സൗദി-ഖത്തർ: അതിർത്തികൾ തുറന്നത് ഹൃദയങ്ങളിലേക്ക്
text_fieldsദോഹ: നാലു വർഷമായി തുടരുന്ന ഖത്തർ ഉപരോധത്തിന് അറുതിയായി ഖത്തറിെൻറയും സൗദിയുടെയും അതിർത്തികൾ തുറന്നത് ഹൃദയങ്ങളിലേക്കു കൂടിയാണ്. ഇരുരാജ്യങ്ങളുടെയും ഏക കര അതിർത്തിയായ അബൂസംറ ആണ് ചൊവ്വാഴ്ച ദോഹ സമയം രാത്രി 10 മണിയോടെ തുറന്നിരിക്കുന്നത്. വിവിധ ഗൾഫ് രാജ്യങ്ങളിലായി പരന്നുകിടക്കുന്ന കുടുംബ ബന്ധങ്ങൾ ഉപരോധംമൂലം മുറിഞ്ഞത് ഏറെ വേദനാജനകമായിരുന്നു.
കുടുംബബന്ധങ്ങൾക്ക് ഏറെ വിലമതിക്കുന്ന അറബ് സമൂഹത്തിന് ബന്ധങ്ങൾ പഴയപടി ആവുകകൂടിയാണ് ഉപരോധം പിൻവലിക്കപ്പെട്ടതിലൂടെ സാധ്യമാകുന്നത്. കര, വ്യോമ, ജലപാതകൾ തുറന്നുകൊടുക്കാനാണ് സൗദിയിലെ അൽഉലയിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ അന്തിമ തീരുമാനമായിരിക്കുന്നത്. ഐക്യദാര്ഢ്യവും സ്ഥിരതയുമുള്ള കരാറാണ് ഗൾഫ് നേതാക്കൾ ഒപ്പിട്ടിരിക്കുന്നതെന്നാണ് സൗദി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞിരിക്കുന്നത്. ദോഹയിൽനിന്ന് 95 കിലോമീറ്റർ അകലത്തിലാണ് അബൂസംറ അതിർത്തിയുള്ളത്. 2017 ജൂൺ അഞ്ചിനാണ് സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കുന്നത്. ഇതിന് തൊട്ടുമുമ്പുവരെ ഇൗ അതിർത്തിയിലൂടെയാണ് മറ്റു രാജ്യങ്ങളിൽനിന്ന് അവശ്യവസ്തുക്കൾ ഖത്തറിലേക്ക് എത്തിയിരുന്നത്.
ആയിരക്കണക്കിന് ആളുകൾ ദിനേന സൗദിയിലേക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും ഇതുവഴി പോയിരുന്നു. വിവിധ ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർ അവധി ദിനങ്ങളിൽ കുടുംബാംഗങ്ങളെ സന്ദർശിക്കാനും മറ്റും ഉപയോഗിച്ച പാതകൂടിയാണിത്. ഉപരോധം വന്നയുടൻ ഈ അതിർത്തി അടച്ചതോടെ ദൈനംദിന ജീവിതംതന്നെ പ്രതിസന്ധിയിലാകുകയായിരുന്നു. ഇറാെൻറയും തുർക്കിയുടെയും സഹായത്തോടെ ആകാശമാർഗമാണ് പിന്നീട് ഖത്തറിലേക്ക് അവശ്യവസ്തുക്കൾ എത്തിയിരുന്നത്.
സൗദി എംബസി അടക്കം അടച്ചുപൂട്ടിയതോടെ നാലു വർഷമായി ഖത്തറിലുള്ളവർക്ക് ഹജ്ജ്, ഉംറ തീർഥാടനവും തടസ്സപ്പെട്ടിരുന്നു. അബൂസംറ അതിർത്തിയിലെ എമിഗ്രേഷൻ ഓഫിസുകളടക്കമുള്ളവ തുറക്കുന്നതോടെ ചരക്കുനീക്കമടക്കം പഴയപടിയാകും. സാമ്പത്തിക മേഖലയിലടക്കം ഉപരോധം തീർത്ത പ്രതിസന്ധികൾക്കുകൂടിയാണ് പരിഹാരമാകുന്നത്. 2022ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് നേരിട്ട് കാണാൻ ഗൾഫിലെ ഫുട്ബാൾ ആരാധകർക്ക് കൂടുതൽ സൗകര്യവുമാണ് തുറന്നുകിട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.