ദേശീയ വികസനത്തിൽ ഖത്തരി വനിതകളുടെ പങ്കിനെ പ്രശംസിച്ച് ശൂറാ കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ
text_fieldsദോഹ: ദേശീയ വികസനത്തിൽ ഖത്തരി വനിതകൾ വഹിച്ച പങ്കിനെ പ്രകീർത്തിച്ചും വിവിധ തലങ്ങളിലെ നേട്ടങ്ങളിൽ അവർ നൽകുന്ന സംഭാവനകളെ ഉയർത്തിക്കാട്ടിയും ശൂറാ കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ ഡോ. ഹംദ ബിൻത് ഹസൻ അൽ സുലൈതി. രാജ്യത്തിന് മികച്ച നേട്ടങ്ങൾ കരസ്ഥമാക്കുന്നതിന് സഹായകമായ രീതിയിലുള്ള മാർഗദർശിയായ റോളുകളും സുപ്രധാന സ്ഥാനങ്ങളും അവർ വഹിച്ചിട്ടുണ്ടെന്നും ഡോ. ഹംദ ബിൻത് ഹസൻ അൽ സുലൈതി കൂട്ടിച്ചേർത്തു. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ, ‘സ്വാധീനമുള്ള സ്ത്രീകളെ സംബന്ധിച്ച പ്രഥമ അന്താരാഷ്ട്ര കോൺഗ്രസി’ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ പ്രാദേശികതലത്തിലും ആഗോളാടിസ്ഥാനത്തിലും ശൈഖ മൗസ ബിൻത് നാസറിന്റെ പ്രവർത്തനങ്ങളും അവരുടെ സംരംഭങ്ങളും ശൂറാ കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ തന്റെ സംസാരത്തിനിടെ ചൂണ്ടിക്കാട്ടി. ഒരു നൂറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ഫലസ്തീൻ സ്ത്രീകളുടെ പോരാട്ടവീര്യത്തെയും അധിനിവേശത്തിന് മുന്നിൽ അവരുടെ മക്കളുയർത്തുന്ന മനോസ്ഥൈര്യത്തിൽ അവർ വഹിച്ച പങ്കും ഡോ. ഹംദ അനുസ്മരിച്ചു. ഫലസ്തീൻ വിഷയത്തിൽ സത്യം ലോകത്തിനു മുന്നിലേക്കെത്തിക്കുന്നതിനായുള്ള ഉദ്യമത്തിനിടയിൽ രക്തസാക്ഷിത്വം വഹിച്ച മാധ്യമപ്രവർത്തക ശിറീൻ അബൂഅക്ലയെയും ഡോ. ഹംദ അൽസുലൈതി അനുസ്മരിച്ചു.
സമൂഹത്തിൽ സ്വാധീനം ചെലുത്താൻ സാധിക്കുന്ന സ്ത്രീകളുടെ കഴിവുകളെയും ഗുണങ്ങളെയും അവർ ചൂണ്ടിക്കാട്ടി. നേതൃപരമായ കഴിവുകൾ, ദീർഘദൃഷ്ടിയോടെയുള്ള കാഴ്ചപ്പാട്, വിശാലമായ സംസ്കാരം, ലക്ഷ്യങ്ങളിലെ നിരന്തരശ്രദ്ധ എന്നിവ ഈ ഗുണങ്ങളിലുൾപ്പെടുന്നുവെന്നും വ്യക്തമാക്കി.
സ്ത്രീകളെ ബഹുമാനിക്കുന്നതിലും അവർക്ക് സമൂഹത്തിൽ മഹത്തായ സ്ഥാനം നൽകുന്നതിലും ഇസ്ലാം എല്ലാ നാഗരികതയെക്കാളും മുന്നിൽ നിൽക്കുന്നു. സ്ത്രീകൾ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറയാണെന്നും അവർ പറഞ്ഞു. ഇസ്ലാമിക ചരിത്രത്തിലെ നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വനിതകളുടെ ചരിത്രത്തെയും അവർ സംസാരത്തിനിടെ സ്പർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.