കണ്ണീരൊപ്പാൻ ചെലവഴിച്ചത് 50 കോടി ഡോളറിലധികം
text_fieldsദോഹ: യുദ്ധവും ആഭ്യന്തര സംഘർഷങ്ങളും പ്രകൃതിദുരന്തങ്ങളും ദുരിതത്തിലാക്കിയ നാടുകളിലേക്കായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് (ക്യു.എഫ്.എഫ്.ഡി) 2023ൽ നൽകിയത് 50 കോടിയിലധികം ഡോളറിന്റെ ഗ്രാൻറുകൾ. ക്യു.എഫ്.എഫ്.ഡി അതിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പുറത്തുവിട്ടത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ദുരിതമനുഭവിക്കുന്ന സമൂഹങ്ങളുടെ ഉന്നമനത്തിനായി ഖത്തർ നടപ്പാക്കുന്ന വികസന, ദുരിതാശ്വാസ, മാനുഷിക സംരംഭങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ക്യു.എഫ്.എഫ്.ഡിക്ക് കീഴിൽ ധനസഹായമനുവദിക്കുന്നത്.
റിപ്പോർട്ട് പ്രകാരം വിദ്യാഭ്യാസ പദ്ധതികൾക്കായി ഒമ്പത് കോടിയിലധികം ഡോളറും, സാമ്പത്തിക വികസന പദ്ധതികൾക്കും സംരംഭങ്ങൾക്കുമായി അഞ്ചു കോടിയലധികവും വകയിരുത്തി. ആരോഗ്യ മേഖലയിൽ മൂന്ന് കോടിയിലധികം ഡോളറും മറ്റു ഗ്രാന്റുകളിലായി നാല് കോടിയിലധികം ഡോളറും ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് അനുവദിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിദ്യാഭ്യാസ മേഖലയിലെ പിന്തുണക്ക് ക്യു.എഫ്.എഫ്.ഡി 980 ദശലക്ഷം ഡോളർ നൽകിയതായും, ഇതിലൂടെ 65 രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് യുവാക്കളും കുട്ടികളും ഗുണഭോക്താക്കളായതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
2022ൽ ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ 77ാമത് സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഔദ്യോഗിക ചടങ്ങിൽ സംഘട്ടനങ്ങളിലും പ്രതിസന്ധികളിലും ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും പിന്തുണക്കായി വിമൻ ഇൻ കൊൺഫ്ലിക്ട് സോൺ സംരംഭത്തിനും ക്യു.എഫ്.എഫ്.ഡി തുടക്കം കുറിച്ചിരുന്നു.
ഒക്ടോബർ ഏഴ് മുതൽ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികൾക്കായി ഐക്യരാഷ്ട്രസഭയുടെ അഭയാർഥികൾക്കായുള്ള ദുരിതാശ്വാസ ഏജൻസിയിലേക്ക് 25 ദശലക്ഷം ഡോളർ ക്യു.എഫ്.എഫ്.ഡി വഴി ഖത്തർ അടിയന്തര സംഭാവന നൽകിയിരുന്നു. ഫലസ്തീൻ അഭയാർഥികളെയും മേഖലയിലെ മാനുഷിക വികസന പ്രവർത്തനങ്ങളെയും പിന്തുണക്കുന്ന യു.എൻ ഏജൻസിക്കുള്ള അടിയന്തര സഹായമായാണ് 25 ദശലക്ഷം ഡോളർ അനുവദിച്ചത്.
ഇത് കൂടാതെ ഈ വർഷം ജൂലൈ 25ന് ഷെൽട്ടറുകൾ, ശുചിത്വ ഉപകരണങ്ങളും സൗകര്യങ്ങളും എന്നിവയുൾപ്പെടെ 55 ടൺ അടിയന്തര മാനുഷിക സഹായവുമായി ഏഴ് ട്രക്കുകളാണ് ക്യു.എഫ്.എഫ്.ഡി ഫലസ്തീനിലേക്ക് അയച്ചത്. കോവിഡ് മഹാമാരിയുടെ കാലത്ത് 30ലധികം രാജ്യങ്ങൾക്കും അന്താരാഷ്ട്ര സംഘടനകൾക്കും ക്യു.എഫ്.എഫ്.ഡി സഹായം അനുവദിച്ചിരുന്നു. അവികസിത രാജ്യങ്ങളിൽ എല്ലാവർക്കും തുല്യനിലയിൽ വാക്സിനെത്തിക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്.
വാക്സിനുകൾ വികസിപ്പിക്കുന്നതിനും 90ലധികം വികസ്വര രാജ്യങ്ങൾക്ക് ന്യായമായും തുല്യമായും വാക്സിനുകൾ ലഭ്യമാക്കുന്നതിനുമായി കോവാക്സ് പോലുള്ള കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമായി 140 ദശലക്ഷണത്തിലധികം ഡോളറാണ് ക്യു.എഫ്.എഫ്.ഡി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.