സ്റ്റുഡൻറ്സ് ഇന്ത്യ ബുക്ക് ബാങ്ക് പുസ്തകശേഖരണത്തിന് തുടക്കം
text_fieldsദോഹ: തുടർച്ചയായ 11ാം വർഷത്തിലും വിദ്യാർഥികളുടെ പുസ്തക ശേഖരണത്തിനും കൈമാറ്റത്തിനും അവസരമൊരുക്കി സ്റ്റുഡന്‍റ്സ് ഇന്ത്യ ബുക്ക് ബാങ്ക്. പുസ്തക ശേഖരണത്തിന് കഴിഞ്ഞദിവസം തുടക്കം കുറിച്ചു. ഉപയോഗിച്ച സ്കൂൾ പാഠപുസ്തകങ്ങൾ വിദ്യാർഥികളിൽനിന്ന് ശേഖരിച്ച് വ്യവസ്ഥാപിതമായി വേർതിരിച്ചശേഷം ആവശ്യക്കാർക്ക് വിതരണം ചെയ്യുകയാണ് ബുക്ക് ബാങ്കിന്‍റെ പ്രവർത്തനം. 2011ൽ ലളിതമായ രീതിയിൽ പുസ്തക ശേഖരണവും വിതരണവുമായി പ്രവർത്തനമാരംഭിച്ച സംരംഭം, ചുരുങ്ങിയ കാലംകൊണ്ടുതന്നെ മാതൃകാപരമായ സംവിധാനമായി വിപുലമായി.
പാഠപുസ്തകങ്ങൾക്ക് വലിയ വിലയാവുന്നത് പരിഗണിച്ച് രക്ഷിതാക്കൾക്ക് ആശ്വാസമെന്ന നിലയിലായിരുന്നു ബുക്ക് ബാങ്കിന്‍റെ തുടക്കം. കുട്ടികളൾക്കിടയിൽ പരസ്പര സഹകരണ ശീലം വളർത്തുകയും പദ്ധതിയുടെ പ്രാരംഭ ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് സംഘാടകർ പറഞ്ഞു. ഏറെ സ്വീകാര്യത ലഭിച്ച സംവിധാനത്തിൽ പുസ്തകങ്ങൾ അന്വേഷിച്ചുകൊണ്ട് കുട്ടികളും രക്ഷിതാക്കളും രംഗത്തുവരുന്നതായി സംഘാടകർ പറഞ്ഞു. ഇത് കോവിഡ് കാലത്ത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഏറെ ഉപകാരപ്രദവുമായി.
ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങളുടെ ശേഖരണം മാർച്ച് 20 മുതൽ 23 വരെയുള്ള ദിവസങ്ങളിലും വിതരണം 24 മുതൽ 27 വരെയും നടക്കും. ഓൾഡ് എയർപോർട്ടിലുള്ള യൂത്ത് ഫോറം ഓഫിസിൽ വൈകീട്ട് അഞ്ചു മുതൽ ഒമ്പതു വരെയാണ് സ്റ്റുഡൻറ്സ് ഇന്ത്യ ബുക്ക് ബാങ്ക് പ്രവർത്തിക്കുക. യൂത്ത് ഫോറം ഖത്തറിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റുഡൻറ്സ് ഇന്ത്യയുടെ ബുക്ക് ബാങ്ക് ഓരോ വർഷവും നിരവധി വിദ്യാർഥികളാണ് പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 77058309 എന്ന നമ്പറിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.