പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കണം -പ്രവാസി വെൽഫെയർ മലപ്പുറം
text_fieldsദോഹ: കാലങ്ങളായി പ്ലസ് വൺ സീറ്റുകളുടെ കുറവ് അനുഭവിക്കുന്ന മലപ്പുറം ജില്ലയിൽ പുതിയ ബാച്ചുകൾ അനുവദിച്ച് കൂടുതൽ വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കണമെന്ന് പ്രവാസി വെൽഫെയർ മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. അധ്യയനം ആരംഭിക്കുന്ന സമയങ്ങളിൽ മാത്രം പ്രശ്നം ഉയർന്നു വരികയും അധിക ബാച്ചുകൾ അനുവദിക്കുന്നതിന് പകരം താത്കാലികമായി സീറ്റുകൾ വർധിപ്പിച്ച് കുട്ടികളെ ക്ലാസ് റൂമുകളിൽ കുത്തിനിറക്കുന്ന അവസ്ഥക്ക് ശാശ്വത പരിഹാരം ഉണ്ടാകേണ്ടതുണ്ടെന്നും കമ്മിറ്റി സൂചിപ്പിച്ചു. വിവിധ സർക്കാറുകൾ കാലങ്ങളായി മലബാറിനോട് തുടരുന്ന വിദ്യാഭ്യാസ മേഖലയിലെ അവഗണന നിർത്തണമെന്നും വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി പുതിയ ബാച്ചുകളും സ്കൂളുകളും അനുവദിക്കേണ്ടതുണ്ടെന്നും പത്താംക്ലാസ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസി വിദ്യാർഥികളെയും രക്ഷിതാക്കളെയും വരെ പ്രതിസന്ധിയിലാക്കുന്ന പ്ലസ് വൺ സീറ്റ് ക്ഷാമം സർക്കാർ എത്രയും പെട്ടെന്ന് പരിഹരിക്കേണ്ടതുണ്ടെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ പ്രസിഡന്റ് അമീൻ അന്നാര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫഹദ് മലപ്പുറം, സെക്രട്ടറി സഹല കോലോത്തൊടി, കറന്റ് അഫേഴ്സ് കൺവീനർ റഫീഖ് മേച്ചേരി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.