കാലാവസ്ഥ വ്യതിയാനം തടയാൻ സമൂഹമാധ്യമ ബോധവത്കരണം
text_fieldsദോഹ: എല്ലാം സോഷ്യൽ മീഡിയയാവുന്ന കാലമാണിത്. കുഞ്ഞുകുട്ടികൾ മുതൽ വീട്ടുകാരണവർമാർ വരെ ഫേസ്ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമിലുമെല്ലാമാണ്. ഈ കാലത്ത് ലോകം ഏറ്റവും ജാഗ്രത പാലിക്കേണ്ട കാലാവസ്ഥ വ്യതിയാനത്തിനെതിരായ ബോധവത്കരണവും സോഷ്യൽ മീഡിയയിൽ എത്തിക്കാൻ ഒരുങ്ങുയാണ് ഒരുസംഘം യുവാക്കൾ. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അറബ് യൂത്ത് ക്ലൈമറ്റ് മൂവ്മെൻറ് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് രാജ്യത്തെ ഒൺലൈൻ, സമൂഹമാധ്യമ കാമ്പയിനുകൾ ഊർജിതമാക്കുന്നതിനായി പരസ്യകമ്പനിയായ ഫ്യുറ്റഡ് അഡ്വൈർടൈസിങ്ങുമായി ധാരണപത്രം ഒപ്പുവെച്ചു.
കൂടുതൽ സുസ്ഥിരമായ ഭാവിക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തികളിൽ ബോധവത്കരണം നടത്തുന്നതിനും കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്നതിനും പരസ്പര സഹകരണം ലക്ഷ്യംവെച്ചാണ് കരാർ.
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവത്കരിക്കുന്നതിനും ചിന്തിപ്പിക്കുന്നതിലും സ്വാധീനിക്കുന്നതിലും സമൂഹ മാധ്യമങ്ങളിലെ കാമ്പയിനുകൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അറബ് യൂത്ത് ക്ലൈമറ്റ് മൂവ്മെൻറ് ഖത്തർ എക്സിക്യൂട്ടിവ് ഡയറക്ടർ നിഷാദ് ഷാഫി പറഞ്ഞു.
മാധ്യമ പരസ്യങ്ങൾക്കായി പ്രതിവർഷം 500 ബില്യൻ ഡോളറിലധികമാണ് േലാകം െചലവഴിക്കുന്നത്. അതിനനുസരിച്ച ലാഭവും വിപണിയും അതുവഴി ലഭിക്കുകയും ചെയ്യുന്നുണ്ട്. ഇതേ പ്രാധാന്യത്തിൽ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ജനങ്ങളിൽ ബോധവത്കരണം ശക്തമാക്കുന്നതിന് പരസ്യകമ്പനികളും ഉപഭോക്താക്കളും മേഖലയിലെ മുൻനിരക്കാരും മുന്നോട്ടുവരേണ്ടതുണ്ടെന്നും നീഷാദ് ഷാഫി വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളുടെ ഉപയോഗം അനിവാര്യമായ സാഹചര്യത്തിൽ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾക്ക് കൂടുതൽ ജനപിന്തുണ ലഭിക്കാൻ പുതിയ മാർഗങ്ങൾ തേടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ബോധവത്കരണം ശക്തമാക്കേണ്ട സാഹചര്യത്തിലാണ് നാം ജീവിക്കുന്നതെന്നും സമൂഹ മാധ്യമ, ഒൺലൈൻ കാമ്പയിൻ ശക്തിപ്പെടുത്തുന്നതിന് അറബ് യൂത്ത് ക്ലൈമറ്റ് മൂവ്മെൻറ് ഖത്തറുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷം രേഖപ്പെടുത്തുന്നുവെന്നും ഫ്യുറ്റഡ് അഡ്വൈർടൈസിങ് സഹ സ്ഥാപകനായ മിർസാബ് അൽ റഹ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.