മൂന്ന് ടണ്ണിലധികം ചെമ്മീനുകൾ പിടിച്ചെടുത്തു; അനധികൃത മത്സ്യബന്ധനത്തിനെതിരെ നടപടി ശക്തമാക്കി
text_fieldsമസ്കത്ത്: നിരോധന കാലയളവിൽ ചെമ്മീൻ പിടിച്ചതിന് നടപടിയുമായി അധികൃതർ. മസ്കത്ത് ഗവർണറേറ്റിൽ മൂന്ന് ടണ്ണിലധികം ചെമ്മീനുകളാണ് പിടിച്ചെടുത്തതെന്ന് കൃഷി, ഫിഷറീസ് സമ്പത്ത്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. രാജ്യത്ത് ചെമ്മീൻ പിടിക്കുന്നതിന് ഡിസംബർ ഒന്നു മുതൽ അടുത്തവർഷം ആഗസ്റ്റ് 31വരെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ചെമ്മീനുകളുടെ പ്രജനന കാലയളവും വളർച്ചയും പരിഗണിച്ചാണ് ഈ മാസങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.അനധികൃത മത്സ്യബന്ധനത്തിനെതിരെ ശക്തമായ നടപടികളാണ് വിവിധ ഗവർണറേറ്റുകളിൽ ഫിഷറീസ് കൺട്രോൾ ടീം അടുത്തിടെ എടുത്തുകൊണ്ടിരിക്കുന്നത്. നവംബറിൽ 317 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 45 വിദേശ തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മത്സ്യബന്ധന ലൈസൻസ് ചട്ടങ്ങൾ തെറ്റിച്ചതിന് 208 കേസുകളും എടുത്തു.
ബോട്ടുകൾ, എൻജിനുകൾ, വലകൾ, മറ്റു മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ 207 ഇനങ്ങളാണ് പിടിച്ചെടുത്തത്. ആകെ 276.7 കിലോഗ്രാം മത്സ്യം കണ്ടുകെട്ടിയതായും മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഡിസംബർ 26ന് ദോഫാറിലെ ധൽകുട്ട് വിലായത്തിൽ നിരോധിത കാലയളവിൽ ചെമ്മീനുകൾ പിടിച്ചതിന് രണ്ടുപെരെ അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാർഡ് പൊലീസ്, ദോഫാറിലെ ഫിഷറീസ് കൺട്രോൾ ടീമുമായി സഹകരിച്ചാണ് ഇവരെ പിടികൂടുന്നത്. ചെമ്മീനുകൾ കണ്ടുകെട്ടുകയും ഇവർക്കെതിരെ നിയമ നടപടികൾ എടുക്കുകയും ചെയ്തു.22ന് അൽ വുസ്തയിലെ ഫിഷറീസ് കൺട്രോൾ ടീം ദുകം വിലായത്തിൽനിന്ന് ലൈസൻസില്ലാത്ത മൂന്ന് മത്സ്യബന്ധന ബോട്ടുകളും അനധികൃത വലകളും പിടിച്ചെടുത്തു. 20ന് ഹലാനിയത്ത് ദ്വീപിന് സമീപം അറബിക്കടലിൽ അനധികൃത വല ഉപയോഗിച്ച് മത്സ്യബന്ധനത്തിലേർപ്പെട്ട അഞ്ച് ബോട്ടുകളും ദോഫാറിലെ ഫിഷറീസ് കൺട്രോൾ ടീം പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.