സ്പോർട്സ് കാർഡിയോളജി: അസ്പറ്റാറും എച്ച്.എം.സിയും കൈകോർക്കുന്നു
text_fieldsദോഹ: സ്പോർട്സ് കാർഡിയോളജി പ്രോഗ്രാമിൽ അസ്പറ്റാർ – എച്ച്.എം.സി ക്ലിനിക്കൽ സ്പെഷലിസ്റ്റ് ഫെലോഷിപ് നൽകുന്നതിന്‍റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ ഹാർട്ട് ഹോസ്പിറ്റലും അസ്പറ്റാർ ഖത്തർ ഓർത്തോപീഡിക് ആൻഡ് സ്പോർട്സ് മെഡിസിൻ ഹോസ്പിറ്റലും തമ്മിൽ സഹകരണ കരാറിൽ ഒപ്പുവെച്ചു.
ഖത്തറിലെയും മേഖലയിലെയും രോഗികൾക്കും പ്രത്യേകിച്ച് അത്ലറ്റുകൾക്കും പ്രയോജനം നൽകുന്നതിന് സ്പോർട്സ് കാർഡിയോളജി വിഭാഗത്തിൽ കൂടുതൽ വൈദഗ്ധ്യം വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഹൃദ്രോഗ വിഭാഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട സബ് സ്പെഷാലിറ്റിയായി സ്പോർട്സ് കാർഡിയോളജി മാറുന്ന സാഹചര്യത്തിലാണ് എച്ച്.എം.സി ഹാർട്ട് ഹോസ്പിറ്റലും അസ്പറ്റാറും കൈകോർക്കുന്നത്.
വ്യായാമത്തിലേർപ്പെടുന്ന വ്യക്തികളെയും അത്ലറ്റുകളെയും സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട വിഭാഗം കൂടിയാണ് സ്പോർട്സ് കാർഡിയോളജി. ഈ വിഭാഗത്തിന്‍റെ സേവനം തേടുന്ന അത്ലറ്റുകളുടെ എണ്ണം വർധിച്ചതായി അധികൃതർ നേരത്തേ സൂചിപ്പിച്ചിരുന്നു.
സ്പോർട്സ് കാർഡിയോളജിയിൽ അസ്പറ്റാറിന് ഏറെ പരിചയസമ്പത്ത് അവകാശപ്പെടാനാകുമെന്നും എച്ച്.എം.സി ഹാർട്ട് ഹോസ്പിറ്റലുമായുള്ള സഹകരണം തങ്ങളുടെ സ്പോർട്സ് കാർഡിയോളജി േപ്രാഗ്രാമിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സി.ഇ.ഒ ഡോ. അബ്ദുൽ അസീസ് അൽ കുവാരി പറഞ്ഞു. സ്പോർട്സ് കാർഡിയോളജി വിഭാഗത്തിൽ യുവ ഡോക്ടർമാർക്ക് കൂടുതൽ അവസരം നൽകുന്നതാണ് അസ്പറ്റാറുമായി ചേർന്നുള്ള ഫെലോഷിപ് പ്രോഗ്രാമെന്ന് എച്ച്.എം.സി മെഡിക്കൽ വിദ്യാഭ്യാസ വിഭാഗം മേധാവിയും ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫിസറുമായ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ പറഞ്ഞു.
എച്ച്.എം.സിയും അസ്പറ്റാറും തമ്മിലുള്ള പങ്കാളിത്തം രോഗികൾക്കും അത്ലറ്റുകൾക്കും ക്ലിനിഷ്യൻസിനും കൂടുതൽ പ്രയോജനപ്പെടുമെന്നും ഏറ്റവും മികച്ച മെഡിക്കൽ സംവിധാനങ്ങളും ഉപകരണങ്ങളുമാണ് ഹാർട്ട് ഹോസ്പിറ്റലിനുള്ളതെന്നും മെഡിക്കൽ ഡയറക്ടർ ഡോ. നിദാൽ അസ്അദ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.