ശൂറാ കൗൺസിൽ; തെരഞ്ഞെടുപ്പ് ഭേദഗതിക്ക് ഹിതപരിശോധന
text_fieldsദോഹ: ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഭരണഘടന ഭേദഗതിയിൽ ഹിത പരിശോധനക്ക് നിർദേശിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ശൂറാ കൗൺസിലിന്റെ 53ാമത് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് കൗൺസിൽ അംഗങ്ങളെ നേരിട്ട് നിയമിക്കുന്ന വിധത്തിൽ ഭരണഘടന ഭേദഗതി ചെയ്യുന്നതിൽ രാജ്യത്തെ പൗരന്മാരുടെ അഭിപ്രായവും ആരാഞ്ഞുകൊണ്ട് ഹിതപരിശോധന നടത്താൻ നിർദേശം നൽകിയത്.
മന്ത്രിമാരുടെ കൗൺസിലിന് ഭേദഗതി തയാറാക്കുന്നതിനായി ആവശ്യമായ നിർദേശങ്ങൾ നൽകിയതായി അമീർ വ്യക്തമാക്കി. 2021 ഒക്ടോബറിലായിരുന്ന ശൂറാ കൗൺസിലിലേക്ക് മൂന്നിൽ രണ്ടു ഭാഗം അംഗങ്ങളെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്ത്. 45 അംഗ കൗൺസിലിലെ 30 പേർ ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ശേഷിച്ച 15 പേർ നേരിട്ട് നിയമിക്കപ്പെടുകയായിരുന്നു.
എന്നാൽ, തെരഞ്ഞെടുപ്പിനുശേഷം ശൂറാ കൗൺസിലിനെ അഭിസംബോധന ചെയ്ത അമീർ തുല്യപൗരത്വം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ നിയമ ഭേദഗതികൾ തയാറാക്കാൻ മന്ത്രിമാരുടെ സമിതിക്ക് നിർദേശം നൽകിയിരുന്നു. ഈ ഭേദഗതികൾ അംഗീകാരത്തിനും പരിഷ്കരണത്തിനുമായി ശൂറാ കൗൺസിലിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഖത്തറിന്റെ ഭരണഘടന അഭിലാഷങ്ങൾക്കും താൽപര്യങ്ങൾക്കും നിയമപരമായ സംരക്ഷണമാണ് ലക്ഷ്യമിടുന്നത്. സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കിടയിലും നീതിയുടെയും സമത്വത്തിന്റെയും മൂല്യങ്ങൾ ഉയർത്താനും ലക്ഷ്യമിടുന്നു.
‘ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് ഒരു പരീക്ഷണമായിരുന്നു. അതിനെ അവലോകനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യും. അതിൽനിന്ന് നിഗമനങ്ങളിലും എത്തിച്ചേരും. ഞങ്ങൾ അത് ചെയ്യുകയും ഭരണഘടന ഭേദഗതികൾ നിർദേശിക്കുന്നതിലേക്ക് എത്തുകയും ചെയ്തു. ജനാധിപത്യ പാർലമെന്റ് സംവിധാനമല്ല ശൂറാ കൗൺസിൽ. തെരഞ്ഞെടുക്കപ്പെട്ടതോ നിയമിക്കപ്പെട്ടതോ ആയ അംഗങ്ങളെന്ന വ്യത്യാസമില്ലാതെ അധികാരവും പദവിയുമുള്ള സംവിധാനമാണത്’ -അമീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.