രണ്ടു വർഷത്തിനിടെ റോഡപകടങ്ങളിൽ ഗണ്യമായ കുറവ്
text_fieldsദോഹ: റോഡ് സുരക്ഷ ബോധവത്കരണത്തിന്റെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതിന്റെയും ഫലമായി റോഡപകടങ്ങളിൽ ഗണ്യമായ കുറവ്. മരണം സംഭവിക്കുന്ന വാഹനാപകടങ്ങൾ കഴിഞ്ഞ രണ്ടുവർഷത്തിനിടെ കുറഞ്ഞു. ഈ വർഷം ആദ്യ നാലു മാസം 52 പേർ വാഹനാപകടങ്ങളിൽ മരിച്ചതായി ദേശീയ ആസൂത്രണസമിതി റിപ്പോർട്ടിൽ പറയുന്നു. 2022ൽ ഇതേ കാലയളവിൽ റോഡപകടങ്ങളിൽ 77 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 32.4 ശതമാനമാണ് അപകട മരണങ്ങളിൽ കുറവുവന്നത്. വേഗപരിധിയും സീറ്റ് ബെൽറ്റ് ഉപയോഗവും മറ്റു ഗതാഗത നിയമങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് നടത്തുന്ന നിരന്തര ശ്രമങ്ങൾ അപകടങ്ങൾ കുറക്കുന്നതിൽ വലിയ പങ്കു വഹിച്ചു. റോഡ് അടിസ്ഥാന സൗകര്യ വികസനവും വാഹനങ്ങളുടെ പ്രവർത്തനശേഷി ഉറപ്പാക്കുന്ന വാർഷിക പരിശോധന സംവിധാനവും റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ സഹായിച്ചു. എൻ.പി.സി കണക്കുകൾ പ്രകാരം ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ 3163 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഭൂരിഭാഗവും ചെറിയ അപകടങ്ങളായിരുന്നു. ഗുരുതര അപകടങ്ങളുടെ എണ്ണം 172 ആണ്. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3041 അപകടങ്ങളാണ് സംഭവിച്ചത്. 179 ഗുരുതര അപകടങ്ങളിൽ നിന്ന് 58 പേരാണ് മരിച്ചത്. ഗതാഗത നിയമങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ രാജ്യത്തുടനീളം നിരീക്ഷണ കാമറകളും സീറ്റ് ബെൽറ്റ്, മൊബൈൽ ഉപയോഗം സംബന്ധിച്ച നിയമലംഘനം കണ്ടെത്താൻ എ.ഐ കാമറകളും ആഭ്യന്തര മന്ത്രാലയം സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.