണ്. ഭാവിയിലെ പവർ സിസ്റ്റം നവീകരണത്തിനായുള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് നാസ ബഹിരാകാശയാത്രികനായ നികോൾ മാൻ അദ്ദേഹത്തോടൊപ്പം ചേരും. ബഹിരാകാശ നടത്തം ഈസ്റ്റേൺ സ്റ്റാൻഡേഡ് സമയം രാവിലെ 8.15ന് ആരംഭിക്കും. ഏകദേശം ആറര മണിക്കൂർ നീണ്ടുനിൽക്കുമെന്നും നാസ പ്രസ്താവനയിൽ അറിയിച്ചു. നാസ ടെലിവിഷനിലും നാസ ആപ്പിലും ഏജൻസിയുടെ വെബ്സൈറ്റിലും ബഹിരാകാശ നടത്തത്തിന്റെ തത്സമയ കവറേജ് രാവിലെ 6.45ന് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.