പ്രവാസിക്ഷേമപദ്ധതി നടത്തിപ്പിന് പ്രത്യേക സംവിധാനമൊരുക്കണം –ജെ.കെ മേനോൻ
text_fieldsദോഹ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കുവേണ്ടി പ്രഖ്യാപിക്കുന്ന പദ്ധതികള്‍ മുഴുവന്‍ ആളുകളിലേക്കും എത്തിക്കുന്നതിനായി പ്രത്യേക സംവിധാനമൊരുക്കണമെന്ന് നോര്‍ക്ക ഡയറക്ടറും, ബഹ്സാദ് ഗ്രൂപ് ചെയര്‍മാനുമായ ജെ.കെ. മേനോന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
നവ കേരളം മിഷെൻറ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത വിഡിയോ കോണ്‍ഫറന്‍സില്‍ സംസരിക്കുകയായിരുന്നു ഖത്തറിലെ ബിസിനസ് പ്രമുഖനായ അദ്ദേഹം. ക്ഷേമപദ്ധതികള്‍, സാമ്പത്തികസഹായങ്ങള്‍ തുടങ്ങിയവ നടപ്പാക്കുന്നതിന് പ്രത്യേക വകുപ്പ്, അല്ലെങ്കിൽ പ്രത്യേക ടീം രൂപവത്കരിക്കണം. നിപ, പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധികളിൽ പ്രവാസികൾക്കടക്കം പിണറായി സർക്കാർ തണലേകി. ഒഴിഞ്ഞു കിടക്കുന്ന കൃഷിഭൂമികളില്‍ പാട്ടം വ്യവസ്ഥയില്‍ കൃഷി നടത്താനുള്ള പദ്ധതി നിലവില്‍ സര്‍ക്കാറിനുണ്ട്. അതില്‍ പ്രവാസികളെ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ നടപടികൾ ഉണ്ടാകണം. നിരവധി പ്രവാസികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുണ്ട്.
അവിടേക്കാവശ്യമായ കാര്ഷികോല്പന്നങ്ങള് കയറ്റുമതി ചെയ്യാന്‍ ഇതുവഴി സാധിക്കും. വിദേശരാജ്യങ്ങളിലേതിന് സമാനമായ ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ കേരളത്തിൽ ആരംഭിക്കണം. പ്രവാസി പുനരുദ്ധാരണ പാക്കേജിനൊപ്പം കൈക്കോര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്കിയാല് അമേരിക്ക, യു.കെ, ഗള്‍ഫ് മേഖലയിലെ മലയാളികളായ പ്രഫഷനലുകള്‍ക്ക് കേരളത്തില്‍ ഇത്തരം വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നോര്‍ക്ക വൈസ് ചെയര്‍മാനും, ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ. യൂസുഫലി, നോര്‍ക്ക ഡയറക്ടറും ആര്.പി ഗ്രൂപ് സി.ഇ.ഒയുമായ ഡോ. രവിപിള്ള, നോര്‍ക്ക ഡയറക്ടറും ആസ്റ്റര്‍ ഗ്രൂപ് ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്, നോര്‍ക്ക ഡയറക്ടര്‍മാരായ ഒ.വി. മുസ്തഫ, സി.വി. റപ്പായി, ഗള്‍ഫാര്‍ ഗ്രൂപ് ചെയര്മാന് പി. മുഹമ്മദലി, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ് എം.ഡി അദീബ് അഹമ്മദ് തുടങ്ങിയവരും വിവിധ രാജ്യങ്ങളില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.