ജീവിതം പുകച്ചു കളയരുത്
text_fieldsദോഹ: വലിച്ച് കൂട്ടിയാൽ പണിപാളുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. 90 ശതമാനവും ശ്വാസകോശ അർബുദ കേസുകളുടെയും കാരണക്കാരൻ പുകവലിയാണെന്ന് പ്രാഥമികാരോഗ്യ കേന്ദ്രം (പി.എച്ച്.സി.സി) വ്യക്തമാക്കുന്നു. ലോകമെമ്പാടും പുകവലി കാരണം പ്രതിവർഷം എട്ടു ദശലക്ഷത്തിലധികം മരണങ്ങൾ നടക്കുന്നുവെന്നും കൂടാതെ മറ്റുള്ളവരുടെ പുകവലി കാരണം രോഗം ബാധിച്ച് ഒരു ദശലക്ഷത്തിലധികം പേരും മരിക്കുന്നുവെന്നും പി.എച്ച്.സി.സി അറിയിച്ചു.
മേയ് 31ന് ലോകം അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പുകവലിയുടെ അപകടങ്ങൾ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ കൂടുതൽ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടനക്കും പങ്കാളികൾക്കുമൊപ്പം പി.എച്ച്.സി.സിയും ലോക പുകയില വിരുദ്ധ കാമ്പയിനിൽ സജീവമായി. സമൂഹം പുകവലിയിൽ നിന്ന് വിട്ടുനിൽക്കണമെന്നും പുകവലി നിർത്തുന്നതിന് പുകവലി വിരുദ്ധ ക്ലിനിക്കുകളെ ആശ്രയിക്കണമെന്നും കാമ്പയിൻ ആഹ്വാനം ചെയ്യുന്നു.
പരിസ്ഥിതിയിൽ പുകയിലയുടെ പ്രത്യാഘാതം, അതിന്റെ കൃഷി, ഉൽപാദനം, വിതരണം എന്നിവയിൽ തുടങ്ങി മാലിന്യങ്ങളിൽ അവസാനിക്കുന്നതിനെക്കുറിച്ചും പുകയില കൃഷിക്കായി കാർഷികഭൂമി ചൂഷണം ചെയ്യുന്നതിൽ നിന്ന് കൂടുതൽ സുസ്ഥിര വിളകൾ ഉൽപാദിപ്പിക്കുന്നതിലേക്ക് കൃഷിഭൂമികളെ മാറ്റുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും കാമ്പയിനിലൂടെ പൊതുജനത്തെ ബോധവത്കരിക്കും. പുകവലിയുടെ ആകെ ചെലവ് ദേശീയ ആരോഗ്യ ചെലവിന്റെ 1.5 മുതൽ ആറ് ശതമാനം വരെയെന്നാണ് കണക്കാക്കുന്നത്. രാജ്യങ്ങളുടെ ജി.ഡി.പിയുടെ 0.22 ശതമാനം മുതൽ 0.88 ശതമാനം വരെയുമാണെന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്.
പുകവലി അർബുദത്തിന് പ്രധാന കാരണമായി മാറുന്നുവെന്നും പ്രാഥമികാരോഗ്യ കോർപറേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. ഇലക്ട്രോണിക് സിഗരറ്റുകളും പുകയിലയിൽനിന്ന് വ്യത്യസ്തമല്ലെന്നും, അതിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ അർബുദത്തിന് കാരണമാകുമെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.