വിസ-താമസ നിയമ ലംഘകർക്ക് സ്റ്റാറ്റസ് നിയമവിധേയമാക്കൽ സമയം നീട്ടി; ഖത്തറിൽ ഏപ്രിൽ 30 വരെ സമയം
text_fieldsദോഹ: ഖത്തറിലെ വിസ-താമസ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി രാജ്യത്ത് തുടരുന്ന പ്രവാസികൾക്ക് നിയമവിധേയമാവാനുള്ള ഗ്രേസ് പിരീഡ് ആനുകൂല്യങ്ങൾ ഏപ്രിൽ 30 വരെ നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം. മാർച്ച് 31ന് അവസാനിച്ച ഇളവുകളാണ് ഒരുമാസത്തേക്കുകൂടി നീട്ടാൻ തീരുമാനമായത്. കഴിഞ്ഞവർഷം ഒക്ടോബർ 10ന് ആരംഭിച്ച ഗ്രേസ് പിരീഡ് രണ്ടാംതവണയാണ് പ്രവാസികൾക്ക് ഉപയോഗപ്പെടുത്താനായി ദീർഘിപ്പിക്കുന്നത്. നേരത്തെ ഡിസംബർ 31ന് അവസാനിച്ചതിനു പിന്നാലെ മാർച്ച് 31ലേക്ക് നീട്ടുകയായിരുന്നു.
ഒരു മാസം മുമ്പുള്ള കണക്കുകൾ പ്രകാരം 14,000 പേരാണ് ഗ്രേസ് പിരീഡിന്‍റെ ഇളവുകൾ ഉപയോഗപ്പെടുത്തിയത്. 28,000 അപേക്ഷകൾ ലഭിച്ചപ്പോൾ 8227 പേർ തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങി. 6000 പേർ നടപടികൾ പൂർത്തിയാക്കിയശേഷം രാജ്യത്തുതന്നെ തുടരുന്നുവെന്നാണ് കണക്ക്. വിസ, റസിഡന്‍റ് നിയമങ്ങൾ ലംഘിച്ച് തുടരുന്നവർക്ക് സ്റ്റാറ്റസ് നിയമവിധേയമാക്കി രാജ്യത്ത് തുടരാനും തൊഴിലുടമയെ മാറാനും നിയമവിധേയമായി രാജ്യംവിടാനും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഗ്രേസ് പിരീഡിന്‍റെ ഭാഗമായി ലഭിക്കും. ഇതിന് പുറമെ, പിഴകളിൽ 50 ശതമാനം വരെ ഇളവുകളും ലഭിക്കും.
നിലവിലുള്ള തൊഴിലുടമയുടെ കീഴിൽ റസിഡൻസ് പെർമിറ്റ് ഇഷ്യൂ ചെയ്യാനും പുതുക്കാനുമുള്ള സെറ്റിൽമെന്‍റ് അപേക്ഷകൾ 13 സേവനകേന്ദ്രങ്ങളിൽ എവിടെയെങ്കിലും സമർപ്പിക്കാം. അൽ ഷമാൽ, അൽ ഖോർ, അൽ ദായിൻ, ഉംസലാൽ, പേൾ, ഉനൈസ, സൂഖ് വാഖിഫ്, അൽ റയ്യാൻ, ഉം സിനൈം, അൽ ഷഹാനിയ, മിസൈമീർ, അവക്റ, ദുഖാൻ എന്നിവിടങ്ങളിലെ മന്ത്രാലയം കേന്ദ്രങ്ങളിൽ ഈ സൗകര്യം ലഭ്യമാവും. നിലവിൽ തൊഴിലുടമയിൽനിന്ന് മറ്റൊരു തൊഴിലുടമയിലേക്ക് സ്പോൺസർഷിപ് മാറേണ്ട പ്രവാസികൾ സെർച്ച് ആൻഡ് ഫോളോഅപ് ഓഫിസിലോ, ഉമ്മു സലാല്‍, ഉമ്മു സുനൈം (ഇൻഡസ്ട്രിയൽ എരിയ), മിസൈമീര്‍, അല്‍ വക്ര, അല്‍ റയ്യാന്‍ എന്നിവടങ്ങളിലെ സർവിസ് സെന്‍ററുകളിലോ എത്താവുന്നതാണ്. ഏപ്രിൽ 30 വരെ ഉച്ച ഒന്നു മുതൽ വൈകീട്ട് അഞ്ചു വരെയണ് പ്രവർത്തന സമയം.
ആർക്കൊക്കെ ഈ അവസരം?
റസിഡൻറ് പെർമിറ്റ് ഇല്ലാത്തവരും ആർ.പിയുടെ കാലാവധി കഴിഞ്ഞ് 90 ദിവസം പൂർത്തിയാക്കിയിട്ടും പുതുക്കാത്തവരും തൊഴിൽ ദാതാവിന്‍റെ പരാതിയില്ലെങ്കിൽ അവസരം ഉപയോഗപ്പെടുത്തി നിയമവിധേയമാവാം. തൊഴിലുടമയുടെ പരാതിയുള്ളവർക്ക്, കേസ് ഫയൽ ചെയ്ത് 30 ദിവസത്തിനുള്ളിലാണെങ്കിൽ എസ്.എഫ്.ഡിയിലെത്തി നിയമ നടപടികളൊന്നുമില്ലാതെ തന്നെ രാജ്യത്തേക്ക് മടങ്ങാം. ഇവർക്ക് മറ്റു വിസകളിൽ തിരികെ ഖത്തറിലെത്തുന്നതിന് തടസ്സമുണ്ടാകില്ല. കുടുംബ വിസയിലും സന്ദർശക വിസയിലും കാലാവധി കഴിഞ്ഞവർക്ക് അവസരം ഉപയോഗപ്പെടുത്താം.
തൊഴിലുടമയിൽനിന്ന് ഒളിച്ചോടി നിയമലംഘനം നടത്തിയ വിദേശികൾ, പരാതി ഫയൽ ചെയ്ത് 30 ദിവസം പിന്നിട്ടവരാണെങ്കിലും എസ്.എഫ്.ഡിയിലെത്തി നാട്ടിലേക്ക് മടങ്ങാം. എന്നാൽ, ഈ വിഭാഗം ഖത്തറിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നെങ്കിൽ മതിയായ നഷ്ടപരിഹാരം ഉൾപ്പെടെ നിയമപരമായ ബാധ്യതകൾ തീർക്കണം. ആർ.പി റദ്ദാക്കി, 90 ദിവസം കഴിഞ്ഞ പ്രവാസികൾക്ക് നിയമപരമായ പിഴത്തുക അടച്ചുതീർപ്പാക്കിയ ശേഷം രാജ്യത്ത് തിരികെ പ്രവേശിക്കാൻ അനുവാദം നൽകും. ഇതിനുപുറമെ, 18 വയസ്സിനു താഴെയുള്ളവരാണെങ്കിൽ അനധികൃത താമസക്കാരെങ്കിൽ, നിയമനടപടികളോ മറ്റോ നേരിടേണ്ട. ഇവർക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കാനും വിലക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.