സ്കിൽസ് വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം
text_fieldsദോഹ: ഖത്തറിലെ പ്രമുഖ നൃത്ത, കല, സംഗീത പരിശീലന കേന്ദ്രമായ സ്കില്‍സ് ഡെവലപ്മെന്റ് സെന്റര്‍ 22 വാർഷികാഘോഷങ്ങൾക്ക് നവംബർ ഒന്നിന് തുടക്കമാകും.
നൃത്ത, സംഗീത കോഴ്സുകളിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ അരങ്ങേറ്റവും വിവിധ കലാപരിപാടികളുമായി വാർഷികം വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്കിൽസ് ഡെവലപ്മെന്റ് സെന്റർ ഡയറക്ടർ പി.എൻ. ബാബുരാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സ്ഥാപനത്തിന്റെ 22 വർഷത്തെ ജൈത്രയാത്ര വിവരിക്കുന്ന ചിത്രങ്ങളുടെ പ്രദർശനം നവംബർ ഒന്ന് വെള്ളിയാഴ്ച എം.എ. ബേബി ഉദ്ഘാടനം ചെയ്യും. ഗായിക വൃന്ദ മേനോൻ നയിക്കുന്ന സംഗീത പരിപാടി അരങ്ങേറും.
നവംബർ എട്ട്, ഒമ്പത് തീയതികളിൽ അൽ വക്റ ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂളിലാണ് വിപുലമായ വാർഷികാഘോഷ പരിപാടികൾ. വൈകീട്ട് അഞ്ചരക്ക് ആഘോഷ പരിപാടികള്‍ ആരംഭിക്കും. ഖത്തറിലെ വിവിധ മന്ത്രാലയങ്ങൾ, ഇന്ത്യന്‍ എംബസി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ അതിഥികളായെത്തും. സ്കിൽസിൽനിന്ന് വിവിധ കലാവിഭാഗങ്ങളിൽ പരിശീലനം പൂർത്തിയാക്കിയ 175ല്‍പരം വിദ്യാര്‍ഥികളുടെ വാർഷികാഘോഷങ്ങളിൽ അരേങ്ങറ്റം കുറിക്കും.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി ഉൾപ്പെടെ വിവിധ നൃത്തവിഭാഗങ്ങളിലും സംഗീതത്തിലുമായി ഒരുപിടി പ്രതിഭകളെ വാർത്തെടുത്ത സ്കിൽസിൽ നിന്നുള്ള കലാകാരന്മാർ ഖത്തറിലും പുറത്തുമായി നടത്തുന്ന വിവിധ കലാമത്സരങ്ങളില്‍ മികവുറ്റ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തതായി മാനേജ്മെന്റ് അറിയിച്ചു.
അബൂദബിയില്‍ സംഘടിപ്പിച്ച വേള്‍ഡ് സി.എസ്.ആര് ഡേയില്‍ ‘ദ മിഡില്‍ ഈസ്റ്റ് ലീഡര്ഷിപ്’ അവാര്‍ഡ് ലഭിച്ച ഖത്തറിലെ ആദ്യ കലാസ്ഥാപനമാണ് സ്കില്‍സ് ഡെവലപ്മെന്റ് സെന്റര്‍.
യുനസ്കോ അംഗീകരിച്ച ഇന്റര്‍നാഷനല്‍ ഡാന്‍സ് ആൻഡ് മ്യൂസിക് കൗണ്‍സില്‍ അംഗത്വം കൂടാതെ ഇന്ത്യന്‍ ഗവണ്മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് സേവക് സമാജ്, മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഖില ഭാരത ഗന്ധര്‍വ മഹാവിദ്യാലയം എന്നിവയുടെ അഫിലിയേഷനും ലഭിച്ചിട്ടുണ്ട്.
ഭരതനാട്യം, കഥക്, കര്‍ണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ചിത്രരചന, തബല എന്നീ കലാവിഷയങ്ങളില്‍ ഡിപ്ലോമക്ക് തുല്യമായ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതായും അറിയിച്ചു. സെന്‍സായ് ഷിഹാബുദ്ദീന് മേധാവിയായ കരാട്ടേ വിഭാഗം ഖത്തര്‍ കരാട്ടേ ഫെഡറേഷന് അഫിലിയേഷന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
വാര്‍ത്തസമ്മേളനത്തില്‍ ഡയറക്ടര്‍ പി.എന്‍. ബാബുരാജന്, മാനേജര്‍ ആഷിക് കുമാര്‍ പി.ബി, കരാട്ടേ ഇന്‍സ്ട്രക്ടര്‍ സെന്‍സായ് ഷിഹാബുദ്ദീന്, തബല ഇന്‍സ്ട്രക്ടര്‍ പണ്ഡിറ്റ് സന്തോഷ് കുല്‍ക്കര്‍ണി, ക്ലാസിക്കല്‍ ഡാന്‍സ് അധ്യാപികമാരായ കലാമണ്ഡലം ദേവി സുനില്‍ കുമാര്‍, കലാമണ്ഡലം ആര്യശ്രീ അശ്വിന്, കര്‍ണാടിക് സംഗീത അധ്യാപിക കലാമണ്ഡലം സിംന സുജിത് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.