ഫലസ്തീനുവേണ്ടി ഇന്ന് പന്തു തട്ടും
text_fieldsദോഹ: ഇസ്രായേൽ ആക്രമണത്തിൽ എല്ലാം തകർന്ന ഗസ്സക്ക് സഹായവുമായി ഖത്തർ ഫൗണ്ടേഷന് കീഴിലെ ഒരു സംഘം വിദ്യാർഥികൾ സംഘടിപ്പിക്കുന്ന ‘സ്റ്റാൻഡ് വിത്ത് ഫലസ്തീൻ’ ചാരിറ്റി മാച്ചിന് വെള്ളിയാഴ്ച എജുക്കേഷൻ സിറ്റി സ്റ്റേഡിയം സാക്ഷിയാവും. ഫൗണ്ടേഷനു കീഴിലെ ഖത്തർ അക്കാദമി ദോഹയാണ് വിവിധ കമ്യൂണിറ്റി പരിപാടികളും കളിയുമായി ഫലസ്തീനിലെ മനുഷ്യർക്ക് പിന്തുണയുമായി ഒരുമിക്കുന്നത്. വൈകുന്നേരം നാലിന് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന ഗേറ്റുകൾക്ക് തുറക്കും. ആറ് മണി മുതലാണ് പരിപാടികൾക്ക് തുടക്കമാവുന്നത്.
ഏഴ് മണിക്ക് ചാരിറ്റി സൗഹൃദ ഫുട്ബാൾ മത്സരത്തിന് കിക്കോഫ് കുറിക്കും. 40,000ത്തോളം പേർക്ക് ഇരിപ്പിട സൗകര്യമുള്ള സ്റ്റേഡിയത്തിൽ കാണികളുടെ പ്രവേശന ടിക്കറ്റിൽനിന്നുള്ള മുഴുവൻ വരുമാനവും ഗസ്സ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചാണ് ‘സ്റ്റാൻഡ് വിത്ത് ഫലസ്തീൻ’ സംഘടിപ്പിക്കുന്നത്. ഖത്തരി ഗായകരായ നാസർ അൽ ഖുബൈസി, ദാന അൽ മീർ, നിസ്മ തുടങ്ങിയവർ കാണികൾക്ക് മുന്നിലെത്തും.
30 മിനിറ്റ് വീതമുള്ള രണ്ട് പകുതികളിലായാണ് സൗഹൃദ ഫുട്ബാൾ മത്സരം. ഡ്രോൺ ഷോ, ഫലസ്തീനി ഗാനങ്ങൾ എന്നിവയടങ്ങിയ വിവിധ പരിപാടികളും മത്സരത്തിന് മുമ്പും ശേഷവുമായി തുടരും.
ദോഹ അക്കാദമി താരങ്ങൾ, ഫലസ്തീൻ സ്കൂൾ വിദ്യാർഥികൾ, ഖത്തർ ദേശീയ ടീം അംഗങ്ങൾ, അന്താരാഷ്ട്ര താരങ്ങൾ എന്നിവരാണ് ഇരു ടീമുകളിലുമായി അണിനിരക്കുന്നത്.
മുൻ ഖത്തർ ഫുട്ബാളർ ഇബ്രാഹിം അൽ ഗാനിം, മുൻ ഫലസ്തീനിയൻ ഫുട്ബാളർ അബ്ദുലതീഫ് ബഹ്ദരി, മൊറോക്കോ താരം സുഫിയാൻ ബൗഫൽ, മുൻ ബ്രസീൽ താരം അഫോൻസോ ആൽവസ്, സൗദി സൂപ്പർതാരം നാസർ അൽ ഷംറാനി, ഈജിപ്ഷ്യൻ ഗോൾ കീപ്പർ ഇസാം അൽ ഹദാരി, മൊറോക്കോ ഫുട്ബാളർ ബദ്ർ ബിനൗൻ, ബ്രസീൽ താരം ഫാബിയോ സിസർ, സ്പാനിഷ് ഫുട്ബാളർ ഹാവി മാർടിനസ്, ഖത്തരി സ്പോർട്സ് അവതാരകൻ മുഹമ്മദ് സാദുൻ അൽ കുവാരി തുടങ്ങിയവർ വ്യത്യസ്ത ടീമുകളിലായി അണിനിരന്നാവും ഫുട്ബാൾ മത്സരം അരങ്ങേറുന്നത്. കാണികൾക്ക് ക്യൂ ടിക്കറ്റ്സ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.