ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ്: 294 സ്ഥാനാർഥികൾ; 29 വനിതകൾ
text_fieldsദോഹ: ഒക്ടോബർ രണ്ടിന് നടക്കുന്ന ശൂറ കൗൺസിൽ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയത് 294 പേർ. പ്രാഥമിക സ്ഥാനാർഥി പട്ടിക സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് സൂപ്പർ വൈസറി കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. 29 സ്ത്രീകളാണ് പട്ടികയിലുള്ളത്. ആഗസ്റ്റ് 22ന് തുടങ്ങി 26ന് അവസാനിച്ച നാമനിർദേശ പത്രികകൾ സൂക്ഷ്മ പരിശോധനക്കൊടുവിലാണ് പ്രാഥമിക പട്ടിക പ്രസിദ്ധീകരിച്ചത്. ഇനി മൂന്നു ദിവസത്തെ പരാതികൾക്കും ആക്ഷേപങ്ങൾക്കും ശേഷം 15ഓടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
വോട്ടെടുപ്പ് നടക്കുന്ന 30 ഇലക്ടറൽ ജില്ലകളിൽ 16ാമത്തെ ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ നാമനിർദേശം നൽകിയത്. ഒരു വനിത ഉൾപ്പെടെ 21 പേരാണ് ഇവിടെ മത്സര രംഗത്തുള്ളത്. അതേസമയം, അഞ്ചാം ഇലക്ടറൽ ജില്ലയിൽ ഒരാൾ മാത്രമാണ് മത്സരിക്കാൻ അപേക്ഷ നൽകിയത്. ആദ്യ ഇലക്ടറൽ ജില്ലയിൽ രണ്ടും, രണ്ടാം ജില്ലയിൽ മൂന്നും, മൂന്നാം ഇലക്ടറൽ ജില്ലയിൽ മൂന്ന് വനിതകൾ ഉൾപ്പെടെ 18 പേരും രംഗത്തുണ്ട്.
പരാതികളിൽ ഏഴ് ദിവസത്തിനുള്ളിൽ തീർപ്പാക്കാനാണ് തെരഞ്ഞെടുപ്പ് സൂപ്പർവൈസറി കമ്മിറ്റിക്ക് നൽകിയ നിർദേശം. അതിനു ശേഷമായിരിക്കും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.
പ്രാഥമിക പട്ടികയിൽ നിന്നും പുറന്തള്ളപ്പെട്ട സ്ഥാനാർഥികൾക്ക് വിശദീകരണം നൽകാനുള്ള അവകാശമുണ്ട്. നിശ്ചിത ഫോമിൽ എഴുതി തയാറാക്കി രേഖകൾ സഹിതമാണ് ഇതുസംബന്ധിച്ച അപേക്ഷ സമർപ്പിക്കേണ്ടതെന്ന് സൂപ്പർവൈസറി കമ്മിറ്റി അറിയിച്ചു.ഖത്തറില്‍ ജനാധിപത്യ രീതിയില്‍ നടക്കുന്ന ആദ്യത്തെ ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനായി അത്യുത്സാഹത്തോടെയാണ് ജനങ്ങൾ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.