ജറൂസലമിനെ ജൂതവത്കരിക്കാനുള്ള ഇസ്രായേൽ ശ്രമങ്ങളെ അപലപിച്ച് ശൂറ കൗൺസിൽ
text_fieldsദോഹ: ജറൂസലം നഗരത്തെയും അൽ അഖ്സ മസ്ജിദിനെയും ജൂതവത്കരിക്കാനുള്ള ഇസ്രായേൽ ഗവൺമെന്റിന്റെ തുടർച്ചയായ ശ്രമങ്ങളെ ശൂറ കൗൺസിൽ അപലപിച്ചു. സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന ശൂറ കൗൺസിൽ പ്രതിവാര സെഷൻ യോഗത്തിന്റെ തുടക്കത്തിലാണ് ഇസ്രായേൽ നടപടികളിൽ പ്രതിഷേധിച്ചത്. സമാധാന നടപടികളെ തുരങ്കംവെക്കുന്ന രീതിയിൽ അധിനിവേശം വ്യാപിപ്പിക്കാനുള്ള ഇസ്രായേലിന്റെ പ്രവർത്തനം സൃഷ്ടിച്ചേക്കാവുന്ന അപകടത്തെക്കുറിച്ച് കൗൺസിൽ മുന്നറിയിപ്പ് നൽകി.
ഫലസ്തീൻ ജനതയുടെ അവകാശങ്ങളുടെയും ജറൂസലം നഗരത്തിന്റെ പദവിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടികളുടെയും പ്രമേയങ്ങളുടെയും വ്യക്തമായ ലംഘനമാണ് ഇസ്രായേൽ നടപടികൾ. ഒരു ജനതയുടെ അടിസ്ഥാന അവകാശങ്ങൾക്കുനേരെയുള്ള ഗൗരവതരമായ ആക്രമണവും പ്രത്യക്ഷത്തിലുള്ള ലംഘനവുമാണിത്.
അറബ് പാർലമെന്റും ഇന്റർ പാർലമെന്ററി യൂനിയനും വേൾഡ് പാർലമെന്റുകളും ഈ അധിനിവേശ നയത്തിൽ നിലപാട് സ്വീകരിക്കാനും ശൂറ കൗൺസിൽ ആവശ്യപ്പെട്ടു.
റിയൽ എസ്റ്റേറ്റ് വികസനം നിയന്ത്രിക്കുന്ന 2014ലെ നിയമത്തിൽ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന കരട് നിയമത്തെ സംബന്ധിച്ച നിയമ-നിയമനിർമാണകാര്യ സമിതിയുടെ റിപ്പോർട്ട് കൗൺസിൽ അവലോകനം ചെയ്തു. നവംബർ 13ന് ശർമ് അൽ-ശൈഖിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന്റെ 27ാമത് സമ്മേളനത്തോടനുബന്ധിച്ച് നടന്ന പാർലമെന്ററി യോഗം കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ചർച്ചചെയ്തിരുന്നു. ലോകത്തിന് ഭീഷണിയുയർത്തുന്ന കാലാവസ്ഥ വ്യതിയാനത്തെ അഭിമുഖീകരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് കൗൺസിൽ ചർച്ചചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.