ഇഹ്തിറാസിൽ രോഗമുക്തർക്ക് പ്രത്യേക അടയാളം
text_fieldsദോഹ: കോവിഡ് മുക്തരായവർക്ക് ഗ്രീൻ സ്റ്റാറ്റസും പ്രത്യേക ഐക്കണും പ്രദർശിപ്പിക്കുന്ന പുതിയ അപ്ഡേഷനുമായി ഇഹ്തിറാസ് ആപ്ലിക്കേഷനിൽ പുതിയ മാറ്റങ്ങൾ.
പൊതുജനാരോഗ്യ മന്ത്രാലയമാണ് പുതിയ മാറ്റങ്ങൾ അറിയിച്ചത്.
ഇതുപ്രകാരം, കോവിഡ് ഭേദമായവരുടെ രോഗമുക്തിയുടെ തീയതി ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഇഹ്തിറാസിൽ തെളിയും. ഗ്രീൻ സ്റ്റാറ്റസും ലഭ്യമാവും.
കോവിഡ് ഭേദമായി ഒമ്പത് മാസം വരെ ഇവർക്ക് പ്രതിരോധശേഷി ആർജിച്ചതിന്‍റെ സ്റ്റാറ്റസ് ലഭ്യമാവും.
അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിൽനിന്നുള്ള കോവിഡ് പരിശോധനാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും കോവിഡ് രോഗമുക്തൻ എന്ന സ്റ്റാറ്റസ് നൽകുക. എന്നാൽ, റാപിഡ് ആന്‍റിജെൻ സെൽഫ് ടെസ്റ്റ് കിറ്റിലെ ഫലം പരിഗണിക്കില്ല.
കോവിഡ് ഭേദമായി ഒമ്പത് മാസം വരെ വാക്സിനേറ്റഡായ വ്യക്തികൾക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങൾക്കും അർഹരായിരിക്കും.
ഇഹ്തിറാസിൽ 'റിക്കവേഡ്' എന്ന ടിക്ക് മാർക്കിൽ രോഗം ഭേദമായതിന്‍റെ തീയതിയും അടയാളപ്പെടുത്തിയിരിക്കും.
വാക്സിൻ ഡോസ് മുഴുവനും സ്വീകരിച്ചിട്ടില്ലെങ്കിലും രോഗം ഭേദമായവർ ആണെങ്കിൽ ഒമ്പത് മാസം വരെ ഇവരെ 'വാക്സിനേറ്റഡ്' സ്റ്റാറ്റസിലാവും പരിഗണിക്കുക.
അതേസമയം, രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം കഴിയുകയും ബൂസ്റ്റർ ഡോസ് സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ ഇഹ്തിറാസിലെ 'ഗോൾഡ് ഫ്രെയിം' നഷ്ടമാവും. ഗോൾഡ് ഫ്രെയം വാക്സിനേറ്റഡ് സ്റ്റാറ്റസിനെയാണ് സൂചിപ്പിക്കുന്നത്.
ഇത് രോഗമുക്തർ എന്നതിന്‍റെ അടയാളമായി പരിഗണിക്കില്ലെന്നും മന്ത്രാലയം പുറത്തുവിട്ട കുറിപ്പിൽ അറിയിക്കുന്നു. പക്ഷേ, ഇഹ്തിറാസിൽ കാണുന്ന റിക്കവേഡ് സ്റ്റാറ്റസ് ഇവർക്ക് ഒമ്പത് മാസം വരെ ആനുകൂല്യങ്ങളെല്ലാം ലഭിക്കാൻ ഇടയാവും.
പുതിയ മാറ്റങ്ങൾ ലഭ്യമാവാൻ ആപ് സ്റ്റോർ വഴി ഇഹ്തിറാസ് അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.