ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ്: പ്രചാരണ പരസ്യങ്ങൾക്ക് മാർഗനിർദേശങ്ങളുമായി മന്ത്രാലയം
text_fieldsദോഹ: ഒക്ടോബർ രണ്ടിന് നടക്കുന്ന ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികൾക്ക് ഉപയോഗിക്കുന്ന പരസ്യങ്ങൾക്ക് മാർഗനിർദേശങ്ങളുമായി പരിസ്ഥിതി മുനിസിപ്പാലിറ്റി മന്ത്രാലയം. മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി അപേക്ഷ നൽകി ലൈസൻസ് നേടി മാത്രമേ സ്ഥാനാർഥികൾക്ക് പരസ്യം ചെയ്യാനാകൂ. തെരഞ്ഞെടുപ്പ് കമ്മിറ്റി നൽകുന്ന സ്ഥാനാർഥിയുടെ നാമനിർദേശ പത്രികയുടെ പകർപ്പ്, ഖത്തർ ഐ.ഡി ഉൾപ്പെടെയുള്ള രേഖകൾ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 2012ലെ പരസ്യം പതിക്കൽ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നത് സംബന്ധിച്ച നിയമപ്രകാരമായിരിക്കും സ്ഥാനാർഥികളുടെയും പ്രചാരണങ്ങൾ. അറബി ഭാഷയിലായിരിക്കണം പരസ്യ വാചകങ്ങൾ. എന്നാൽ, മറ്റേതെങ്കിലും ഭാഷ ഉപയോഗിക്കണമെങ്കിൽ അതത് ഇലക്ടറൽ ജില്ലകൾ ഉൾെകാള്ളുന്ന മുനിസിപ്പാലിറ്റിയിൽ നിന്നും പ്രത്യേക അനുമതി വാങ്ങണം. ഇസ്ലാമിക വിശ്വാസത്തേയോ മറ്റേതെങ്കിലും മതവിശ്വാസത്തേയോ ഹനിക്കുന്ന രീതിയിൽ വാക്കുകളോ ചിഹ്നങ്ങളോ പാടില്ല. പൊതു നിർദേശങ്ങൾ, ധാർമിക മൂല്യങ്ങൾ, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയെ മുറിപ്പെടുത്തും വിധത്തിലും പരസ്യങ്ങൾ പാടില്ല.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി സ്ഥാപിക്കുന്ന ബോർഡുകളിലെ ചിഹ്നങ്ങളും വാക്കുകളും നിറങ്ങളും ട്രാഫിക് സൂചനകൾക്കും ഔദ്യോഗിക ചിഹ്നങ്ങൾക്കും സമാനമാവരുതെന്നും നിർദേശമുണ്ട്. കാൽനടക്കാർക്കോ വാഹനയാത്രക്കാർക്കോ ബുദ്ധിമുട്ട് ഉണ്ടാവുന്ന വിധം പ്രദർശിപ്പിക്കാനും പാടില്ല.
ജനാധിപത്യ രീതിയിൽ രാജ്യത്ത് ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പിെൻറ നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണിപ്പോൾ. 298 പേരുടെ പ്രാഥമിക സ്ഥാനാർഥിപ്പട്ടിക തെരഞ്ഞെടുപ്പ് സൂപ്പർവൈസറി കമ്മിറ്റി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പട്ടികയുമായി ബന്ധപ്പെട്ട തിരുത്തുകൾക്കും പരാതികൾക്കുമുള്ള സമയം വ്യാഴാഴ്ച അവസാനിച്ചു. ഇതു സംബന്ധിച്ച് ഇലക്ഷൻ കമ്മിറ്റിയുടെ പരിശോധന ഒരാഴ്ചക്കകം പൂർത്തിയാക്കാനാണ് നിർദേശം. ശേഷം, സെപ്റ്റംബർ 15ഓടെ അന്തിമ പട്ടിക പ്രഖ്യാപിക്കും. തുടർന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.