കായിക ചരിത്രവും വിശേഷവുമായി സ്റ്റാമ്പ് പ്രദർശനം
text_fieldsദോഹ: കായികലോകത്തിന്റെ ചരിത്രവും കായിക ചാമ്പ്യൻഷിപ്പുകളും വിവരങ്ങളുമായി ഖത്തർ പോസ്റ്റിന്റെ 'സ്പോർട്സ് ഫോർ ആൾ' സ്റ്റാമ്പ് പ്രദർശനം. ലോകകപ്പിലേക്ക് മൂന്നു മാസത്തിൽ കുറഞ്ഞ കാത്തിരിപ്പ് മാത്രം നിൽക്കെയാണ് സ്റ്റാമ്പുകളുടെ വിപുലശേഖരം ഖത്തർ പോസ്റ്റ് കാഴ്ചക്കാരിലെത്തിക്കുന്നത്. ഖത്തറിലെ പ്രഥമ പോസ്റ്റേജ് സ്റ്റാമ്പുകളുടെ പ്രദർശനവും എക്സിബിഷനിലെ പ്രധാന ഇനമാണ്. ഖത്തർ സ്റ്റാമ്പ് സെൻററുമായി സഹകരിച്ച് നടത്തുന്ന പ്രദർശനം സെപ്റ്റംബർ നാലുവരെ തുടരും.
ലോകത്തുടനീളം പ്രധാന കായിക ചാമ്പ്യൻഷിപ്പുകളുമായും ടൂർണമെൻറുകളുമായും ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രത്യേക സ്റ്റാമ്പുകളുടെ ചരിത്രവും പ്രദർശനത്തിലുണ്ട്. ലോകകപ്പ് ഫുട്ബാളിനു പുറമേ ചെസ്, സ്വിമ്മിങ്, ഹാൻഡ്ബാൾ, ഫുട്ബാൾ, ടെന്നിസ്, ഫെൻസിങ്, സ്നോബോർഡിങ് തുടങ്ങിയ കായിക ചാമ്പ്യൻഷിപ്പുകളുമായി ബന്ധപ്പെട്ട സ്റ്റാമ്പുകളും പ്രദർശിപ്പിക്കുന്നു.
1930ൽ ആദ്യ ലോകകപ്പ് തുടങ്ങുന്നതിനു മുമ്പുതന്നെ കായിക മേഖലയുമായി സ്റ്റാമ്പുകൾക്ക് ബന്ധമുണ്ടെന്ന് സ്റ്റാമ്പ് കലക്ടറായ അബ്ദുറഹ്മാൻ അൽ ലൻജാവി ഖത്തർ വാർത്ത ഏജൻസിയോട് പറഞ്ഞു. 14 ഫ്രെയിമുകളിലായുള്ള പ്രദർശത്തിൽ ഓരോ െഫ്രയിമിലും വ്യത്യസ്ത കായിക സ്റ്റാമ്പുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഖത്തറിലെ പോസ്റ്റിന്റെ ചരിത്രം, സ്റ്റാമ്പ് ഹോബി തുടങ്ങിയവ സംബന്ധിച്ച വിശദീകരണവും പ്രദർശനത്തിനെത്തുന്നവർക്ക് ലഭിക്കും. വ്യത്യസ്ത സ്റ്റാമ്പുകളെ സന്ദർശകർക്ക് പരിചയപ്പെടാനും കാണാനുമുള്ള അവസരമാണ് പ്രദർശനം -ലൻജാവി കൂട്ടിച്ചേർത്തു.
ലോകത്തിൽ അറിയപ്പെടുന്ന എല്ലാ കായിക ഇനങ്ങളും സംബന്ധിച്ചുള്ള സ്റ്റാമ്പുകൾ സ്പോർട്സ് ഫോർ ആൾ എക്സിബിഷനിലുണ്ടെന്ന് സ്പോർട്സ്, ഹിസ്റ്റോറിക്കൽ സ്റ്റാമ്പ് കലക്ടറായ ഇസ്സ അൽ ഫഖറൂ പറഞ്ഞു. ഓരോ സ്റ്റാമ്പും ഓരോ കായിക ഇനത്തെയും കൂടുതൽ പരിചയപ്പെടുത്തുന്നതിനാൽ സന്ദർശകർക്ക് വ്യത്യസ്ത കായിക ഇനത്തെ സംബന്ധിച്ചും അവയുടെ ചരിത്രവും കൂടുതൽ അറിയാൻ സാധിക്കുന്നുവെന്നും അവർ വ്യക്തമാക്കി. ഖത്തർ ഫിഫ ലോകകപ്പ് 2022െൻറ പ്രമോഷനുമായി ബന്ധപ്പെട്ടാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.