ഒന്നിൽ തുടങ്ങി, ആയിരത്തിലും ഹോങ്കോങ്
text_fieldsഏഷ്യൻ കപ്പ് ഫുട്ബാളിലെ ഗോൾനേട്ടം ആയിരം തികച്ച് ഹോങ്കോങ് താരം
ദോഹ: ഒടുവിൽ ആ നാഴികക്കല്ലിലേക്ക് വലകുലുക്കാനുള്ള നിയോഗം ഖത്തറിൽനിന്നായിരുന്നു. 67 വർഷത്തെ ചരിത്രമുള്ള ഏഷ്യൻ കപ്പ് ഫുട്ബാളിലെ ആയിരാമത്തെ ഗോൾ ഏഴു പതിറ്റാണ്ടു നീണ്ട യാത്രക്കൊടുവിൽ ഖത്തറിൽ പിറന്നു. ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഗ്രൂപ് ‘സി’യിൽ യു.എ.ഇയും ഹോങ്കോങ്ങും തമ്മിലെ മത്സരത്തിന് വേദിയായ ഖലീഫ സ്റ്റേഡിയത്തിൽ കളിയുടെ 49ാം മിനിറ്റിൽ ഫിലിപ് ചാൻ നേടിയ ഗോളാണ് ചരിത്രമായിമാറിയത്. മത്സരത്തിൽ ഹോങ്കോങ് 3-1ന് തോറ്റെങ്കിലും 31കാരനായ ചാനും ഗോളും റെക്കോഡ് ബുക്കിൽ ഇടംപിടിച്ചു.
ആയിരാമത്തെ ഗോൾ എന്ന നേട്ടം ഹോങ്കോങ്ങിലേക്ക് പറന്നപ്പോൾ, 67 വർഷം മുമ്പ് വൻകര മേളയിലെ ആദ്യ ഗോളിനും അവകാശിയായത് മറ്റൊരു ഹോങ്കോങ്ങുകാരനായിരുന്നുവെന്നത് അപൂർവമായ ചരിത്രത്തിന്റെ ആവർത്തനമായി. 1956ലെ പ്രഥമ ടൂർണമെന്റിന് ഹോങ്കോങ്ങിലെ ഗവൺമെന്റ് സ്റ്റേഡിയം സാക്ഷിയായപ്പോൾ 30,000ത്തോളം കാണികൾക്കു നടുവിൽ കളിയുടെ 12ാം മിനിറ്റിൽ ഓ ചി യിൻ ആയിരുന്നു ഏഷ്യൻ കപ്പിലെ ആദ്യ ഗോളിന് അവകാശിയായത്. ഇസ്രായേലിനെതിരെയായിരുന്നു ടൂർണമെന്റിലെ ആദ്യ ഗോൾ പിറന്നത്.
1968ൽ അവസാനമായി ഏഷ്യൻ കപ്പിൽ കളിച്ച ഹോങ്കോങ് 56 വർഷം നീണ്ട ഇടവേളക്കുശേഷമാണ് വൻകര മേളയിലേക്ക് തിരികെ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ടൂർണമെന്റിൽ സ്കോർ ചെയ്യുന്ന ഒമ്പതാമത്തെ ഹോങ്കോങ്ങുകാരനാണ് ചാൻ. ഏഷ്യൻ കപ്പിലെ ഗോൾനേട്ടം മൂന്നക്കത്തിലേക്ക് എത്തുന്നത് 1972ലായിരുന്നു. കൊറിയയുടെ ലീ ഹോ ടിക് ആയിരുന്നു ടൂർണമെന്റിലെ 100ാം ഗോൾ കുറിച്ചത്. ചൈനയുടെ ക്വി ഹോങ്ക് 2000 ഏഷ്യൻ കപ്പ് സെമി ഫൈനലിൽ ജപ്പാനെതിരെ ലക്ഷ്യം കണ്ടുകൊണ്ട് ഗോളെണ്ണം 500 തികച്ചു. ഇവിടംവരെയെത്താൻ 44 വർഷമെടുത്തെങ്കിൽ, അടുത്ത 500 ഗോളിന് 24 വർഷമേ വേണ്ടിവന്നുള്ളൂ. 2019 യു.എ.ഇ ഏഷ്യൻ കപ്പിൽ ടൂർണമെന്റിൽ ആകെ പിറന്നത് 130 ഗോളുകളായിരുന്നു. ടീമുകളെ എണ്ണം കൂടിയതും, ആധുനിക സാങ്കേതികവിദ്യകൾ റഫറിയിങ്ങിൽ ഉപയോഗപ്പെടുത്തിയതുമെല്ലാം ഗോൾമഴക്ക് വഴിയൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.