‘ഖത്തറിൽ കായിക നവോത്ഥാനം; 2026 ലോകകപ്പ് യോഗ്യത വിദൂരമല്ല’
text_fieldsദോഹ: ചരിത്രത്തിലെ ഏറ്റവും മികച്ച ഏഷ്യൻ കപ്പ് ഫുട്ബാളിന് വിജയകരമായി വേദിയൊരുക്കിയതിനു പിന്നാലെ, ഖത്തറിന്റെ കായിക കുതിപ്പും സ്വപ്നങ്ങളും പങ്കുവെച്ച് കായിക യുവജനകാര്യ മന്ത്രിയും ടൂർണമെന്റ് പ്രാദേശിക സംഘാടക സമിതി ചെയർമാനുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി. ഖത്തർ ഫുട്‌ബാൾ ചരിത്രത്തിലെ നാഴികക്കല്ലാണ് കിരീട നേട്ടത്തിലൂടെ ദേശീയ ടീം സ്വന്തമാക്കിയതെന്നും ബീൻ സ്പോർട്സിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിലുള്ള ഖത്തർ ഭരണകൂടം എല്ലാ തലങ്ങളിലും രാജ്യത്തെ കായിക നവോത്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നു. അതിൽ അടിസ്ഥാന സൗകര്യങ്ങൾ മുതൽ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പതിപ്പുകളിലൊന്ന് സംഘടിപ്പിക്കുന്നതുവരെ ഉൾപ്പെടുന്നു.
അമീറിന്റെ കായിക മേഖലയിലുള്ള താൽപര്യവും കായിക താരങ്ങൾക്ക് അദ്ദേഹം നൽകുന്ന പരിധിയില്ലാത്ത പിന്തുണയും കായിക കുതിപ്പിൽ കരുത്താണെന്ന് പ്രത്യേക അഭിമുഖത്തിൽ ശൈഖ് ഹമദ് പറഞ്ഞു.മികച്ച ഭരണകൂടത്തിന്റെ പിന്തുണയോ അംഗീകാരമോ ഇല്ലാതെ വിവിധ കായിക ഇനങ്ങളിൽ ഖത്തരി അത്‌ലറ്റുകൾക്കും ടീമുകൾക്കും ഈ നാഴികക്കല്ലുകൾ പിന്നിടാൻ കഴിയുമായിരുന്നില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു.‘തൊണ്ണൂറുകളുടെ തുടക്കത്തിലാണ് യുവാക്കളെ കായിക മേഖലയിലേക്ക് പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള ഫുട്‌ബാൾ താരങ്ങളെ ഖത്തറിലേക്ക് ആകർഷിക്കുന്നതിനുമുള്ള പദ്ധതി ആരംഭിച്ചത്. 2004ൽ ആസ്പയർ അക്കാദമിയുടെ ആദ്യഘട്ടം അവിടെ ആരംഭിക്കുകയായിരുന്നു. 15 വർഷത്തിനു ശേഷം ഖത്തർ ഏഷ്യൻ കപ്പ് കിരീടത്തിൽ ആദ്യമായി മുത്തമിടുകയും 2023ൽ രാജ്യം കിരീടം നിലനിർത്തുകയും ചെയ്തു. ഇതിനിടെ നിരവധി ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ രാജ്യം പങ്കെടുത്തു. പ്രകടനം തുടർന്നാൽ വരാനിരിക്കുന്ന ലോകകപ്പിലേക്കുള്ള ഖത്തറിന്റെ യോഗ്യത വിദൂരമല്ല’ -അദ്ദേഹം പറഞ്ഞു.‘ഏഷ്യൻ കപ്പ് 2023 രണ്ട് രീതിയിൽ ഖത്തറിന് നേട്ടമായിരുന്നു. ഏഷ്യൻ കപ്പ് ചരിത്രത്തിലെ മികച്ച പതിപ്പ് സംഘടിപ്പിക്കാൻ ഖത്തറിന് സാധിച്ചുവെന്നതാണ് ഒന്നാമത്.
സ്വന്തം നാട്ടിൽ കിരീടം നേടാൻ ഖത്തർ ടീമിന് കഴിഞ്ഞുവെന്നതാണ് രണ്ടാമത്തെ നേട്ടം. രണ്ട് നേട്ടങ്ങൾക്കുപിന്നിൽ പ്രവർത്തിച്ചവർക്കും നന്ദി അറിയിക്കുകയാണ്. ടൂർണമെന്റ് വിജയത്തിന്റെ പകുതിയും ഖത്തർ ലോകകപ്പിനായി നീക്കിവെച്ച അടിസ്ഥാന സൗകര്യങ്ങളുടെ പിന്തുണയോടെയായിരുന്നു. ഖത്തരി ആരാധകരും ടൂർണമെന്റ് വിജയത്തിൽ നിർണായകമായി. കടുത്ത വെല്ലുവിളികൾക്കിടയിലൂടെ ആതിഥേയരായി ടൂർണമെന്റിനെത്തിയ ദേശീയ ടീം എല്ലാ പ്രതിസന്ധികളും മറികടന്ന് കിരീടം നേടി. അവരിൽ വലിയ വിശ്വാസമുണ്ട്.പ്രമുഖ ടീമുകളെ അട്ടിമറിച്ച് എ.എഫ്.സി ഏഷ്യൻ കപ്പ് ഖത്തറിന്റെ കലാശപ്പോരിലേക്ക് കുതിച്ച ജോർഡനും അഭിനന്ദനം അർഹിക്കുന്നു’ -ശൈഖ് ഹമദ് പറഞ്ഞു.
കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ ഖത്തർ ലോകത്തിന് മാതൃകയായിരിക്കുകയാണെന്നും ഖത്തറിൽ നടക്കുന്ന ഏതൊരു ടൂർണമെന്റും ചാമ്പ്യൻഷിപ്പും ലോകം പ്രതീക്ഷയോടെയാണ് നോക്കുന്നതെന്നും വിശദീകരിച്ചു. ലോകകപ്പ് ഖത്തറിനെതിരായ കുപ്രചാരണങ്ങളെക്കൂടിയാണ് ഇല്ലാതാക്കിയതെന്ന് സൂചിപ്പിക്കുകയും ചെയ്തു. 2030, 2034 ലോകകപ്പുകൾക്ക് വേദിയാകുന്ന മൊറോക്കോ, സൗദി അറേബ്യ എന്നിവർക്ക് മെഗാ ഇവന്റുകൾ സംഘടിപ്പിക്കുന്നതിലെ കഴിവും വൈദഗ്ധ്യവും പകർന്നുനൽകാൻ ഖത്തർ തയാറാണെന്ന് അദ്ദേഹം പറഞ്ഞു. വൻകര, ദേശീയ ഫുട്‌ബാൾ അസോസിയേഷനുകളുമായുള്ള സ്‌പോർട്‌സ് ഡിപ്ലോമസി ചൂണ്ടിക്കാട്ടി, കോപ്പ അമേരിക്ക, ഗോൾഡ് കപ്പ്, 2022 ലോകകപ്പ് യൂറോപ്യൻ യോഗ്യതാ മത്സരങ്ങളിലും കളിക്കാൻ ഖത്തറിനായെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.