എണ്ണക്കിണറുകളുടെ ഉൽപാദനം പ്രവചിക്കാൻ സോഫ്റ്റ്വെയർ
text_fieldsദോഹ: എണ്ണ, പ്രകൃതിവാതക മേഖലയിൽ രാജ്യത്തിന് മുതൽക്കൂട്ടാവുന്ന നിർണായക കണ്ടെത്തലുമായി ഹമദ് ബിൻ ഖലീഫ സർവകലാശാല. രാജ്യത്തിൻെറ പ്രധാന വരുമാനസ്രോതസ്സായ എണ്ണ-നിക്ഷേപ മേഖലയിൽ റിസർവോയറുകളുടെ പ്രവർത്തനവും പ്രകടനവും നിരീക്ഷിക്കുന്നതിനായി സ്വന്തം സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്താണ് സർവകലാശാലക്ക് കീഴിലെ സയൻസ് ആൻഡ് എൻജിനീയറിങ് കോളജിലെ ഗവേഷണവിഭാഗം ശ്രദ്ധനേടിയത്. സിമുലേഷൻ സോഫ്റ്റ്്വെയറായ ക്യൂ.എ.എസ്.ആർ ആണ് വികസിപ്പിച്ചിരിക്കുന്നത്.
ഖത്തറിലെയും മേഖലയിലെയും ലോകത്തിലെയും ഏറ്റവും സങ്കീർണമായ റിസർവോയറുകളുടെയും എണ്ണ-പ്രകൃതിവാതക റിക്കവറി, പര്യവേക്ഷണം മെച്ചപ്പെടുത്തുന്നതിലും എച്ച്.ബി.കെ.യു സോഫ്റ്റ്വെയർ നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭീമൻ എണ്ണ, പ്രകൃതിവാതക പാടങ്ങൾക്കായി 101 കോടി കമ്പ്യൂട്ടേഷനൽ സെൽ മോഡൽ വികസിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായി മാറിയിരിക്കുകയാണ് ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ സയൻസ് ആൻഡ് എൻജിനീയറിങ് കോളജ്.
പെട്രോളിയം എൻജിനീയർമാർക്കും ജിയോ സയൻറിസ്റ്റുമാർക്കും തങ്ങളുടെ റിസർവോയറുകളിലെ ഹൈഡ്രോകാർബണുകളുടെ ഡൈനാമിക് സ്വഭാവം രൂപപ്പെടുത്തുന്നതിൽ ഈ കമ്പ്യൂട്ടർ സിമുലേഷൻ ഏറെ പ്രയോജനപ്പെടും. കൂടാതെ റിസർവോയറുകളുടെ ഭാവിപ്രവർത്തനങ്ങൾ പ്രവചിക്കാനും ഇതുവഴി സാധ്യമാകും. എച്ച്.ബി.കെ.യു സയൻസ് എൻജിനീയറിങ് കോളജ് വികസിപ്പിച്ച ഖത്തരി അഡ്വാൻസ്ഡ് സിമുലേഷൻസ് ഫോർ റിസർവോയർ എന്ന ക്യൂ.എ.എസ്.ആർ സോഫ്റ്റ്വെയറിന്, ഭൂമിയിലെ പെട്രോളിയത്തിെൻറ ഒഴുക്ക് അതേപടി കൃത്യമായി പകർത്തിയെടുക്കാൻ കഴിയും.
ഈ ബില്യൻ സെൽ മാതൃകക്ക് വലിയ എണ്ണ പ്രകൃതിവാതക ശേഖരങ്ങളിലെ ഉൽപാദനം പ്രവചിക്കാനും കഴിയും. ഏകദേശം 15 വർഷത്തേക്കുള്ള 540 കിണറുകളുടെ പ്രവർത്തനവും ഉൽപാദനവും പ്രവചിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.