സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ ഇടപെടുന്നതാവണം സാമൂഹ്യപ്രവർത്തനം -എസ്. ഇര്ഷാദ്
text_fieldsദോഹ : സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെടുന്ന സമീപനമാണ് സാമൂഹ്യപ്രവർത്തകർക്ക് ഉണ്ടാകേണ്ടതെന്ന് വെൽഫെയർ പാർട്ടി കേരള സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ് അഭിപ്രായപ്പെട്ടു. പ്രശ്നങ്ങളുടെ താൽക്കാലിക പരിഹാരത്തിന് ശ്രമിക്കുന്നതോടൊപ്പം തന്നെ മൂലകാരണങ്ങൾ കണ്ടെത്തി അത് ഇല്ലാതാക്കാനുള്ള ശ്രമവും ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൾച്ചറൽ ഫോറം ഭാരവാഹികളുടെ പ്രഖ്യാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിൽ എല്ലാ ജനവിഭാഗങ്ങൾക്കും ആനുപാതിക പങ്കാളിത്തം ലഭിക്കുന്ന സാമൂഹ്യ നീതിയുടെ രാഷ്ട്രീയമാണ് നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യമെന്നും അതുയർത്തിപ്പിടിച്ച് മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗതമായി പിന്നാക്കം നിൽക്കുന്ന സമൂഹങ്ങൾക്ക് സ്വാഭാവികമായും ഉയർന്നു വരാൻ സാധിക്കാത്ത ഒരു സാഹചര്യം നിലനിൽക്കുന്നത് കൊണ്ടാണ് സംവരണം അനിവാര്യമായി മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തുല്യതയും നീതിയും നിലനിൽക്കുന്ന ഒരു ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ ഓരോ പൗരനും വലിയ പങ്കു വഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൾച്ചറൽ ഫോറം പ്രസിഡന്റ് ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു.
ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ വിവിധ തുറകളിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ കൾച്ചറൽ ഫോറം കൂടുതൽ കരുത്തോടെ പ്രവാസ സമൂഹത്തിൽ മുന്നോട്ടുപോകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
വെൽഫെയർ പാർട്ടി ജനറൽ സെക്രട്ടറിയെ കൾച്ചറൽ ഫോറം മുൻ പ്രസിഡന്റ് മുനീഷ് എ.സി ഷാൾ അണിയിച്ച് ആദരിച്ചു. ഖത്തറിൽനിന്നും പ്രവാസം അവസാനിപ്പിക്കുന്ന കൾച്ചറൽ ഫോറം മുൻ കോട്ടയം ജില്ല പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായിരുന്ന ഹാൻസ് ജേക്കബിനുള്ള യാത്രയയപ്പും പരിപാടിയിൽ നടന്നു.
വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ഉപഹാരം കൈമാറി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൾച്ചറൽ ഫോറം പ്രസിഡന്റ് ചന്ദ്രമോഹനനെ വെൽഫെയർ പാർട്ടി ജനറൽ സെക്രട്ടറി ഷാൾ അണിയിച്ചു. മുനീഷ് എ.സി സ്വാഗതവും ജനറൽ സെക്രട്ടറി ഷാഫി മൂഴിക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.