സൗരോർജം വീട്ടിൽ; ബീ സോളാർ പദ്ധതിയുമായി ഖത്തർ
text_fieldsദോഹ: വൈദ്യുതി സ്വന്തമായി ഉൽപാദിപ്പിച്ച് ഉപയോഗിക്കാനും, അധിക വൈദ്യുതി സർക്കാർ ഗ്രിഡിലേക്ക് കൈമാറാനുമുള്ള പദ്ധതിയുമായി ഖത്തറിന്റെ പൊതു ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷനായ ‘കഹ്റാമ’യുടെ ബീ സോളാർ. സ്വന്തം വീടിന്റെ മേൽക്കൂരയിലും തോട്ടങ്ങളിലും കെട്ടിടങ്ങളിലും ഫാക്ടറികളിലും സോളാർ സംവിധാനങ്ങൾ സ്ഥാപിച്ച് സൗരോർജം ഉൽപാദിപ്പിച്ച് വൈദ്യുതി ഉൽപാദനത്തിൽ വിപ്ലവകരമായ ചുവടുവെപ്പുമായാണ് ‘കഹ്റാമ’ ബീ സോളാർ അവതരിപ്പിക്കുന്നത്.
രാജ്യത്തെ പുനരുപയോഗ ഊർജ മാർഗങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ഖത്തർ ദേശീയ പുനരുപയോഗ ഊർജപദ്ധതിയുടെ ഭാഗമായാണ് വീടുകളുടെ മേൽക്കൂരകളെയും സൗരോർജ പാടങ്ങളാക്കി മാറ്റുന്ന ‘ബീ സോളാർ’ നടപ്പാക്കുന്നത്. ഇതുവഴി, സൗരോർജ നിർമാണവും ഉപയോഗവും മാത്രമല്ല, അധിക ഊർജം ഗ്രിഡിലേക്ക് കൈമാറാനും, അതുവഴി തങ്ങളുടെ വൈദ്യുതി ബിൽ കുറക്കാനും സാധിക്കും.
കേരളം ഉൾപ്പെടെ നടപ്പാക്കുന്ന ഓണ്‍ ഗ്രിഡ് സോളാര്‍ പദ്ധതിക്ക് സമാനമായാണ് ബീ സോളാര്‍ പ്രോജക്ടും നടപ്പാക്കുന്നത്. ഖത്തര്‍ ദേശീയ വിഷന്‍ 2030 യുടെ ഭാഗമായാണ് പുനരുപയോഗ ഊര്‍ജത്തെ പ്രോത്സാഹിപ്പിക്കുന്നത്. ഇതുവഴി കാര്‍ബണ്‍ വാതകങ്ങള്‍ പുറന്തള്ളുന്നത് ഗണ്യമായി കുറക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും കഴിയും.
കഹ്റാമയുടെ സോളാർ വൈദ്യുതി ഉൽപാദന ഉപകരണങ്ങൾ തങ്ങളുടെ മേൽക്കൂരകളിൽ സ്ഥാപിച്ച് വൈദ്യുതി നിർമിക്കുകയാണ് ആദ്യ ഘട്ടം.
ഈ സൗരോർജം സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച ശേഷം, മിച്ചമുള്ളത് പൊതു ഗ്രിഡിലേക്ക് കൈമാറും. കഹ്റാമയുടെ ബൈ ഡയറക്ഷനൽ മീറ്റർ ഗ്രിഡിലേക്ക് കൈമാറുന്ന വൈദ്യുതിയുടെ അളവ് എടുക്കുകയും, ഉപഭോക്താവ് പൊതു ഗ്രിഡിൽനിന്നും ഉപയോഗിക്കുന്ന വൈദ്യുതിയുടെ ബില്ലിൽ ഈ തുക കുറക്കുകയും ചെയ്യും.
നിലവില്‍ ഖത്തറില്‍ വന്‍കിട സോളാര്‍ പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 10 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയിലുള്ള അൽ ഖര്‍സാ പോലുള്ള വിപുലമായ പദ്ധതികളാണിത്.
നിലവില്‍ ഖത്തറിലെ ഊര്‍ജ ഉല്പാദനത്തില് അഞ്ചു ശതമാനമാണ് പുനരുപയോഗ സ്രോതസ്സുകളില്‍ നിന്നുള്ളത്. ഇത് 18 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. വൈദ്യുതോൽപാദനത്തില് സ്വയംപര്യാപ്തയുള്ള രാജ്യമാണ് ഖത്തര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.