സൈനസൈറ്റിസും ദശകളും ഇനി അലോസരപ്പെടുത്തില്ല
text_fieldsനിങ്ങൾക്ക് അറിയാമോ, ലോകമെമ്പാടുമുള്ള മുതിർന്നവരുടെ ജനസംഖ്യയുടെ 12 ശതമാനത്തിൽ അധികം പേരും ദീർഘകാലമായി നീണ്ടുനിൽക്കുന്ന സൈനസൈറ്റിസ് (Acute Sinusitis) ബാധിതരാണ്. മൂക്കിന് ചുറ്റുമുള്ള എല്ലുകളുടെ ഉള്ളിലുള്ള വായുനിറഞ്ഞ അറകളാണ് സൈനസ്. പല കാരണങ്ങളാൽ നിങ്ങളുടെ സൈനസും മൂക്കിലെദ്വാരവും വീക്കംവെക്കുകയും പഴുപ്പ് ബാധിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് സൈനസൈറ്റിസ്. വളരെ സാധാരണയായി കണ്ടുവരുന്ന ഈ അസുഖം നാല് മുതൽ 12 ആഴ്ചവരെ നീണ്ടുനിന്നേക്കാം. അതുപോലെ തന്നെ ദീർഘകാലമായി നീണ്ടുനിൽക്കുന്ന സൈനസൈറ്റിസ് ബാധിതരിൽ അഞ്ചിൽ ഒരാളുടെയും മൂക്കിൽ ദശകളും (Nasal Polyps) കാണപ്പെടാറുണ്ട്. ആളുകളുടെ മൂക്കിലെ ദ്വാരങ്ങളിലെ പേശികളിൽ കാണപ്പെടുന്ന മൃദുവായതും വേദനയില്ലാത്തതുമായ കോശങ്ങളുടെ വളർച്ചയാണ് ദശകൾ (Polyps) എന്നറിയപ്പെടുന്നത്.
കൃത്യസമയത്ത് കണ്ടെത്തി ആവശ്യമായ ചികിത്സ നടത്തിയില്ലെങ്കിൽ സൈനസൈറ്റിസും ദശകളും കാലക്രമേണ നിങ്ങളുടെ ജീവിതം ദുസ്സഹമാക്കിയേക്കും. ഇവ കാരണം മൂക്ക് അടയുക, ശ്വസിക്കാൻ തടസ്സം നേരിടുക, ഗന്ധം തിരിച്ചറിയാൻ സാധിക്കാതെ വരുക, മുഖത്തെ പേശികളിൽ വേദന അനുഭവപ്പെടുക, വീക്കം കാണുക തുടങ്ങി ഒട്ടനവധി ബുദ്ധിമുട്ട് ആളുകൾക്കു അനുഭവപ്പെട്ടേക്കാം. സന്തോഷവാർത്ത എന്തെന്നാൽ ഇപ്പോൾ ലഭ്യമായ ചെറിയ ഇൻവാസീവ് സർജറി ഉൾെപ്പടെയുള്ള ചികിത്സാ സംവിധാനങ്ങളിലൂടെ ഈ അസുഖങ്ങൾ സുരക്ഷിതമായും ഫലപ്രദമായും വേഗത്തിൽ ഭേദമാക്കാൻ സാധിക്കും.
സൈനസൈറ്റിസും ദശകളും;
എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
മൂക്കിന്റെ ദ്വാരങ്ങളിലും സൈനസിലും കുടുങ്ങിക്കിടക്കുന്ന ദ്രവങ്ങളിൽ രോഗാണുക്കൾ പെരുകുകയും അത് കാലക്രമേണ സൈനസിന്റെ വീക്കത്തിനും അണുബാധക്കും തുടർന്ന് ദശയുടെ വളർച്ചക്കും കാരണമാകുകയുംചെയ്യും. അതുപോലെ തന്നെ മൂക്കിലെ ദശകളുടെ വളർച്ച സൈനസൈറ്റിസിനും കാരണമായേക്കാം. സാധാരണ രീതിയിൽ ചെറിയ വലുപ്പത്തിലുള്ള ദശകൾ തിരിച്ചറിയണം എന്നില്ല. എന്നാൽ ദശ വളരുന്നതിനോടൊപ്പം അത് മൂക്കിൽ ഉണ്ടാക്കുന്ന തടസ്സത്തിന്റെ അളവും വർധിക്കും. എന്നാൽ അത് 75 ശതമാനം മുതൽ 90 ശതമാനം വരെ തടസ്സം സൃഷ്ടിക്കുന്നതിലൂടെ സൈനസിനും തൊണ്ടക്കും ഇടയിലുള്ള മ്യൂക്കസിന്റെ ഒഴുക്ക് തടസ്സപ്പെടുകയും അത് അസുഖത്തിന്റെ തീവ്രത വർധിപ്പിക്കുകയും ചെയ്യും.
കാരണങ്ങളും ലക്ഷണങ്ങളും
എങ്ങനെയാണ് സൈനസൈറ്റിസും ദശകളും ഉണ്ടാകുന്നത്? ഈ രണ്ട് അസുഖങ്ങൾക്കും കാരണങ്ങൾ വ്യത്യസ്തമാണ്. എന്നാൽ ചില കാരണങ്ങൾ തമ്മിൽ സാമ്യവുമുണ്ട്. സൈനസൈറ്റിസും ദശകൾക്കും കാരണമായേക്കാവുന്നവ. അണുബാധയിലേക്ക് നയിക്കുന്ന ജലദോഷം, അലർജികൾ, ആസ്ത്മ, മരുന്നുകളോടുള്ള പ്രതിരോധം, ചില രോഗപ്രതിരോധ വൈകല്യങ്ങൾ.
അതുപോലെ സൈനസൈറ്റിസിനും ദശകൾക്കും ഒരുപോലെ കാണപ്പെടുന്ന ലക്ഷണങ്ങൾ: ശക്തമായ മൂക്കടപ്പ്, സൈനസിൽ കാണപ്പെടുന്ന മർദം, കടുത്ത തലവേദന, മണവും രുചിയും ക്രമേണ നഷ്ടപ്പെടുക, മൂക്കൊലിപ്പ്, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ഉറക്കമില്ലായ്മ, കൂർക്കംവലി.
ചികിത്സയും പ്രതിരോധവും
സൈനസൈറ്റിസ് അല്ലെങ്കിൽ ദശകളുടെ മുകളിൽ കൊടുത്തിട്ടുള്ള ലക്ഷണങ്ങൾ കാണുകയും അവ 10 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയും വഷളാകാൻ തുടങ്ങുകയും ചെയ്താൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണാൻ മടിക്കരുത്. സൈനസൈറ്റിസും ദശകളും കണ്ടുപിടിക്കുന്നതിനും ചികിൽസിക്കുന്നതിനുമായി ഡോക്ടർമാർ ഉപയോഗിക്കുന്ന നൂതനരീതികളെല്ലാം തന്നെ ഫലപ്രദവും സുരക്ഷിതവുമാണ്. ഇന്ന് ഉപയോഗിക്കുന്ന പ്രധാന പരിശോധനരീതികൾ ഇവയാണ്.
അലർജി പരിശോധനകൾ, രോഗപ്രതിരോധ പരിശോധന, നാസൽ എൻഡോസ്കോപ്പി, വിവിധ റേഡിയോളജി പരിശോധനകൾ (എക്സ്-റേ, സി.ടി, എം.ആർ.ഐ തുടങ്ങിയവ)
അസുഖം സ്ഥിരീകരിച്ചുകഴിഞ്ഞാൽ സൈനസൈറ്റിസ്, ദശകൾ എന്നിവയുടെ തീവ്രത അനുസരിച്ചാണ് ചികിത്സാരീതികൾ തീരുമാനിക്കുന്നത്. സൈനസിന്റെ വീക്കം കുറക്കുന്നതിനും അതുപോലെ ദശകളുടെ വളർച്ച ഇല്ലാതാക്കുന്നതിനുമായി താഴെ കൊടുത്തിട്ടുള്ള മരുന്നുകളാണ് ഡോക്ടർമാർ സാധാരണയായി നിർദേശിക്കാറുള്ളത്.
ആൻറിബയോട്ടിക്കുകൾ, ഓറൽ സ്റ്റിറോയിഡ് ഗുളികകൾ, നാസൽ സ്റ്റിറോയിഡ് സ്പ്രേകൾ. എന്നാൽ ചില സമയങ്ങളിൽ മുകളിൽ കൊടുത്തിട്ടുള്ള മരുന്നുകളിലൂടെ സൈനസൈറ്റിസ്, ദശകൾ എന്നിവ പരിഹരിക്കാൻ സാധിച്ചെന്നുവരില്ല. അത്തരം സന്ദർഭങ്ങളിൽ ചെറിയ സർജറികളിലൂടെ അസുഖം പൂർണമായി പരിഹരിക്കാൻ സാധിക്കും.
സർജറികൾ ഫലപ്രദമാണോ?
തീവ്രതകൂടിയ അളവിലുള്ള സൈനസൈറ്റിസിനും ശ്വസനത്തിന് തടസ്സം വരുത്തുന്ന രീതിയിൽ വളർച്ച പ്രാപിച്ച ദശകളും പരിഹരിക്കുന്നതിന് ഒരുപരിധിവരെ സർജറികൾ കൂടിയേ തീരൂ. സൈനസിലെയും മൂക്കിലെയും ദ്വാരങ്ങളിലെയും തടസ്സം പൂർണമായി നീക്കം ചെയ്യുക എന്നതാണ് സർജറികളിലൂടെ പ്രധാനമായി ചെയ്യുന്നത്. ഇത് ശ്വസനപ്രക്രിയ കൂടുതൽ ലളിതമാക്കും. ഒപ്പം സൈനസൈറ്റിസിനും ദശകൾക്കും കാരണമായിട്ടുള്ള അണുബാധയുള്ള കോശങ്ങളും വളർച്ചയും പൂർണമായി നീക്കംചെയ്യാനും സർജറികളിലൂടെ സാധിക്കും.
ആധുനികരീതിയിലുള്ള സർജറികളെല്ലം തന്നെ സുരക്ഷിതവും ഫലപ്രദവുമാണ്. സർജറിക്ക് ശേഷം കുറഞ്ഞ അളവിൽ മാത്രമേ രക്തസ്രാവം ഉണ്ടാകുകയുള്ളൂ. അതുപോലെ രോഗികൾക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ സാധിക്കുകയും ചെയ്യും. എൻഡോസ്കോപ്പിക് സൈനസ് സർജറി, ഡീവിയേറ്റഡ് നേസൽ സെപ്റ്റം സർജറി എന്നിവയാണ് ഇന്ന് സാധാരണയായി സൈനസൈറ്റിസിനും ദശകൾക്കും പരിഹാരമായുള്ള സർജറികൾ.
എൻഡോസ്കോപ്പിക് സൈനസ് സർജറി (Endoscopic Sinus Surgery)
ശരീരഘടനക്കനുസരിച്ച് മൂക്കിലെ ദ്വാരത്തിലൂടെ കടത്തിവിട്ട എൻഡോസ്കോപ്പ് ഉപയോഗിച്ച് ചെയ്യുന്ന സുരക്ഷിതവും മുറിവ് കുറഞ്ഞതുമായ സർജറിയാണിത്.
എൻഡോസ്കോപ് ലക്ഷ്യസ്ഥാനത്ത് എത്തിയാൽ അതിൽ ഉള്ള സർജറി ഉപകരണങ്ങൾ ഉപയോഗിച്ച് സർജൻ ദശകളും അനാവശ്യമായി വളരുന്ന കോശങ്ങളും നീക്കം ചെയ്യുകയും ടർബിനേറ്റുകൾ ഒഴിവാകുകയും അതുവഴി രോഗികൾക്ക് കൂടുതൽ സാന്ത്വനം ലഭിക്കുകയും ചെയ്യും.
എൻഡോസ്കോപ്പിക് സർജറി ആയതുകൊണ്ടുതന്നെ മുറിവോ പാടുകളോ ഉണ്ടാകുകയില്ല. അതുപോലെ സർജറിമൂലമുള്ള ചെറിയ ബുദ്ധിമുട്ടുകൾ കൂടിയത് രണ്ട് മണിക്കൂർ വരെ മാത്രമേ നിലനിൽക്കൂ. അതിനാൽ ഇത്തരം സർജറികൾ കഴിഞ്ഞ ആളുകൾക്ക് ഹോസ്പിറ്റലുകളിൽ രാത്രി നിൽക്കേണ്ട സാഹചര്യം വരാറില്ല.
ഡീവിയേറ്റഡ് നേസൽ സെപ്റ്റം സർജറി (Deviated Nasal Septum Surgery)
മൂക്കിന്റെ രണ്ട് അറകളേയും വേർതിരിക്കുന്ന ഏഴ് സെന്റീമീറ്റർ നീളം വരുന്ന ചെറിയ അസ്ഥികൾ അടങ്ങിയിട്ടുള്ള ഭിത്തിക്ക് വരുന്ന വളവുകൾ പരിഹരിക്കാനും അതുവഴി തടസ്സങ്ങൾ മാറ്റുകയും ചെയ്യുന്നതിനുള്ള സർജറിയാണ് ഡീവിയേറ്റഡ് നേസൽ സെപ്റ്റം സർജറി അഥവാ സെപ്റ്റോപ്ലാസ്റ്റി (Septoplasty).
ഭിത്തിയിലുള്ള വളവുകളും വക്രതയും സ്വഭാവികമായ ശ്വസനപ്രക്രിയയിൽ തടസ്സം ഉണ്ടാക്കുകയും അതുവഴി സൈനസൈറ്റിസിന് കാരണമാകുകയും ചെയ്യും.
ശ്വസനം തടയുന്ന ഭിത്തിയുടെ ഭാഗം ചെറിയ തോതിൽ നീക്കം ചെയ്തും സംരക്ഷണപാളി മാറ്റിസ്ഥാപിച്ചും ഭിത്തിയുടെ വളവുള്ള ഭാഗം നീക്കം ചെയ്തും നടത്തുന്ന ഈ സർജറി ഏറെ സുരക്ഷിതമാണ്. സാധാരണരീതിയിൽ തൊണ്ണൂറ് മിനിറ്റുകൊണ്ട് ഈ സർജറി പൂർത്തിയാവും.
ഇത്തരം സർജറികൾ വളരെ ഫലപ്രദമാണ്. കഴിഞ്ഞ രോഗികളിൽ ഭൂരിഭാഗം പേർക്കും വളരെ കുറഞ്ഞ സമയംകൊണ്ടുതന്നെ അസുഖം ഭേദമാകുകയും ലക്ഷണങ്ങളിൽ വലിയ അളവിൽ പുരോഗതി കൈവരിക്കുകയും ചെയ്യാറുണ്ട്. സർജറിക്കുശേഷം ചുരുക്കം രോഗികൾക്ക് ചെറിയ അളവിൽ മൂക്കിൽ അസ്വസ്ഥത അനുഭവപ്പെടാറുമുണ്ടെങ്കിലും പെെട്ടന്നുതന്നെ ഇവയെല്ലാം ഭേദമാകാറുമുണ്ട്. സർജറിക്ക് ശേഷം കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കാണുന്നതും ആവശ്യമായ പരിശോധനകൾ നടത്തുകയും മൂക്കിൽ രക്തമോ മറ്റോ കണ്ടാൽ നീക്കം ചെയ്യിപ്പിക്കുകയും ചെയ്യണം.
സൈനസൈറ്റിസ്, ദശകൾ എന്നീ അസുഖങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും മേൽപറഞ്ഞ സർജറികൾക്കും ആവശ്യമായ എല്ലാ അതിനൂതനമായ സൗകര്യങ്ങളും ചികിത്സാ സാമഗ്രികളും ദോഹയിൽ ഓൾഡ് എയർപോർട്ടിനടുത്ത് സ്ഥിതിചെയ്യുന്ന ആസ്റ്റർ ഹോസ്പിറ്റലിലെ ഇ.എൻ.ടി വിഭാഗത്തിൽ ലഭ്യമാണ്. വളരെ പരിചയസമ്പത്തുള്ള ഡോക്ടർമാരും മറ്റു ജീവനക്കാരുമാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. ഇത്തരം അസുഖങ്ങളിൽ ബുദ്ധിമുട്ടുന്നവരാണെങ്കിൽ എത്രയും പെട്ടെന്ന് ഞങ്ങളുടെ ഒരു ഇ.എൻ.ടി സ്പെഷലിസ്റ്റിന്റെ സേവനം തേടുക. താൽക്കാലിക പ്രതിവിധികൾ എന്നും താൽക്കാലികം മാത്രമാണ്. വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനത്തിലൂടെ മാത്രമേ നിങ്ങൾക്ക് പൂർണമായി ഇത്തരം അസുഖങ്ങളിൽ നിന്ന് മുക്തനാകാൻ സാധിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.