ശൂറ കൗൺസിൽ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി സ്ത്രീ പങ്കാളിത്തം
text_fieldsദോഹ: ഖത്തറില്‍ ജനാധിപത്യ രീതിയില്‍ നടക്കുന്ന ആദ്യത്തെ ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയിൽ സ്ത്രീപങ്കാളിത്തം ശ്രദ്ധേയമായി. വ്യാഴാഴ്ചയായിരുന്നു സ്ഥാനാർഥി പദവിയിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 22ന് ഞായറാഴ്ച ആരംഭിച്ച നടപടി ക്രമങ്ങളിൽ ആദ്യ ദിനം മുതൽ തന്നെ വിവിധ ഇലക്ടറൽ ജില്ലകളിൽനിന്നായി സ്ത്രീ പ്രതിനിധികൾ മത്സരിക്കാൻ രംഗത്തുവന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതീക്ഷിച്ചതിലും കൂടുതല്‍ പത്രികകള്‍ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു.
ഖത്തറില്‍ ഒക്ടോബര്‍ രണ്ടിനാണ് ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജനാധിപത്യ രീതിയിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിന് അത്യുത്സാഹത്തോടെയുള്ള പ്രതികരണമാണ് ലഭിക്കുന്നത്. സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെടെ പ്രതീക്ഷിച്ചതിനേക്കാളേറെ എണ്ണം പത്രികകളാണ് ലഭിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
30 ഇലക്ടറല്‍ ജില്ലകളായി തിരിച്ചാണ് വോട്ടെടുപ്പ് നടക്കുക. ഓരോ ജില്ലകളില്‍ നിന്നും ഓരോ പ്രതിനിധിയെ വീതം വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കും. സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടിക ആഗസ്റ്റ് 30ന് തെരഞ്ഞെടുപ്പ് സമിതിയുടെ ആസ്ഥാനത്ത് പ്രഖ്യാപിക്കും. പരാതികളും എതിർപ്പുകളും സമർപ്പിക്കുന്നതിന് ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 15 വരെ സമയം അനുവദിക്കും. തെരഞ്ഞെടുപ്പിെൻറ എല്ലാ മേഖലകളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവകാശങ്ങളാണ് അനുവദിച്ചിട്ടുള്ളത്. സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നതോടെ പ്രചാരണത്തിന് തുടക്കമാകും. വോട്ടിങ് നടക്കുന്നതിെൻറ 24 മണിക്കൂര്‍ മുമ്പ് പ്രചാരണം അവസാനിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ കെട്ടിടങ്ങളിലോ പരസ്യങ്ങളോ പ്രചാരണ ബോര്‍ഡുകളോ സ്ഥാപിക്കാന്‍ പാടുള്ളതല്ല. 20 ലക്ഷം റിയാല്‍ വരെ സ്ഥാനാര്‍ഥിക്ക് പ്രചാരണത്തിനായി െചലവഴിക്കാം. ഇതില്‍ 35 ശതമാനം വരെ സംഭാവനയായി സ്വീകരിക്കാം. ഖത്തറിെൻറ ഭരണനയങ്ങളും നിയമങ്ങളും ബജറ്റ് ഉള്‍പ്പെടെയുള്ള സാമ്പത്തിക കാര്യങ്ങളും തീരുമാനിക്കുന്ന 45 അംഗ ശൂറ കൗണ്‍സിലിലേക്ക് 30 അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. ബാക്കി 15 പേരെ അമീര്‍ നേരിട്ട് നാമനിര്‍ദേശം ചെയ്യും. വോട്ടർ രജിസ്ട്രേഷൻ ഇതിനകം പൂർത്തിയാക്കിയിരുന്നു. അന്തിമ സ്ഥാനാർഥി പട്ടിക തയാറാവുന്നതോടെ രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.