'ഷോപ് ഖത്തർ 2021' ഇന്നു മുതൽ
text_fieldsദോഹ: കോവിഡ് നിയന്ത്രണങ്ങൾ കാരണം ഒന്നര വർഷത്തിലേറെയായി മന്ദഗതിയിലായിരുന്ന വിപണിക്ക് ഉണർേവകാൻ ഒരു മാസം നീളുന്ന 'ഷോപ് ഖത്തർ 2021' ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്നു തുടക്കം. രാജ്യത്തെ ചെറുകിട വ്യാപാര, വിനോദ, ഫാഷൻ, ഹോട്ടൽ മേഖലകളെ ഉൾപ്പെടുത്തിയാണ് ഖത്തർ ടൂറിസത്തിൻെറ നേതൃത്വത്തിൽ വൻ ഷോപ്പിങ് ഫെസ്റ്റിന് തുടക്കം കുറിക്കുന്നത്. ഒക്ടോബർ 10 വരെ നീളുന്ന മേളയിൽ രാജ്യത്തെ പ്രമുഖ 15 വേദികളിലായാണ് സംഘടിപ്പിക്കുന്നത്. 18 മാസത്തിനിടെ ഖത്തറിൽ നടക്കുന്ന ഏറ്റവും വലിയ മേളകൂടിയാണിത്. ഹമദ് ഇൻറർനാഷനൽ വിമാനത്താവളത്തിലെ ഖത്തർ ഡ്യൂട്ടി ഫ്രീ ഉൾപ്പെടെ രാജ്യത്തെ വൻകിട സ്ഥാപനങ്ങളും ഹോട്ടലുകളും മാളുകളും ഉൾപ്പെടെ നിരവധി വാണിജ്യ സ്ഥാപനങ്ങൾ പങ്കെടുക്കും. ഷോപ്പിങ് ഫെസ്റ്റിവലിൻെറ ഭാഗമായി 90 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുമെന്ന് ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേസ് സി.ഇ.ഒയുമായ അക്ബർ അൽ ബാകിർ അറിയിച്ചു. 'ഖത്തർ ടൂറിസത്തിൻെറ വാർഷിക കലണ്ടറിലെ ഏറ്റവും പ്രധാന പരിപാടിയാണ് ഷോപ് ഖത്തർ ഫെസ്റ്റിവൽ. ഫാഷൻ, വിനോദ, ചെറുകിട മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന ഫെസ്റ്റിവൽ ഏറ്റവും മികച്ച ഷോപ്പിങ് അനുഭവമാവും നൽകുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ കർശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് പരിപാടി നടക്കുന്നത്' -അൽ ബാകിർ അറിയിച്ചു. അൽ ഖോർ മാൾ, സിറ്റി സെൻറർ മാൾ, ദോഹ ഫെസ്റ്റിവൽ സിറ്റി, എസ്ദാൻ മാൾ അൽഖറാഫ, എസ്ദാൻ മാൾ അൽ വക്റ, ഗലേറിയ മാൾ, ഗൾഫ് മാൾ, ഹയാത് പ്ലാസ, ലഗൂണ മാൾ, ലാൻഡ്മാർക്, മാൾ ഓഫ് ഖത്തർ, ദ പേൾ, വില്ലാജിയോ മാൾ, ഖത്തർ ഡ്യൂട്ടി ഫ്രീ എന്നിവയാണ് റീട്ടെയിൽ പങ്കാളികൾ.
ഓരോ 200 റിയാൽ ഷോപ്പിങ്ങിനും ലഭിക്കുന്ന കൂപ്പണിലൂടെ ഉപഭോക്താക്കൾക്ക് മികച്ച സമ്മാനങ്ങൾ നേടാനും അവസരമുണ്ടാവും. 10 ലക്ഷം റിയാലിൻെറ കാഷ്പ്രൈസ് ഉൾപ്പെടെ 40 ലക്ഷത്തിൻെറ സമ്മാനങ്ങൾ കാത്തിരിക്കുന്നതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.