മുഖം മിനുക്കി സ്മാർട്ട് സ്കൂൾ ക്ലിനിക്കുകൾ
text_fieldsദോഹ: വിദ്യാർഥികൾക്ക് ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ വാഗ്ദാനം ചെയ്ത് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന്റെ (പി.എച്ച്.സി.സി) ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്മാർട്ട് സ്കൂൾ ക്ലിനിക്കുകൾ. അധികാരികളുടെ അംഗീകാരത്തോടെ, യോഗ്യരായ, പ്രത്യേകം പരിശീലനം ലഭിച്ച ജീവനക്കാരാണ് സ്മാർട്ട് സ്കൂൾ ക്ലിനിക്കുകളിൽ വിദ്യാർഥികൾക്ക് സേവനസജ്ജരായിട്ടുള്ളത്.
ഉയർന്ന തലത്തിലുള്ള സേവനങ്ങൾ നൽകിക്കൊണ്ട് വിദ്യാർഥികൾക്ക് ആരോഗ്യ പരിരക്ഷയിൽ പുതിയ നിർവചനം നൽകുകയാണ് ക്ലിനിക്കുകളിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ ആരോഗ്യം പരിപാലിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് സ്മാർട്ട് സ്കൂൾ ക്ലിനിക്കെന്ന് പി.എച്ച്.സി.സി ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
വിദ്യാർഥികളുടെ ഇലക്ട്രോണിക് ആരോഗ്യ രേഖകളുമായാണ് സ്മാർട്ട് സ്കൂൾ ക്ലിനിക്കുകൾ ബന്ധിപ്പിച്ചിരിക്കുന്നത്. സ്കൂൾ ക്ലിനിക്ക്, പി.എച്ച്.സി.സി ഹെൽത്ത് സെന്ററുകൾ, ഹമദ് മെഡിക്കൽ കോർപറേഷൻ, ആരോഗ്യ മന്ത്രാലയം, സിദ്റ മെഡിസിൻ എന്നിവക്കിടയിൽ ആരോഗ്യ പരിരക്ഷ കോഓഡിനേറ്റർമാരായി സ്കൂൾ നഴ്സുമാരാണ് പ്രവർത്തിക്കുന്നത്.
സ്മാർട്ട് സ്കൂൾ ക്ലിനിക്കുകൾ ഇലക്ട്രോണിക് ആരോഗ്യ രേഖകളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ആവശ്യമുള്ളപ്പോൾ വിദ്യാർഥികളുടെ ആരോഗ്യ രേഖകൾ വേഗത്തിൽ കരസ്ഥമാക്കാൻ സ്കൂൾ നഴ്സുമാർക്ക് സാധിക്കും. ഈ സൗകര്യത്തിലൂടെ നഴ്സുമാർക്ക് വിദ്യാർഥിയെക്കുറിച്ചുള്ള കൃത്യമായ ആരോഗ്യ വിവരങ്ങൾ നേടാനും വിദ്യാർഥികൾക്ക് നൽകിവരുന്ന ആരോഗ്യസേവനങ്ങളെക്കുറിച്ച് ഫോളോ-അപ് നടത്താനും കഴിയുന്നു. സുരക്ഷിതമായതും പുതുക്കിയതുമായ ആരോഗ്യസേവനങ്ങൾ വിദ്യാർഥികളിലേക്ക് എത്തിക്കുന്നതിനായി പരമ്പരാഗത സ്കൂൾ ക്ലിനിക്കുകളെ ഈയിടെയാണ് പി.എച്ച്.സി.സി സ്മാർട് സ്കൂൾ ക്ലിനിക്കുകളാക്കി മാറ്റിയത്.
പി.എച്ച്.സി.സിയുടെ രോഗീസുരക്ഷയുമായി ബന്ധപ്പെട്ട ക്ലിനിക്കൽ പ്രോട്ടോകോളുകളുടെയും നയങ്ങളുടെയും പ്രയോഗത്തിലൂടെ പി.എച്ച്.സി.സിയും സ്കൂൾ ആരോഗ്യവകുപ്പും വിദ്യാർഥികളുടെ ആരോഗ്യകാര്യങ്ങളിൽ സുരക്ഷയോടെയാണ് ശ്രദ്ധിക്കുന്നത്. ഇതിന്റെ ഭാഗമായി സ്കൂളുകളിലെ ആരോഗ്യ ജീവനക്കാർ പരിശീലന, വികസന പരിപാടികളുടെ ഭാഗമാണെന്ന് ഉറപ്പുവരുത്തുന്നു. ക്ലിനിക്കുകളിൽ ഉന്നത നിലവാരത്തിലുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും പി.എച്ച്.സി.സി ഉറപ്പാക്കുന്നുണ്ടെന്ന് കോർപറേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
പി.എച്ച്.സി.സിയുടെ ബാക്ക് ടു സ്കൂൾ കാമ്പയിന്റെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളിലും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവർക്കായി നിരവധി ബോധവത്കരണ പരിപാടികളാണ് അവതരിപ്പിക്കുന്നത്. അൽ വക്റ, ഉമർ ബിൻ ഖത്താബ്, മുഐദർ, അൽ വജ്ബ, ഖത്തർ സർവകലാശാല, ഉംസലാൽ എന്നിവിടങ്ങളിലെ ആറ് ആരോഗ്യ കേന്ദ്രങ്ങളിലും എല്ലാ പൊതു വിദ്യാലയങ്ങളിലും കിന്റർഗാർട്ടനുകളിലും പി.എച്ച്.സി.സിയുടെ ബാക് ടു സ്കൂൾ കാമ്പയിൻ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.