ബൂസ്റ്റർ ഡോസിന് മടിക്കരുത് –ആരോഗ്യ വിദഗ്ധർ
text_fieldsദോഹ: വരുംദിനങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം കൂടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യമേഖല പ്രത്യേകം സജ്ജമായതായി ഹമദ് മെഡിക്കൽ കോർപറേഷനിലെ ആരോഗ്യ വിദഗ്ധർ. പൊതുജനങ്ങൾ നിർബന്ധമായും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും സുരക്ഷ മുൻകരുതലുകൾ പാലിക്കണമെന്നും നിർദേശിച്ചു.
കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വർധിപ്പിച്ചതായി എച്ച്.എം.സി തീവ്രപരിചരണ വിഭാഗം ആക്ടിങ് ചെയർമാൻ ഡോ. അഹ്മദ് മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ 10 ദിവസങ്ങളിലായി 250ലധികം കോവിഡ് രോഗികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വിഡിയോ സന്ദേശത്തിൽ ഡോ. അഹ്മദ് മുഹമ്മദ് വ്യക്തമാക്കി.
കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി കമ്യൂണിക്കബ്ൾ ഡിസീസ് സെൻറർ, ഹസം മിബൈരിക് ജനറൽ ആശുപത്രി, ക്യൂബൻ ആശുപത്രി എന്നിവ സജ്ജമാണ്. രോഗികളുടെ എണ്ണം വർധിക്കുകയാണെങ്കിൽ മിസൈദ് ആശുപത്രി, റാസ് ലഫാൻ ആശുപത്രി എന്നിവയും കോവിഡ് രോഗ ചികിത്സക്കായി നീക്കിവെക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
രോഗികളുമായി ഇടപഴകുന്നത് ഒഴിവാക്കണമെന്നും മാസ്ക് എപ്പോഴും ധരിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും അതോടൊപ്പം സാമൂഹിക അകലം ഉൾപ്പെടെയുള്ള മറ്റു സുരക്ഷ മുൻകരുതലുകളും പാലിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളെ ഓർമിപ്പിച്ചു.
രാജ്യത്ത് കോവിഡ് കേസുകൾ പെരുകുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യരായവർ ഉടൻ വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്ന് മറ്റൊരു വിഡിയോ സന്ദേശത്തിൽ സി.ഡി.സി സാംക്രമികരോഗ വിഭാഗം അസോ. കൺസൽട്ടൻറ് ഡോ. അഹ്മദ് സഖൂത് പറഞ്ഞു. ആഗോളതലത്തിൽ തന്നെ രോഗികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. ഡെൽറ്റ വകഭേദത്തേക്കാൾ മൂന്നുമുതൽ ആറിരട്ടി വരെ വേഗത്തിൽ ഒമിക്രോൺ പടർന്നുപിടിക്കുന്നുണ്ട്. മഹാമാരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തിലെ ഓരോരുത്തർക്കും അവരുടേതായ ഉത്തരവാദിത്തമുണ്ടെന്നും സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് രോഗികൾ 998
ദോഹ: ഞായറാഴ്ച രാജ്യത്ത് സ്ഥിരീകരിച്ചത് 998 പുതിയ കേസുകൾ. ഒന്നര വർഷത്തിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. 2020 ജൂണിൽ പ്രതിദിന കേസുകൾ ആയിരം കടന്ന ശേഷം ഇതാദ്യമായാണ് തൊട്ടരികിലെത്തുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ രണ്ടാം തരംഗത്തിൽ പ്രതിദിന കേസുകളുടെ എണ്ണം 989ൽ എത്തിയതിനു ശേഷം ആദ്യമായാണ് ഈ കണക്കുകൾ മറികടക്കുന്നത്.
ഞായറാഴ്ച സ്ഥിരീകരിച്ചവരിൽ 636 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 362 പേർ വിദേശങ്ങളിൽനിന്ന് എത്തിയവരാണ്. 192 പേർ രോഗമുക്തി നേടി. അതേസമയം, ഒരു മരണവുമില്ലെന്നത് രോഗവ്യാപനത്തിനിടയിലും ആശ്വാസം പകരുന്നതാണ്.
5851 പേർ നിലവിൽ രോഗബാധിതരായുണ്ട്. ഞായറാഴ്ച 31,153 പേരെയാണ് പരിശോധിച്ചത്. നിലവിൽ 298 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 87 പേരെ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചതാണ്. ഐ.സി.യുകളിൽ 30 പേരും ചികിത്സയിലുണ്ട്. ഞായറാഴ്ച 4308 ഡോസ് വാക്സിൻ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.