വന്ദേഭാരത് മിഷൻ: ജൂണിൽ ആറ് അധിക വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക്
text_fieldsദോഹ: വന്ദേ ഭാരത് മിഷെൻറ ഭാഗമായി ഖത്തറിൽ നിന്നും ഇന്ത്യയിലേക്ക് ആറ് അധിക വിമാനങ്ങൾ കൂടി പ്രഖ്യാപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.ഭുവനേശ്വർ, കോഴിക്കോട്, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളും തിരുവനന്തപുരത്തേക്ക് രണ്ട് വിമാനങ്ങളുമാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഭുവനേശ്വറിലേക്കുള്ള വിമാനത്തിന് ഡൽഹിയിൽ ടെക്നിക്കൽ ഹാൾട്ടുണ്ടാകും. ട്വിറ്ററിൽ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഖത്തറിൽ നിന്നുള്ള വന്ദേഭാരത് മിഷെൻറ മൂന്നാം ഘട്ടത്തിൽ വിമാനങ്ങളുടെ എണ്ണം 27 ആയി വർധിച്ചു.
ജൂൺ 24ന് കൊച്ചിയിലേക്ക് വൈകിട്ട് 3.05ന് പുറപ്പെടുന്ന വിമാനം അതേ ദിവസം രാത്രി 10.00ന് കൊച്ചിയിലെത്തും. ജൂൺ 26നും 27നും തിരുവനന്തപുരത്തേക്കാണ് സർവീസുകൾ. 26ന് രാവിലെ 11.30ന് പുറപ്പെടുന്ന വിമാനം തിരുവനന്തപുരത്ത് വൈകിട്ട് 6.30ന് എത്തും. 27ന് ഉച്ച തിരിഞ്ഞ് 2.20ന് പുറപ്പെടുന്ന വിമാനം രാത്രി 9.20നാണ് തിരുവനന്തപുരത്തെത്തുക.
ജൂൺ 29ന് കണ്ണൂരിലേക്കുള്ള വിമാനം രാവിലെ 11.55ന് പുറപ്പെട്ട് വൈകിട്ട് 6.40ന് കേരളത്തിലെത്തും. ജൂൺ 30ന് കോഴിക്കോട്ടേക്കുള്ള വിമാനം രാവിലെ 11.50ന് പുറപ്പെട്ട് വൈകിട്ട് 6.35നുമാണ് എത്തുക. പുതുതായി പ്രഖ്യാപിച്ച ആറ് വിമാനങ്ങളിൽ അഞ്ച് സർവീസുകളും കേരളത്തിലേക്കാണ്.
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പരമാവധി ആളുകളെ തിരിച്ച് സ്വദേശത്തെത്തിക്കുകയാണ് ലക്ഷ്യമെന്നും ഖത്തറിൽ നിന്നും അധിക വിമാനങ്ങൾ അനുവദിച്ചിട്ടുണ്ടെന്നും ഖത്തറിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.
ഇതുവരെ 40000ലധികം പ്രവാസികളാണ് ഇന്ത്യയിലേക്ക് മടങ്ങുന്നതിന് എംബസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂൺ 9 വരെ ഖത്തറിൽ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കായി 21 വിമാനങ്ങളാണ് വന്ദേഭാരത് മിഷനിൽ പുറപ്പെട്ടത്. ഇതിൽ 3506 യാത്രക്കാരും 98 കുഞ്ഞുങ്ങളും ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.