അനന്തരാവകാശം വിഭജിക്കുന്നതിനുള്ള കരട് നിയമത്തിന് ശൂറാ കൗൺസിൽ അംഗീകാരം
text_fieldsദോഹ: അനന്തരാവകാശം വിഭജിക്കുന്നതുമായി ബന്ധപ്പെട്ട കരട് നിയമത്തിന് ഖത്തർ ശൂറാ കൗൺസിൽ അംഗീകാരം നൽകി. ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്റെ അധ്യക്ഷതയിൽ തമീം ബിൻ ഹമദ് ഹാളിൽ നടന്ന പതിവ് പ്രതിവാര യോഗത്തിലാണ് അംഗീകാരം നൽകിയത്.
യോഗത്തിന്റെ തുടക്കത്തിൽ നിരവധി രാജ്യങ്ങളിൽ അവരുടെ ഔദ്യോഗിക അധികാരികളുടെ അറിവോടെയും സംരക്ഷണത്തിലും ഖുർആൻ പതിപ്പുകൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളുടെ വെളിച്ചത്തിൽ ശൂറാ കൗൺസിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് സ്പീക്കർ സമിതി അംഗങ്ങളോട് വിശദീകരിച്ചു. ഇസ്ലാമിനോടും അതിന്റെ പവിത്രതകളോടുമുള്ള അവഹേളനം തടയുന്നതിന് സഹായിക്കുന്ന ഏകീകൃത ഇസ്ലാമിക നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒ.ഐ.സി പാർലമെന്ററി യൂനിയൻ, അറബ് പാർലമെന്റ്, അറബ് ഇൻറർ പാർലിമെന്ററി യൂനിയൻ എന്നിവയെ അഭിസംബോധന ചെയ്തതായും ശൂറാ കൗൺസിൽ വ്യക്തമാക്കി.
മതങ്ങളെയും അവയുടെ വിശുദ്ധികളെയും അവഹേളിക്കുന്നത് തടയുകയും അത് ക്രിമിനൽ കുറ്റമാക്കുകയും ചെയ്യുന്ന നിയമനിർമാണ ചട്ടക്കൂട് സ്ഥാപിക്കാൻ സംഭാവന നൽകുന്ന ഗൗരവമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെടാനും പ്രേരിപ്പിക്കാനും ശൂറാ കൗൺസിൽ ഇൻറർ പാർലമെൻററി യൂനിയനെ സമീപിക്കുമെന്നും കൗൺസിൽ അറിയിച്ചു.
യോഗത്തിൽ അനന്തരാവകാശങ്ങൾ വിഭജിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ചുള്ള കരട് നിയമത്തിന് ശൂറാ കൗൺസിൽ അംഗീകാരം നൽകി. കരട് നിയമം സംബന്ധിച്ച ലീഗൽ ആൻഡ് ലെജിസ്ലേറ്റിവ് അഫയേഴ്സ് കമ്മിറ്റിയുടെ റിപ്പോർട്ട് യോഗത്തിൽ അവലോകനം ചെയ്തു. കരട് നിയമത്തിലെ വ്യവസ്ഥകൾ കൗൺസിൽ അംഗങ്ങൾ ചർച്ചചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.