സിറിയയിലെ കൂട്ടക്കുരുതിയെ ഖത്തർ അപലപിച്ചു
text_fieldsദോഹ: സിറിയയിലെ കിഴക്കൻ നഗരമായ അൽ ഗത്തയിൽ നടക്കുന്ന കൂട്ടക്കുരുതിയിലും ജനങ്ങൾക്ക് നേരെയുള്ള സിറിയൻ സൈന്യത്തിെൻറ ആക്രമണങ്ങളിലും ഖത്തർ നടുക്കം രേഖപ്പെടുത്തുകയും കടുത്ത ഭാഷയിൽ അപലപിക്കുകയും ചെയ്തു. അലപ്പോക്ക് ശേഷം ഗത്ത നഗരത്തിലാണ് സിറിയൻ സൈന്യത്തിെൻറ ജനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അരങ്ങേറുന്നത്. ഇതിനകം തന്നെ കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിനാളുകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. നേരത്തെ അലപ്പോയിലും ഇപ്പോൾ ഗത്തയിലും സിറിയൻ ജനതയുടെ കൂട്ടക്കുരുതിയാണ് നടക്കുന്നതെന്നും ഇതിനെ തടയിടാൻ അന്താരാഷ്ട്ര സമൂഹത്തിെൻറ ശ്രമങ്ങൾ അനിവാര്യമാണെന്നും ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ട്വീറ്റ് ചെയ്തു.
എന്നാൽ പോയ വർഷങ്ങളിലെല്ലാം സിറിയൻ ജനതയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടിരിക്കുന്നുവെന്നും സമൂഹത്തിെൻറ ദുർബലതയാണിത് കാണിക്കുന്നതെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു. സിറിയയിലെ രാഷ്ട്രീയ പരിഹാരത്തിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. ഗത്തയിലെ ജനങ്ങൾക്ക് നേരെയുള്ള ആക്രമണത്തിൽ അന്താരാഷ്ട്ര സമൂഹം പ്രത്യേകിച്ച് സുരക്ഷാസമിതി മൗനം വെടിയണമെന്നും സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിൽ ഉത്തരവാദിത്തം നിറവേറ്റണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ലുൽവ അൽ ഖാതിർ പറഞ്ഞു.
സിറിയയിലുടനീളം പ്രഖ്യാപിച്ചിട്ടുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിലാക്കാനുള്ള അടിയന്തര നടപടികൾ സുരക്ഷാ സമിതി കൈക്കൊള്ളണമെന്നും സിറിയൻ ജനതയെ സംരക്ഷിക്കണമെന്നും മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു. സിറിയയിലെ യുദ്ധക്കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഖത്തർ ആവശ്യപ്പെട്ടു. ജനീവ ഒന്ന് കരാറിെൻറയും മറ്റു അന്താരാഷ്ട്ര പ്രമേയങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമേ സിറിയയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്ക് അയവ് വരുത്താൻ സാധിക്കുകയുള്ളൂവെന്നും ഖത്തർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.