ഷീഷ വലി അത്ര സേഫല്ലാ...
text_fieldsദോഹ: അറബ് മേഖലയിലെ മുതിർന്നവരുടെ പ്രധാന പുകവലിശീലമായ ഷീഷ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്ന് ഖത്തർ സർവകലാശാല ഗവേഷണ സംഘത്തിന്റെ പഠന റിപ്പോർട്ട്. ഖത്തർ ഉൾപ്പെടെ മിഡിലീസ്റ്റ് രാജ്യങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളിലും സജീവമായ പുകവലി ശീലം കൂടിയാണ് ഷീഷ. ഇതിന്റെ ആരോഗ്യ അവസ്ഥകളെ കുറിച്ചുള്ള പഠനത്തിലാണ് നിർണായക കണ്ടെത്തൽ.
ഖത്തർ ബയോബാങ്കിൽനിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി ആൻജീന, ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങൾ ബാധിച്ച 55-60 പ്രായമുള്ള 1000ലധികം പേരിൽ നടത്തിയ പഠനത്തിലാണ് ഷീഷ ഹൃദ്രോഗ സാധ്യതക്ക് കാരണമാവുന്നതായി കണ്ടെത്തിയത്. ഖത്തറിൽ താമസിക്കുന്ന വ്യക്തികളിൽനിന്ന് രക്തം, കോശങ്ങൾ പോലുള്ള വിവരങ്ങളും ജീവശാസ്ത്രപരമായ സാമ്പിളുകളും ശേഖരിക്കുന്ന ദേശീയ ഗവേഷണ സ്ഥാപനമാണ് ഖത്തർ ബയോബാങ്ക്. പ്രദേശത്തെ നിലവിലുള്ള വിവിധ രോഗങ്ങളും ആരോഗ്യസാഹചര്യങ്ങളും അന്വേഷിക്കുന്നതിന് ഗവേഷകർ ബയോബാങ്കിൽ നിന്നുള്ള വിവരങ്ങളാണ് ഉപയോഗിക്കുന്നത്.
ഖത്തർ സർവകലാശാല കോളജ് ഓഫ് മെഡിസിനിലെ ബേസിക് മെഡിക്കൽ സയൻസ് അസോ. പ്രഫസർ ഡോ. സുസു സുഗൈയർ, നാലാം വർഷ മെഡിക്കൽ വിദ്യാർഥി എൽ ഹസൻ മഹ്മൂദ് എന്നിവരുൾപ്പെടുന്ന സംഘമാണ് പഠനത്തിന് നേതൃത്വം നൽകിയത്.
പുകവലിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ഷീഷ മാത്രം വലിക്കുന്ന വ്യക്തികൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത 1.65 മടങ്ങ് കൂടുതലാണെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ചെറുപ്പം മുതലേ പുകവലി ആരംഭിച്ച വ്യക്തികളിൽ ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനം കണ്ടെത്തി. വ്യക്തികൾ തുടക്കത്തിൽ ഷീഷ വലിക്കാൻ തുടങ്ങിയ പ്രായം, ഹൃദയസംബന്ധമായ അസുഖമുള്ളവരും (20 വയസ്സ്), നിയന്ത്രണ ഗ്രൂപ്പും (25 വയസ്സ്) തമ്മിൽ വ്യത്യാസമുള്ളതായും പഠനത്തിൽ പറയുന്നു.
ഷീഷ വലിക്കുന്നത് ഏറെ പ്രചരിച്ച സമൂഹത്തിൽ അതിന്റെ അപകടസാധ്യതകൾ മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യവും പഠനത്തിൽ ഉയർത്തിക്കാട്ടുന്നു. ഷീഷ വലിക്കുന്നത് നിർത്തുകയോ കുറക്കുകയോ ചെയ്യുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറക്കാൻ സഹായിക്കുമെന്ന് ഇതുപയോഗിക്കുന്നവർ അറിഞ്ഞിരിക്കണമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
ഷീഷയുടെ അപകടസാധ്യതകളെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തുന്നതിനും പൊതുജനാരോഗ്യ കാമ്പയിനുകളിലൂടെ സമൂഹത്തിൽ ഷീഷ വലിക്കുന്നതിലൂടെയുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താനും ശീലമാക്കിയവരെ നിരുത്സാഹപ്പെടുത്താനും തങ്ങളുടെ കണ്ടെത്തലുകൾ സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
പുകയില ഉൽപന്നങ്ങളുടെ നികുതി വർധിപ്പിക്കുക, പൊതുസ്ഥലങ്ങളിൽ പുകവലി നിരോധനം നടപ്പാക്കുക തുടങ്ങിയ ഖത്തറിന്റെ നയങ്ങൾ ഷീഷയുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ചുള്ള ബോധവത്കരണശ്രമങ്ങളും സാമൂഹിക വ്യാപനം കുറക്കാനിടയാക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.