ദോഹ വിമാനത്താവളം തുറന്നു : ഗൾഫ് രാജ്യങ്ങളിൽനിന്ന് ഷട്ട്ൽ സർവിസിന് തുടക്കം
text_fieldsദോഹ: ലുസൈൽ സൂപ്പർ കപ്പിനെ അടിമുടി ലോകകപ്പ് ട്രയൽ റൺ ആക്കി മാറ്റുകയാണ് സംഘാടകർ. ലോകകപ്പ് വേളയിൽ ഗൾഫ് രാജ്യങ്ങളിൽനിന്നും ഖത്തറിലേക്ക് കാണികൾക്കുള്ള സഞ്ചാര മാർഗമായ ഷട്ട്ൽ വിമാന സർവിസിന്‍റെ പരീക്ഷണമായി സൂപ്പർ കപ്പിന് ഈജിപ്ഷ്യൻ ആരാധകരുമായി ബുധനാഴ്ച സർവിസ് ആരംഭിക്കും.
നവീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ് സജ്ജമായ ദോഹ ഇന്‍റർനാഷനൽ വിമാനത്താവളത്തിലേക്കാണ് (ഓൾഡ് എയർപോർട്ട്) ആദ്യ ഷട്ട്ൽ സർവിസ് വിമാനം പറന്നിറങ്ങുന്നത്. കയ്റോയിൽ നിന്നും ബുധനാഴ്ച രാത്രിയോടെ ആദ്യ വിമാനമെത്തും. വ്യാഴം, വെള്ളി ദിനങ്ങളിലും ഖത്തർ എയർവേസിന്‍റെ ഷട്ട്ൽ സർവിസ് വിമാനങ്ങളെത്തുന്നുണ്ട്. വെള്ളിയാഴ്ച നടക്കുന്ന ലുസൈൽ സൂപ്പർ കപ്പിനുള്ള ഈജിപ്ഷ്യൻ കാണികളുടെ യാത്രക്ക് വേണ്ടിയാണ് ഷട്ട്ൽ സർവിസ്. ഹമദ് വിമാനത്താവളം തുറക്കും മുമ്പ് ഖത്തറിന്‍റെ പ്രധാന യാത്രാ മാർഗമായിരുന്ന ദോഹ രാജ്യാന്തര വിമാനത്താവളം പിന്നീട് രാഷ്ട്രത്തലവന്മാരുടെയും മറ്റും യാത്രക്കുള്ള നയതന്ത്ര വിമാനത്താവളമായി മാറുകയായിരുന്നു. ലോകകപ്പിനായി നവീകരണം പൂർത്തിയാക്കിയ ഇവിടെ സെപ്റ്റംബർ 15 മുതൽ യാത്രാ വിമാനങ്ങൾ എത്തും. ജസീറ എയർവേസ്, എയർ അറേബ്യ, ൈഫ്ല ദുബൈ എന്നിവയുടെ വിമാനങ്ങൾ താൽക്കാലികമായി ദോഹ എയർപോർട്ടിലായിരിക്കും ഇറങ്ങുകയെന്ന് നേരത്തേ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.