പുതുവർഷത്തിൽ ഷോപ്പിങ് മാമാങ്കം
text_fieldsദോഹ: ഷോപ്പിങ്ങിന്റെ മഹാമേളയുമായി പുതുവർഷത്തെ വരവേൽക്കാൻ അവസരമൊരുക്കി ഖത്തർ ടൂറിസം. ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിങ് ഉത്സവമായ ‘ഷോപ്പ് ഖത്തർ’ ആഘോഷങ്ങൾക്ക് ജനുവരി ഒന്നിന് തുടക്കം കുറിക്കും. ‘നിങ്ങളുടെ ഷോപ്പിങ് കളിക്കളം’ എന്ന തലക്കെട്ടിലാണ് ഖത്തർ ടൂറിസം സംഘടിപ്പിക്കുന്ന ഷോപ്പിങ് മഹോത്സവം. 2025 ജനുവരി ഒന്നിന് തുടങ്ങി ഫെബ്രുവരി ഒന്നുവരെയാണ് മേള.
ഒരുമാസം നീണ്ടുനിൽക്കുന്ന ഷോപ്പിങ് ഫെസ്റ്റിവലിൽ പ്ലേസ് വെൻഡം, ദോഹ ഫെസ്റ്റിവൽ സിറ്റി എന്നിവയുൾപ്പെടെ രാജ്യത്തെ 20 മാളുകളും വിവിധ വാണിജ്യ സ്ഥാപനങ്ങളും പങ്കെടുക്കുമെന്ന് ഖത്തർ ടൂറിസം അറിയിച്ചു.
താമസക്കാർക്കും സന്ദർശകർക്കുമായി ഗെയിമുകൾ, റോമിങ് പരേഡുകൾ, വാണിജ്യകേന്ദ്രങ്ങളിലെ സ്പേസ്ടൂൺ കഥാപാത്രങ്ങളെ കാണലും ആശംസ അറിയിക്കലും ഉൾപ്പെടെ വൈവിധ്യമാർന്ന ആക്ടിവേഷൻ കോർണറുകൾ മാളുകളിൽ ഒരുക്കും. ഫെബ്രുവരി ഒന്നിന് ദോഹ ഫെസ്റ്റിവൽ സിറ്റിയിലായിരിക്കും ഷോപ്പ് ഖത്തർ മാമാങ്കത്തിന് സമാപനം കുറിക്കുകയെന്നും ഖത്തർ ടൂറിസം പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഷോപ്പിങ്ങിനും വിനോദത്തിനുമൊപ്പം കൈനിറയെ സമ്മാനവും കാത്തിരിക്കുന്നുണ്ട്.
എല്ലാ വെള്ളിയാഴ്ചകളിലുമായി നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തും. ആഢംബര കാറുകൾക്ക് പുറമേ 10,000 റിയാൽ മുതൽ ഒരുലക്ഷം റിയാൽവരെ കാഷ് പ്രൈസ് എന്നിവക്കൊപ്പം ഒരു വിജയിയെ കാത്ത് ടെസ്ല സൈബർ ട്രക്കുമുണ്ട്.
ഖത്തറിലെ സ്വദേശികളുടെയും താമസക്കാരുടെയും സന്ദർശകരുടെയും വമ്പിച്ച പങ്കാളിത്തമുള്ള മേളയാണ് ഖത്തർ ഷോപ്പിങ് ഫെസ്റ്റിവലെന്ന് ഖത്തർ ടൂറിസം ഫെസ്റ്റിവൽ ആൻഡ് ഇവന്റ്സ് ഡയറക്ടർ എൻജി. അഹമദ് അൽ ബിൻ അലി പറഞ്ഞു.
സാംസ്കാരിക, കുടുംബ സൗഹൃദ പരിപാടികളും ഒമ്പതാമത് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്നും ഷോപ്പിങ് മാമാങ്കത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി ഒന്നിന് പ്ലെയ്സ് വെൻഡോം മാളിലാണ് മേളയുടെ ഉദ്ഘാടനം. ലബനീസ് ഗായിക അബീർ നഹ്മിയുടെ സംഗീത വിരുന്നോടെയാവും ഒരുമാസം നീണ്ടുനിൽക്കുന്ന മേളയുടെ കൊടിയേറ്റം. ഫെബ്രുവരി ഒന്നിന് ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ നടക്കുന്ന സമാപന ചടങ്ങിൽ ടെസ്ല സൈബർ ട്രക്ക് ജേതാവിനെ നറുക്കെടുപ്പിലൂടെ പ്രഖ്യാപിക്കും. 200 റിയാൽമുതൽ ഷോപ്പിങ്ങോടെ റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കാം.
മാളുകളും വേദികളും
പ്ലെയ്സ് വെൻഡോം മാൾ, ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ, സിറ്റി സെന്റർ മാൾ, ലാൻഡ്മാർക് മാൾ, വില്ലാജിയോ, ലഗൂണ മാൾ, അൽ ഹസം, ഹയാത് പ്ലാസ, തവാർ മാൾ, അൽ ഖോർ മാൾ, മുശൈരിബ് ഗലേറിയ, ദോഹ ഓൾഡ് പോർട്, ലുസൈൽ ബൊളെവാഡ്, ദോഹ ഒയാസിസ്, ഗൾഫ് മാൾ, അബു സിദ്ര മാൾ, ദോഹ മാൾ, എസ്ദാൻ അൽ വക്റ, ഗേറ്റ് മാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.