ആറാം പിറന്നാൾ ആഘോഷിച്ച് ഖത്തറിലെ മുൻനിര എഫ്.എം സ്റ്റേഷനായ ‘ഒലീവ് സുനോ റേഡിയോ’
text_fieldsദോഹ: വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ സൂഖ് വാഖിഫിലെ ബിസ്മില്ല ഹോട്ടലിന്റെ ചുറ്റുവട്ടങ്ങളിലെത്തി നാട്ടിലെ വിശേഷങ്ങളും തമാശകളും പങ്കുവെച്ച്, കൂട്ടുകാർക്കൊപ്പം ഒത്തുചേർന്ന് നേരമിരുട്ടുമ്പോൾ തൊഴിലിടങ്ങളിലേക്ക് മടങ്ങുന്നൊരു പ്രവാസ കാലമുണ്ടായിരുന്നു ഖത്തറിന്. 40ഉം 50ഉം വർഷം മുമ്പ് വന്നവരിൽനിന്ന് കേട്ടറിഞ്ഞ ഈ പ്രവാസം ഇന്ന് വെറുമൊരു കെട്ടുകഥയാണ്. കാലം മാറി. വിശേഷങ്ങൾ ചൂടാറും മുമ്പേ ഇന്ന് പ്രവാസികളുടെ കൺമുന്നിലും കാതുകളിലുമെത്തുന്നു. അതിവേഗം മാറുന്ന വാർത്താവിനിമയ സാങ്കേതികവിദ്യയുടെ ലോകത്തേക്ക് വിനോദവും വിശേഷങ്ങളുമായി ഇന്ത്യൻ പ്രവാസികളെ നയിച്ചവരിൽ ഖത്തറിലെ മുൻനിര റേഡിയോ ആയ ‘ഒലീവ് സുനോ’ക്കും പങ്കുണ്ട്.
2017 നവംബർ അഞ്ചിന് ബിസ്മിയും വിശുദ്ധ ഖുർആനിലെ ആദ്യ അധ്യായമായ ‘ഫാത്തിഹ’യുടെ മലയാള സാരാംശവും ചൊല്ലിത്തുടങ്ങിയ ‘റേഡിയോ സുനോ’യുടെ യാത്രക്ക് ഇപ്പോൾ ആറു വർഷത്തിന്റെ തിളക്കം. ആറാണ്ട് കൊണ്ട് ആറ് പതിറ്റാണ്ടിന്റെ സാന്നിധ്യമായി മാറിയിരിക്കുന്ന മലയാളികളുടെ സ്വന്തം റേഡിയോ ഇന്ന്, ഖത്തറിൽ ഭാഷകളുടെയും ദേശത്തിന്റെയും അതിർവരമ്പുകൾക്കപ്പുറത്തേക്ക് ശ്രോതാക്കളെ സൃഷ്ടിച്ചുകഴിഞ്ഞു. മലയാളത്തിൽ തുടങ്ങി ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലൂടെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെയും ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യക്കാരെയുമെല്ലാം ശ്രോതാക്കളാക്കി മാറ്റി, ഖത്തറിലെ നമ്പർ വൺ എഫ്.എം സ്റ്റേഷനായി മാറുകയാണ് സുനോ ഒലിവ് നെറ്റ്വർക്.
സുനോ മലയാളം, ഒലീവ് ഹിന്ദി എന്നിവയുടെ കുടക്കീഴിൽ സൃഷ്ടിച്ചത് ഖത്തറിലെ ഏഷ്യൻ പ്രവാസികളെ ഒന്നാകെ വാരിപ്പുണരുന്ന റേഡിയോ സംസ്കാരം. സുനോ മലയാളവും ഒലീവ് ഹിന്ദിയും ഫ്രീക്വൻസി മോഡുലേഷൻ സംപ്രേഷണത്തിലൂടെ ശ്രോതാക്കളിലേക്ക് തത്സമയമെത്തുമ്പോൾ, മറ്റു വിവിധ സ്റ്റേഷനുകൾ ഓൺലൈൻ വഴിയുമെത്തുന്നു. ശ്രീലങ്കൻ പ്രവാസികൾക്ക് വിനോദവും വിജ്ഞാനവും ഒപ്പം അവരുടെ താരവിശേഷങ്ങളുമായി സുനോ ലങ്ക 24 മണിക്കൂറും സല്ലപിക്കുമ്പോൾ, നേപ്പാൾ കമ്യൂണിറ്റിക്കുവേണ്ടി ഒലീവ് നേപ്പാളും സജീവം. സുനോ കന്നഡ, കുട്ടികൾക്കു മാത്രമായി ഒലീവ് കിഡ്സ്, പഴയ ഹിന്ദി ഗാനങ്ങളുടെ ആരാധകർക്കായി ഒലിവ് റിട്രോ, സുനോ തമിഴ് എന്നിങ്ങനെയും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി സുനോ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.
ബഹ്റൈൻ വഴി ഖത്തറിലേക്ക്
മാധ്യമമേഖലയിൽ പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുള്ള രണ്ടു വ്യക്തികൾ ഒന്നിച്ചുചേർന്നാണ് ഖത്തറിലെ പ്രവാസസമൂഹത്തിന് രാവിലും പകലിലും കൂട്ടാവുന്നൊരു റേഡിയോക്ക് തുടക്കം കുറിക്കുന്നത്. ബഹ്റൈനിൽ പത്ര, ദൃശ്യ, ശ്രാവ്യ മാധ്യമ മേഖലകളിൽ പ്രവർത്തിച്ച കണ്ണൂർ പഴയങ്ങാടി സ്വദേശി അമീർഅലിയും സുഹൃത്ത് എറണാകുളം സ്വദേശി കൃഷ്ണകുമാറും എഫ്.എം ട്രെൻഡായി തുടങ്ങുന്ന 2007 കാലത്തുതന്നെ ഈ മേഖലയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
നാട്ടിലെ വിശേഷങ്ങളും വാർത്തകളും അറിയാനും പാട്ടും വിനോദങ്ങളും ആശ്രയിക്കാനും പ്രവാസികൾ പുതുവഴികൾ തേടിത്തുടങ്ങിയ കാലത്തായിരുന്നു ഗൾഫ് മേഖലകളിലേക്കും എഫ്.എം സ്റ്റേഷനുകളുടെ കടന്നുവരവുണ്ടാകുന്നത്. സമൂഹ മാധ്യമങ്ങളായ വാട്സ്ആപ്പും ഫേസ്ബുക്കുമെല്ലാം പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യത നേടിത്തുടങ്ങുന്ന കാലവും. ഇതിനിടയിൽ എഫ്.എം സ്റ്റേഷനുകളെ ശ്രോതാക്കളുമായി സംവദിക്കുന്ന മാധ്യമമാക്കി അവർ മാറ്റി. വിളിച്ചുസംസാരിക്കാനും തങ്ങളുടെ ചിന്തകൾ പങ്കുവെക്കാനുമെല്ലാം പ്രവാസികൾ എഫ്.എം റേഡിയോ ഉപയോഗിച്ചു തുടങ്ങിതോടെയാണ് അമീറും കൃഷ്ണകുമാറും ഗൾഫിലെ പുതിയ മേച്ചിൽപുറങ്ങൾ തേടുന്നത്.
2013ൽതന്നെ പുതിയൊരു റേഡിയോ സ്റ്റേഷൻ ഖത്തറിൽ തുടങ്ങുന്നത് സംബന്ധിച്ച് ഇരുവരും ആലോചനകൾ തുടങ്ങി. സ്വകാര്യ എഫ്.എം സ്റ്റേഷനുകൾക്ക് ഖത്തർ 2017ൽ അനുമതി നൽകിയപ്പോൾതന്നെ അതിന്റെ ഭാഗമായി മാർച്ചിൽ ലൈസൻസും സ്വന്തമാക്കി. നവംബർ അഞ്ചിന് ഖത്തറിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത പ്രഭാതത്തിൽതന്നെ ‘ബിസ്മി’ചൊല്ലി റേഡിയോ സുനോയും ശ്രോതാക്കളിലേക്ക് എത്തി തുടങ്ങിയതായി അമീർ പറയുന്നു. മാനേജിങ് ഡയറക്ടർമാരും സ്ഥാപകരുമായ അമീർ അലിക്കും കൃഷ്ണകുമാറിനുമൊപ്പം ഡയറക്ടർ സതീഷ് ജി. പിള്ളയും മാനേജ്മെൻറിന്റെ ഭാഗമായുണ്ട്.
ട്രെൻഡ് സെറ്റർ
എഫ്.എമ്മിലും ഓൺലൈനിലും വിവിധ ഭാഷകളിലായി പല ദേശക്കാരായ ശ്രോതാക്കൾ. കേൾവിക്കാർക്ക് ദൃശ്യമാധ്യമത്തിന്റേതുപോലെ കാണാനും നേരിട്ട് സംവദിക്കാനുമുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാനും പുതുമയേറിയ ആശയങ്ങളിലൂടെ ട്രെൻഡ് സെറ്റർമാരായി മുന്നിൽ നയിക്കാനും കഴിവുള്ള അണിയറ പ്രവർത്തകർ, വിനോദവും വിജ്ഞാനവും നൽകുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള ഒരുപിടി പദ്ധതികളും റേഡിയോ സുനോ ഒലീവ് അവതരിപ്പിക്കുന്നു.
നാട്ടിൽനിന്നെത്തുന്ന ചലച്ചിത്രതാരങ്ങളെയും സാഹിത്യകാരന്മാരെയുമെല്ലാം അവർ അവതരിപ്പിച്ചതും സൃഷ്ടിച്ചതുമായ കഥാപാത്രങ്ങളിലൂടെ ജീവൻ നൽകിക്കൊണ്ട് നടത്തുന്ന വരവേൽപ് റേഡിയോ മേഖലയിൽതന്നെ ‘ട്രെൻഡ് സെറ്ററായി’ മാറുകയായിരുന്നു. പ്രമുഖരുടെ പ്രശംസ പിടിച്ചുപറ്റിയ ആശയങ്ങൾ, ചുരുങ്ങിയ കാലത്തിനുള്ളിൽ വൈറലായും മാറി. ഇതിനു പുറമെ, ദിവസേനയുള്ള പ്രോഗ്രാമുകളിലുമുണ്ട് റേഡിയോ സുനോയുടെ വ്യത്യസ്തത. ഖത്തറിലെ പ്രവാസികളെ വിളിച്ചുണർത്തിക്കൊണ്ട് പുലർച്ചെ അഞ്ച് മണിയോടെ ‘വേക് അപ്’ ദോഹയിലൂടെ തുടങ്ങി, മോണിങ് സവാരി, ഹോം ഡെലിവറി, മാറ്റിനി മാഷ്അപ്, 917 ഈവനിങ്, സുനോ മെലഡീസ് എന്നിങ്ങനെ തുടരുന്നു പരിപാടികളുടെ നിര.
ഖത്തറിലെ വാർത്തകളുടെയും വിശേഷങ്ങളുടെയും സെഷനുകളും താരങ്ങൾ ഓൺലൈൻവഴിയും അല്ലാതെയും പങ്കുചേരുന്ന ചാറ്റ് ഷോകളും ഉൾപ്പെടെ രാവും പകലും ആനന്ദിക്കാൻ ഒരുപിടി അവസരങ്ങൾ റേഡിയോ സുനോ സമ്മാനിക്കുന്നതായി പ്രോഗ്രാം ഹെഡ് ആർ.ജെ അപ്പുണ്ണി പറയുന്നു. പ്രഗത്ഭരായ റേഡിയോ ജോക്കികളും മികച്ച പിന്നണിപ്രവർത്തകരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ 45 പേരുടെ സംഘമാണ് റേഡിയോയുടെ വിജയരഹസ്യം. ഇതിനു പുറമെ, താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെ അമ്മമാരെ മക്കൾക്കരികിലെത്തിച്ച ‘അമ്മയോടൊപ്പം’, തൊഴിലാളിദിനത്തിൽ തൊഴിലാളികൾക്കായി നടത്തിയ ‘ഏക്ദ’, റമദാനിൽ എല്ലാവരിലേക്ക് നോമ്പുതുറ വിഭവങ്ങളെത്തിച്ച ‘ജോയ് ഓഫ് ഗിവിങ്’, സിനിമാ പ്രമോഷന്റെ ഭാഗമായി താരങ്ങളെ അണിനിരത്തുന്ന ‘ബിഗ് സ്ക്രീൻ’ തുടങ്ങിയ വേറിട്ട പരിപാടികളുമായും സുനോ അതിശയിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.