ഗസ്സയിലെ കുരുന്നു വേദനകളുണക്കിയ സിദ്റ
text_fieldsദോഹ: പത്തുമാസം പിന്നിട്ട ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ഖത്തറിലെ അൽ സിദ്റ മെഡിസിൻ. ശസ്ത്രക്രിയ ഉൾപ്പെടെ വിദഗ്ധചികിത്സകൾ നൽകിയാണ് പരിക്കേറ്റ കുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ച് നയിക്കുന്നത്. 2023 ഡിസംബർ മുതൽ 170ലധികം കുട്ടികളെയാണ് സിദ്റ മെഡിസിനിൽ ചികിത്സക്ക് വിധേയമാക്കിയത്.
യുദ്ധത്തിലുണ്ടായ സ്ഫോടനങ്ങൾ, വ്യോമാക്രമണം തുടങ്ങിയ സംഭവങ്ങളിൽ മാരകമായ മുറിവുകളേറ്റ് ജീവിതത്തിലേക്ക് തിരികെയെത്തില്ലെന്നുറപ്പിച്ച നിരവധി ‘പോളി ട്രോമ’ കേസുകളും സിദ്റയിൽ വിജയകരമായി പൂർത്തിയാക്കി. 2024 ജൂൺ വരെ സിദ്റ മെഡിസിനിൽ 170 പീഡിയാട്രിക് രോഗികളാണ് ഐ.പി, ഒ.പി ക്രമീകരണങ്ങളിൽ ഉണ്ടായിരുന്നത്. അവരിൽ ഭൂരിഭാഗം പേർക്കും ഒ.പിയിൽ തുടർ ചികിത്സയും നൽകുന്നുണ്ട്.
ഒക്ടോബർ ഏഴിന് ഗസ്സയിലേക്ക് ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ കൊല്ലപ്പെടുകയും പരിക്കേറ്റവർ ചികിത്സയില്ലാതെ ദുരിതത്തിലാവുകയും ചെയ്തതിന് പിന്നാലെയാണ് ഖത്തർ ചികിത്സ സഹായവുമായെത്തുന്നത്. 2023 ഡിസംബർ മൂന്നിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി ഗസ്സക്കാർക്ക് ചികിത്സയും സംരക്ഷണവും പ്രഖ്യാപിച്ചിരുന്നു. 3000 അനാഥരുടെ സംരക്ഷണവും പരിക്കേറ്റ 1500 പേർക്ക് ചികിത്സ നൽകാനും അമീർ നിർദേശം നൽകി.
തുടർന്നാണ് ഗസ്സയിൽ നിന്നെത്തിയ കുട്ടികളുടെ ചികിത്സയിൽ സിദ്റ മെഡിസിൻ സജീവമായത്. ഗസ്സയിലെ കുട്ടികളെ ചികിത്സിക്കുന്ന ഏഴ് ആശുപത്രികളിലൊന്നാണ് സിദ്റ മെഡിസിൻ. അവർക്കായി 22 കിടക്കകളുള്ള പ്രത്യേക വാർഡ് സജ്ജീകരിച്ചു. മാനുഷിക സംഘടനകളുമായും സർക്കാർ ഏജൻസികളുമായും സഹകരിച്ച് സിദ്റ മെഡിസിൻ രോഗികളെ കൊണ്ടുപോകുന്നതിനും സംയോജിപ്പിക്കുന്നതിനും മുന്നിൽ നിൽക്കുന്നു.
ഗസ്സയിൽനിന്ന് വരുന്ന എല്ലാ കുട്ടികളുടെയും പരിചരണം സാധ്യമാക്കുന്നതിൽ ദേശീയ ശിശുരോഗ മേധാവി എന്ന നിലയിൽ ആശുപത്രിയുടെ ആക്ടിങ് ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അഹ്മദ് അൽ ഹമ്മാദിയാണ് സേവനം ചെയ്യുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ റഫ-ഈജിപ്ത് അതിർത്തിയിൽനിന്ന് ഖത്തറിലേക്ക് കൊണ്ടുവരാനുള്ള ദൗത്യം ഏറ്റെടുത്തത് സിദ്റ മെഡിസിനിലെ സർജറി ചെയർ ഡോ. മൻസൂർ അലി ആയിരുന്നു.
ആദ്യം ആശുപത്രിയിലെത്തിച്ച കുട്ടികളിൽ ഭൂരിഭാഗവും പോളി ട്രോമ ബാധിച്ചവരായിരുന്നുവെന്നും അവർക്ക് ഒന്നിലധികം പരിക്കുകൾ ഉണ്ടായിരുന്നുവെന്നും കൂടാതെ അവർക്ക് ജീവൻരക്ഷാ സംബന്ധമായ പ്രത്യേക ശസ്ത്രക്രിയയോ ചികിത്സ നടപടികളോ ആവശ്യമായിരുന്നുവെന്നും ഡോ. മൻസൂർ അലിയെ ഉദ്ധരിച്ച് ‘ദ പെനിൻസുല’ റിപ്പോർട്ട് ചെയ്തു. കൂടാതെ അർബുദം, രക്തജന്യരോഗങ്ങൾ തുടങ്ങിയ ഗുരുതര ശാരീരികാവശതകളുള്ള കൊച്ചുകുട്ടികളും ചികിത്സക്കായി സിദ്റയിലെത്തിയിരുന്നു. നിർണായകവും സൂക്ഷ്മവുമായ ചികിത്സ അവർക്ക് ആവശ്യമായിരുന്നു -അദ്ദേഹം പറഞ്ഞു.
കുട്ടികൾക്കായി പ്രത്യേക ചികിത്സ പ്രോട്ടോകോളുകൾ ഇവിടെ നടപ്പാക്കി. ഉടനടി ശസ്ത്രക്രിയ നടത്താൻ പാകത്തിൽ രണ്ടിലധികം ശസ്ത്രക്രിയ വിദഗ്ധരെ ഒരേസമയം അണിനിരത്താൻ സാധിച്ചു. എല്ലാ രോഗികൾക്കും വേണ്ടിയുള്ള ഫോളോ-അപ്, ഔട്ട് പേഷ്യന്റ് കെയർ പ്രോഗ്രാമുകളിലും ഇതേ സമീപനമാണ് സ്വീകരിച്ചത്. കാലുകൾ മുറിച്ചുമാറ്റിയ കുട്ടികളിൽ പലർക്കും തുടർ ജീവൻ രക്ഷാ ചികിത്സയും മരുന്നും പുനരധിവാസവും അനിവാര്യമായിരുന്നു.
2024 മേയ് വരെ വിവിധ സ്പെഷാലിറ്റികളിലായി 202 ശസ്ത്രക്രിയകളാണ് നടത്തിയത്. ഇതിൽ 59 പ്ലാസ്റ്റിക് സർജറികൾ (പൊള്ളലേറ്റവർക്ക്), 51 ഇന്റർവെൻഷനൽ റേഡിയോളജി, 26 ഓർത്തോപീഡിക്സ്, 22 ഇ.എൻ.ടി, 19 ജനറൽ തൊറാസിക് സർജറികൾ, 14 ന്യൂറോ സർജറികൾ ഉൾപ്പെടുന്നു. കുട്ടികൾക്ക് പുറമെ യുദ്ധത്തിൽ പരിക്കേറ്റ് മുതിർന്നവർ ഉൾപ്പെടെയുള്ളവർക്കും സിദ്റയിൽ ചികിത്സ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.