ശൂറ കൗൺസിൽ തെരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പരാതി ബോധിപ്പിക്കൽ സമയം നീട്ടി
text_fieldsദോഹ: ശൂറ കൗൺസിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച് വോട്ടർ പട്ടികയിലെ തിരുത്തുകളും പരാതികളും ആക്ഷേപങ്ങളും ഉന്നയിക്കാനുള്ള സമയ പരിധി ഒരാഴ്ചത്തേക്ക് നീട്ടാൻ സൂപ്പർവൈസറി കമ്മിറ്റിയുടെ തീരുമാനം. വ്യാഴാഴ്ച രാത്രിയോടെ അവസാനിക്കുമെന്ന് അറിയിച്ച സമയപരിധിയാണ് ഒരാഴ്ച കൂടി നീട്ടിയത്. ഓരോ ഇലക്ടറൽ ജില്ലകളിലെയും വോട്ടർ പട്ടിക സംബന്ധിച്ച് ആക്ഷേപങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങൾക്ക് കൂടുതൽ സമയം നൽകാൻ തീരുമാനിച്ചത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ദിവസവും രാവിലെ എട്ട് മുതൽ ഉച്ച 12 വരെയും വൈകീട്ട് നാല് മുതൽ രാത്രി എട്ടു വരെയും വോട്ടർമാർക്ക് പരാതികൾ ബോധിപ്പിക്കാം.
ആഗസ്റ്റിന് ഒന്നിന് തുടങ്ങിയ വോട്ടു ചേർക്കൽ നടപടികൾ ആറിന് അവസാനിച്ചതിനു ശേഷമാണ് പരാതി പരിഹാരങ്ങൾക്ക് സമയം പ്രഖ്യാപിച്ചത്. ആഗസ്റ്റ് എട്ടിന് തുടങ്ങി 12ന് രാത്രിയോടെ സമാപിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ, രാജ്യത്തിൻെറ വിവിധ കോണുകളിൽ നിന്ന് വോട്ടർ പട്ടിക സംബന്ധിച്ച് തിരുത്തൽ അപേക്ഷകൾ വന്നു. കൂടുതൽ സമയം വേണമെന്നും ആവശ്യമുയർന്നു. ഏറെ പരാതികൾ ലഭിച്ചതായും സമയബന്ധിതമായി അവ പരിഹരിച്ചതായും സൂപ്പർവൈസറി കമ്മിറ്റി ഉപാധ്യക്ഷനും ആഭ്യന്തര മന്ത്രാലയം നിയമ വിഭാഗം മേധാവിയുമായ ബ്രിഗേഡിയർ സാലം സഖർ അൽ മുറൈഖി പറഞ്ഞു. ഇപ്പോഴും ആക്ഷേപങ്ങൾ ലഭിക്കുന്നതായും അംഗങ്ങൾ അറിയിച്ചു.
സ്വദേശവുമായി ബന്ധപ്പെട്ടും ഇലക്ടറൽ ജില്ലകൾ മാറ്റുന്നത് സംബന്ധിച്ചുമാണ് ഏറെയും തിരുത്തലുകൾ. അപേക്ഷകൾ, സമിതി പരിശോധിച്ച ശേഷം ഇതുസംബന്ധിച്ച് തീർപ്പാക്കി വോട്ടർമാരെ അറിയിക്കും. ആഗസ്റ്റ് 22നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്. സ്ഥാനാർഥി നാമനിർദേശങ്ങൾ 22 മുതൽ 26 വരെ സ്വീകരിക്കും. സ്ഥാനാർഥിപ്പട്ടിക സെപ്റ്റംബർ 15നും പ്രസിദ്ധീകരിക്കും. 20 ലക്ഷം റിയാൽ വരെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാം. ആൾക്കൂട്ടങ്ങളുള്ള തെരഞ്ഞെടുപ്പ് യോഗങ്ങൾ ബന്ധപ്പെട്ട സുരക്ഷ വിഭാഗത്തിൽ നിന്നുള്ള അനുമതി വാങ്ങി മാത്രമേ നടത്താൻ പാടുള്ളൂ, രാത്രി 11ന് ശേഷം തുടരാൻ അനുവദിക്കില്ല തുടങ്ങിയ നിർദേശങ്ങളും തെരഞ്ഞെടുപ്പിൻെറ ഭാഗമായി സ്ഥാനാർഥികൾക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.