സ്റ്റാർസ് ലീഗ് ഫുട്ബാൾ; പരിശീലന മത്സരത്തിൽ മികച്ച പ്രകടനവുമായി ഖത്തരി ക്ലബുകൾ
text_fieldsദോഹ: ഖത്തർ ഒന്നാം ഡിവിഷൻ ഫുട്ബാൾ ലീഗായ സ്റ്റാർസ് ലീഗിന് മുന്നോടിയായി യൂറോപ്പിൽ പരിശീലന മത്സരങ്ങൾക്കിറങ്ങിയ ഖത്തർ ക്ലബുകൾ മികച്ച പ്രകടനം നടത്തുന്നു. സ്പെയിനിലെ മലാഗയിൽ പരിശീലനം നടത്തുന്ന നിലവിലെ സ്റ്റാർസ് ലീഗ് ചാമ്പ്യന്മാരായ അൽ സദ്ദ് ജിബ്രാൾട്ടർസ് മാഞ്ചസ്റ്ററിനെ ഏകപക്ഷീയമായ എട്ടു ഗോളിനാണ് കീഴടക്കിയത്.
ജൂലൈ ഒമ്പതിന് സ്പെയിനിലെത്തിയ ടീം 29 വരെ അവിടെ തുടരും. 19ന് ദക്ഷിണാഫ്രിക്കയിലെ ഒർലാൻഡോ പൈററ്റ്സുമായും 23ന് സ്പാനിഷ് ക്ലബായ യു.ഡി ലാസ് പാൽമാസുമായും 28ന് സ്പെയിനിലെ യു.ഡി അൽമേരിയയുമായും അൽ സദ്ദിന് സൗഹൃദ മത്സരമുണ്ട്. ഖത്തരി ക്ലബായ അൽ ദുഹൈൽ ഹംഗേറിയൻ ടീമായ കിസ്വർദ എഫ്.സിയെ 3-1ന് തോൽപിച്ചു. ഓസ്ട്രിയയിലാണ് അൽ ദുഹൈലിന്റെ പരിശീലന ക്യാമ്പ്. ആഗസ്റ്റ് ഒന്നിന് ടീം നാട്ടിലേക്ക് തിരിക്കും.
ജൂലൈ 19ന് ഓസ്ട്രിയയിലെ എസ്.കെ സ്റ്റം ഗ്രാസുമായും 24ന് യു.എ.ഇയിലെ ഇത്തിഹാദ് കൽബയുമായും 28ന് സൗദി ക്ലബായ അൽ ഖലീജുമായും 31ന് സൗദിയിലെ തന്നെ ദമാക് എഫ്.സിയുമായും അവർ ഏറ്റുമുട്ടും. നെതർലൻഡ്സിൽ ക്യാമ്പ് നടത്തുന്ന അൽ അഹ്ലി ക്ലബ് മൂന്നു സൗഹൃദ മത്സരം കളിക്കും. ജൂലൈ 20ന് പി.എസ്.വി ഐന്തോവന്റെ അണ്ടർ 23 ടീമുമായാണ് ആദ്യ മത്സരം. യു.എ.ഇയിലെ അൽ വാസിൽ, ബെൽജിയൻ ടീമായ ക്ലബ് ലോമൽ എന്നിവരുമായാണ് മറ്റു മത്സരങ്ങൾ.
ഖത്തർ സ്റ്റാർസ് ലീഗിൽ ഇത്തവണ ശക്തമായ മത്സരം നടക്കുമെന്നാണ് വിലയിരുത്തൽ. കരുത്തരായ വിദേശതാരങ്ങളെ ഉൾപ്പെടെ ടീമിലെത്തിച്ചും യൂറോപ്പിൽ ക്യാമ്പും പരിശീലന മത്സരങ്ങളും സംഘടിപ്പിച്ചും മികച്ച തയാറെടുപ്പാണ് ടീമുകൾ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.