സാംസ്കാരിക പരിപാടികളുമായി ദക്ഷിണ കൊറിയ
text_fieldsദോഹ: ലോകകപ്പിന് നേരത്തെ യോഗ്യത നേടിയ ഏഷ്യൻ സംഘങ്ങളിൽ ഒന്നാണ് ദക്ഷിണ കൊറിയ. തുടർച്ചയായി 11ാം ലോകകപ്പിനായി കൊറിയക്കാർ ഖത്തറിലെത്തുമ്പോൾ വൈവിധ്യമാർന്ന സംസ്കാരിക പരിപാടികളോടെ ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുകയാണ് ഇവിടത്തെ കൊറിയൻ പ്രവാസി സമൂഹം. ലോകകപ്പിന് മുന്നോടിയായി കെ–പോപ് ഗ്രൂപ്പിന്റെ സംഗീത പരിപാടി ഉൾപ്പെടെയുള്ള വിപുലമായ സാംസ്കാരിക പരിപാടികൾ നടത്തുമെന്ന് എംബസി അധികൃതർ വ്യക്തമാക്കി.
ലോകകപ്പിനായി കൊറിയയിലെ പ്രമുഖ സംഘങ്ങളെ ഖത്തറിലെത്തിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഖത്തറിലെ ദക്ഷിണ കൊറിയൻ അംബാസഡർ ജൂൻ ഹോ ലി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലോകകപ്പിനായി 15 ലക്ഷം പേർ ഖത്തറിലെത്തുമ്പോൾ, തായ്ക്വാണ്ടോ, കൊറിയൻ പാരമ്പര്യ നൃത്തങ്ങളുൾപ്പെടെയുള്ള കല, ആയോധന കല, സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കൊറിയൻ എംബസി. 32 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ 15ാമതായാണ് ദക്ഷിണ കൊറിയ യോഗ്യത നേടിയത്.
11ാം തവണ ലോകകപ്പിനെത്തുന്ന ദക്ഷിണ കൊറിയയുടെ തുടർച്ചയായ പത്താം ലോകകപ്പാണ് ഖത്തറിലേത്. ഖത്തറും ദക്ഷിണ കൊറിയയും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദ ബന്ധത്തിന്റെ അമ്പതാം വാർഷികമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഏറ്റവും ശക്തമായ നിലയിലാണെന്നും അംബാസഡർ ജൂൻ ഹോ ലി വ്യക്തമാക്കി. ഖത്തറിന്റെറ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്ന് എന്ന പ്രത്യേകതയും ദക്ഷിണ കൊറിയക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.