വയോജനങ്ങൾക്കായി കൈകോർത്ത് ഇഹ്സാനും ഖത്തർ മ്യൂസിയവും
text_fieldsദോഹ: വയോജനങ്ങളെ സാമൂഹിക പരിപാടികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും സജീവമാക്കുന്ന പദ്ധതിയുമായി ‘ഇഹ്സാനും’ ഖത്തർ മ്യൂസിയവും. വയോജന സംരക്ഷണമെന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ‘ഇഹ്സാൻ’ (സെൻറർ ഫോർ എംപവർമെൻറ് ആൻഡ് കെയർ ഓഫ് ദി എൽഡർലി) ഖത്തർ മ്യൂസിയവുമായി സഹകരിച്ചാണ് വിവിധ പദ്ധതികൾ നടപ്പാക്കാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച് ഇരു വിഭാഗവും ധാരണപത്രത്തിൽ ഒപ്പുവെച്ചു. സമൂഹത്തിൽ പ്രായമായവരുടെ പങ്ക് അംഗീകരിക്കുന്നതിനും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ വികസനത്തിൽ അവരുടെ പങ്കാളിത്തം സജീവമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഇഹ്സാൻ അറിയിച്ചു.
വയോജനങ്ങളുടെ അവകാശങ്ങളെയും അടിസ്ഥാന പ്രശ്നങ്ങളെയും കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുകയും തലമുറകൾക്കിടയിൽ ആശയവിനിമയം സാധ്യമാക്കുകയും ചെയ്യും. മുതിർന്നവരുടെ പരിചരണത്തിൽ അവരുടെ കുടുംബത്തിന്റെ പങ്ക് കൂടി സമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്യും. ധാരണപത്രത്തിൽ ഇഹ്സാൻ എക്സിക്യൂട്ടിവ് ഡയറക്ടർ മനാൽ അഹ്മദ് അൽ മന്നാഈ, ഖത്തർ മ്യൂസിയം സി.ഇ.ഒ മുഹമ്മദ് സഅദ് അൽ റുമൈഹി എന്നിവർ ഒപ്പുവെച്ചു.
പ്രായമായവർ സമൂഹത്തിന്റെ പ്രധാന ഭാഗമാണെന്നും അവരെ മികച്ച രീതിയിൽ പരിചരിക്കുകയും പിന്തുണക്കുകയും ചെയ്യണമെന്നും മനാൽ അൽ മന്നാഈ പറഞ്ഞു.ഖത്തർ മ്യൂസിയത്തിന്റെ പ്രവർത്തനങ്ങളിലും പരിപാടികളിലും സമൂഹത്തിലെ എല്ലാവർക്കും പങ്കാളിത്തം നൽകാനും അവരെ സാംസ്കാരികമായി സമ്പന്നമാക്കാനും ശ്രമിക്കുമെന്ന് അൽ റുമൈഹി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.