തട്ടിൻപുറത്തുണ്ടൊരു പഴയ റേഡിയോ
text_fields‘ചങ്ങലകൾ പൊട്ടിക്കാം’ എന്നാണ് ഈ വീട്ടിലിരുപ്പ് കാലത്ത് ഏറ്റവും കൂടുതൽ കേട്ടതെങ്കിലും അക്ഷരാർത്ഥത്തിൽ മനുഷ്യൻ സ്വയം ചങ്ങലകളാൽ ബന്ധിച്ചിരിക്കുകയല്ലേ. വീടുകൾ തടവറകളെ പോലെ ആയത് ഞൊടിയിടയിൽ അല്ലേ’ മനസ്സിൽ ഉത്തരമില്ലാതെ അലഞ്ഞുനടക്കുന്ന കടുകട്ടിപ്രയോഗങ്ങളെ വിരോധാഭാസങ്ങളെന്ന് സ്വയം വിലയിരുത്തി ആശ്വസിച്ചു അവൻ. അതിരാവിലെ ഉറക്കമുണർന്നെങ്കിലും ജീവിതത്തിൽ ആദ്യമായാണ് കിടക്കയിൽ തന്നെ വീണ്ടും മണിക്കൂറുകൾ ചിലവഴിക്കുന്നത്. തിരിഞ്ഞും മറിഞ്ഞും പഴയ കട്ടിലിൻെറ ഓരങ്ങളിലൂള്ള ദ്വാരങ്ങളുടെ കണക്കെടുത്തും അവൻ സമയം തള്ളിനീക്കി. ഒരിക്കലും അടങ്ങിയിരിക്കാത്ത മൊബൈൽ ബഹളങ്ങളും ലോക്ക്ഡൗണിൽ തന്നെയെന്ന് തോന്നിപ്പിക്കും വിധം നിശബ്ദം.
കറപിടിച്ച കഴുക്കോലുകളുടെ ഗുണമേന്മയും നിറവത്യാസങ്ങളും വിലയിരുത്തുന്നതിനിടയിലെപ്പോഴോ ഉത്തരത്തിൽ കേട്ടിതൂക്കിയ പലകയുടെ മൂലക്ക് പൊടിപിടിച്ചിരുന്ന ആ പഴയ റേഡിയോ കണ്ണിലുടക്കി. ഒരു കാലത്ത് ദൈനംദിന ജീവിതത്തിൻെറ ഭാഗമായിരുന്ന റേഡിയോവിനോട് ഭാണ്ഡക്കെട്ടുകളിലേക്ക് വലിച്ചെറിഞ്ഞ തങ്ങളേക്കാൾ സ്നേഹം അതിനെ വല ചുറ്റി സംരക്ഷിച്ചുപോരുന്ന ചിലന്തിക്കാവണം. റേഡിയോ ഓർമ്മകൾ അവൻെറ മനസ്സിനെ അകത്തെ ഇരുട്ടുമുറിയിൽ കിടപ്പിൽകഴിയുന്ന മുത്തശ്ശൻെറ അരികിലേക്കെത്തിച്ചു. ഏതാനും ദിവസങ്ങൾ നിരോധനം കാരണം വീട്ടിലിരിക്കേണ്ടിവന്നപ്പോൾ തനിക്കുണ്ടായ വീർപ്പുമുട്ടലിനെ അനങ്ങുവാൻ പോലുമാവാതെ വർഷങ്ങളായി തളർന്നുകിടക്കുന്ന മുത്തശ്ശെൻറ നിസ്സഹായതയോടു താരതമ്യം ചെയ്തുനോക്കാൻ അവന് ലജ്ജ തോന്നി.
കിടപ്പിലായ ആദ്യനാളുകളിൽ തൻെറ ഏക ആശ്വാസമായിരുന്ന റേഡിയോ മുത്തശ്ശന് വളരെ പ്രിയപ്പെട്ടതായിരുന്നു. കാലപ്പഴക്കം കാരണം റേഡിയോ കേടുവന്നപ്പോൾ കൂടെപ്പിറപ്പിനെ നഷ്ടമായ വേദനയായിരുന്നു ആ കണ്ണുകളിൽ. കേടായ റേഡിയോ നന്നാക്കിയെടുക്കാനോ മറ്റൊരെണ്ണം വാങ്ങി നൽകാനോ താനടക്കം വീട്ടിലുള്ള ആരും മനസ്സുവച്ചിരുന്നില്ലെന്ന് അവൻ തെല്ല് വിഷമത്തോടെ ഓർത്തു. തൻെറ മുത്തശ്ശന് വേണ്ടിയും എന്തെങ്കിലും ചെയ്യാൻ അവന് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല.ജനാല വഴി വലിഞ്ഞുകേറി റേഡിയോ എടുത്തു. പൊടിതട്ടി തുടച്ച് വൃത്തിയാക്കി മേശപ്പുറത്ത് വച്ചു. പഴയ റേഡിയോ സ്റ്റേഷൻ ട്യൂൺ ചെയ്യുന്നതും മുത്തശ്ശന് ഏറ്റവും പ്രിയപ്പെട്ടതായിരുന്ന ‘വയലും വീടും’ അടക്കം നെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുത്തു. മുത്തശ്ശൻെറ മങ്ങിയ കാഴ്ചയിൽ റേഡിയോ തെളിഞ്ഞുവന്നപ്പോൾ ആ കണ്ണുകളിൽ ഉണ്ടായ തിളക്കം അവൻ ശ്രദ്ധിച്ചു. അതിശയത്തോടെ അദ്ദേഹം അവൻെറ മുഖത്തേക്ക് നോക്കി. സ്റ്റേഷൻ ട്യൂൺ ചെയ്യുന്ന വ്യാജേന ബട്ടണിൽ തിരിച്ചുകൊണ്ട് പിന്നിൽ മറച്ചു പിടിച്ചിരുന്ന മൊബൈലിലെ ശബ്ദം പ്രവർത്തിപ്പിച്ചു. ഞാറുനടാൻ വയൽ വരമ്പിലൂടെ വരിവരിയായി പോകുന്ന തരുണീമണികളെ ഓർമിപ്പിക്കും വിധമുള്ള വയലും വീടും പരിപാടിയുടെ ഗൃഹാതുരമായ സംഗീതം ഉയർന്നു. കാത്തിരുന്നതെന്തോ മുന്നിലെത്തിയതുപോലെ.
നഷ്ടമായതെന്തോ കണ്ടുകിട്ടിയതുപോലെ. മുത്തശ്ശൻെറ കണ്ണുകൾ നിറഞ്ഞൊഴുകി. മൊബൈൽ വച്ച് അദ്ദേഹത്തെ വഞ്ചിക്കുന്നതിൽ അവനു കുറ്റബോധം തോന്നി. ‘വയലുംവീടും’ സംഗീതത്തെ ഭേദിച്ച് മൊബൈൽ തൻെറ ബാറ്ററി തീരുകയാണെന്ന മുന്നറിയിപ്പ് നൽകി പതിയെ നിശബ്ദമായി.
മുറിയിലെ ഇരുട്ടിലാഴ്ന്ന് ഇല്ലാതായിക്കൊണ്ടിരുന്ന ‘റേഡിയോശബ്ദ’ത്തിൽ മുത്തശ്ശൻെറ അവസാന ദീർഘനിശ്വാസവും അലിഞ്ഞു. അതറിയാതെ ഒഴിഞ്ഞ ബാറ്ററി നിറക്കുവാൻ അവൻ വെളിയിലേക്കിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.