ഏഷ്യൻ കപ്പ് സംഘാടനത്തിന് അഭിനന്ദനവുമായി ശൂറാ കൗൺസിൽ
text_fieldsദോഹ: എ.എഫ്.സി ഏഷ്യൻ കപ്പിന്റെ വിജയകരമായ ആതിഥേയത്വത്തെ അഭിനന്ദിച്ച് ശൂറാ കൗൺസിൽ. തമീം ബിൻ ഹമദ് ഹാളിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടൂർണമെന്റിന്റെ വിവിധ തലങ്ങളിലെ വിജയത്തിൽ അഭിമാനമുണ്ടെന്നും ശൂറാ കൗൺസിൽ അറിയിച്ചു.
തുടർച്ചയായി രണ്ടാം തവണയും ഏഷ്യൻ കപ്പ് കിരീടം നേടിയതിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും ഖത്തർ ടീമിനും ഖത്തരി ജനതക്കും അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായും കൗൺസിൽ വ്യക്തമാക്കി. ടൂർണമെന്റ് സംഘാടക സമിതിയെയും മികച്ച പ്രകടനം നടത്തിയ ഖത്തർ ടീമിനെയും പ്രശംസിച്ച കൗൺസിൽ, ദേശീയ സ്വത്വത്തിൽ അഭിമാനവും ദേശസ്നേഹവും പ്രകടിപ്പിക്കുന്ന യുവതാരങ്ങളുടെ കഴിവിൽ അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തു. സംയോജിത കായിക അടിസ്ഥാന സൗകര്യങ്ങൾ മുതലെടുത്ത് ടൂർണമെന്റ് വിജയമാക്കിയതിലൂടെ ആഗോളതലത്തിൽ ഖത്തറിന്റെ കായിക-സംഘാടന മികവിനെ അരക്കിട്ടുറപ്പിച്ചതായും കൗൺസിൽ പറഞ്ഞു.
ആരാധകരുടെ സാന്നിധ്യം, മാധ്യമ കവറേജ്, അന്താരാഷ്ട്ര അംഗീകാരങ്ങൾ എന്നിവയിൽ അഭൂതപൂർവമായ റെക്കോഡാണ് ടൂർണമെന്റ് സംഘാടനത്തിലൂടെ ഖത്തറിന് ലഭിച്ചതെന്നും ശൂറാ കൗൺസിൽ അഭിപ്രായപ്പെട്ടു. ഈ വിജയം ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.
കായികമേഖലയുടെയും സംസ്കാരങ്ങളുടെയും തലസ്ഥാനമെന്ന നിലയിൽ ദോഹയുടെ സ്ഥാനം ഉറപ്പിക്കുന്നതിൽ ഖത്തർ 2023 വലിയ പങ്കുവഹിച്ചു. സംസ്കാരങ്ങൾക്കിടയിൽ പുതിയ പാലങ്ങൾ സൃഷ്ടിക്കുകയും ദേശ, വംശ, മത ഭേദമന്യേ എല്ലാ ആളുകൾക്കും ഒരുമിക്കാനുള്ള കേന്ദ്രമായും ദോഹ മാറി -കൗൺസിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.